പാലക്കാട്: കേരളത്തിന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങളിൽ വെഹിക്ക്ൾ-ടു-ഗ്രിഡ് (വി ടു ജി) സാങ്കേതികവിദ്യ കൊണ്ടുവരാൻ കെ.എസ്.ഇ.ബിയും അനെർട്ടും. സംസ്ഥാനത്തിന്റെ മാതൃകാ പദ്ധതിയെന്ന നിലയിൽ കെ.എസ്.ഇ.ബിയുടെ വെഹിക്ക്ൾ ടു ഗ്രിഡ് ( വി ടു ജി) പദ്ധതിയുടെ പരീക്ഷണ നടത്തിപ്പ് ബോംബെ ഐ.ഐ.ടി തുടങ്ങി.
വൈദ്യുതി ചെലവ് കുറഞ്ഞ പകൽ വ്യക്തികൾക്ക് സ്വന്തം സോളാർ ഗ്രിഡിൽനിന്ന് ഇ.വി വാഹനത്തിലെ ബാറ്ററിയിലേക്ക് വൈദ്യുതി സ്വീകരിക്കുകയും പീക്ക് അവറായ വൈകീട്ട് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകി വരുമാനമുണ്ടാക്കുകയും ചെയ്യാവുന്ന പദ്ധതിയാണ് വെഹിക്ക്ൾ ടു ഗ്രിഡ് (വി ടു ജി).
ബാറ്ററികളിൽ സംഭരിച്ച ഊർജം, ഉയർന്ന ഡിമാൻഡുള്ള വൈകുന്നേരങ്ങളിൽ തിരികെ കൈമാറുന്നതു വഴി വൈദ്യുതിക്ഷാമം കുറക്കാനാകുമെന്നതും വൈദ്യുതി വാഹന ഉപഭോക്താക്കൾക്ക് വരുമാനമുണ്ടാക്കാൻ കഴിയുമെന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.
വൈദ്യുതവാഹനങ്ങളെ (ഇ.വി) പവർ ഗ്രിഡിലേക്ക് സംയോജിപ്പിക്കുകയും ദ്വിദിശ ഊർജപ്രവാഹം (ബൈ ഡയറക്ഷനൽ) സുഗമമാക്കുകയും ചെയ്യുന്നു.
രണ്ടു ലക്ഷ്യവും നിർവഹിക്കുന്ന രീതിയിലുള്ള ബൈ ഡയറക്ഷനൽ മോഡുലാർ പവർ യൂനിറ്റ് വാഹനത്തിനകത്ത് ഘടിപ്പിക്കും. ചാർജ് ചെയ്യാനും ഊർജം കൈമാറാനുമുള്ള ബൈ ഡയറക്ഷനൽ ചാർജറും ആവശ്യമാണ്.
വികേന്ദ്രീകൃത സംഭരണമെന്ന, സംസ്ഥാനത്തിന്റെ ഊർജഭാവി നിശ്ചയിക്കുന്ന ലക്ഷ്യത്തിലേക്ക് വൈദ്യുതി വാഹനങ്ങൾ മാറ്റുന്ന പദ്ധതി ഊർജ നയരേഖയിൽ ഇടംപിടിച്ചിരുന്നു. 2024 നവംബറിൽ ബോംബെ ഐ.ഐ.ടി സമർപ്പിച്ച നിർദേശം കെ.എസ്.ഇ.ബി അംഗീകരിച്ച്, ഫണ്ടിങ്, പ്രയോജനം എന്നിവ തേടിയുള്ള പ്രാഥമിക നടപടി തുടങ്ങുകയും ചെയ്തു.
ഗ്രിഡിലേക്ക് തിരികെ നൽകുന്ന വൈദ്യുതിക്ക് പ്രീമിയം താരിഫുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക പ്രോത്സാഹനം, സോളാർ പവർ ചാർജിങ് സ്റ്റേഷനുകളുള്ള ഇ.വി ഉടമകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പങ്കാളിത്തം ഉറപ്പാക്കൽ എന്നിവയും പരിഗണിക്കുന്നുണ്ട്.
ഇതിനു പുറമെ, അനെർട്ടിന്റെ നേതൃത്വത്തിലും ഇന്ത്യ സ്മാർട്ട് ഗ്രിഡ് ഫോറത്തിന്റെ (ഐ.എസ്.ജി.എഫ്) മുഖ്യചുമതലയിലും ടാറ്റ പവർ, രാജധാനി പവർ, യമുന പവർ തുടങ്ങിയവയുമായി സഹകരിച്ച് പൈലറ്റ് പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. അനെർട്ട് മുഖ്യഓഫിസിൽ വി ടു ജി സാങ്കേതികവിദ്യയിൽ സജ്ജീകരിച്ച ‘നെക്സോൺ’ കാർ പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.