ടെൻഷൻ വേണ്ട, ഇന്ത്യയുടെ 'സൂപ്പർ ആപ്പ്' വരുന്നു; ഇ.വി ഉപഭോക്താക്കൾക്കായുള്ള വിവരങ്ങളെല്ലാം ഒരു കുടക്കീഴിൽ

ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക് വാഹനം ഉപയോ​ഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ചാർജിങ് സംബന്ധിച്ചുള്ള ആശങ്കകൾ. നിലവിലുള്ള ചാർജിങ് സ്റ്റേഷനുകളുടെ അപര്യാപ്തത, പേയ്മെന്റ് രീതികൾ, സമയം, ചാർജിങ് സ്റ്റേഷനുകളിൽ ലഭ്യമാകുന്ന സ്ലോട്ടുകൾ എന്നിവയെല്ലാം ഇ.വി ഉപഭോക്താക്കളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇതിനെല്ലാം ഒരു ശാശ്വത പരിഹാരമായി ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. രാജ്യമെമ്പാടുമുള്ള ഇലക്ട്രിക് വാഹന (ഇ.വി.) ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ ലക്ഷ്യമിട്ട്, ഒരു ഓൾ-ഇൻ-വൺ 'സൂപ്പർ ആപ്പ്' വികസിപ്പിക്കാനുള്ള പദ്ധതികൾക്കാണ് കേന്ദ്രം സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്.

സുസ്ഥിര ഗതാഗത സംവിധാനം പ്രാപ്തമാക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും രാജ്യവ്യാപകമായി ഒരു ഇ.വി. സജ്ജമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്ന പി.എം. ഇ-ഡ്രൈവ് സ്കീമിന് കീഴിലുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. ഈ ഏകീകൃത ഡിജിറ്റൽ സൂപ്പർ ആപ്പ് വികസിപ്പിക്കുന്നതിന്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിനെ (ബി.എച്ച്.ഇ.എൽ.) നോഡൽ ഏജൻസിയായി പരിഗണിക്കുന്നു എന്നാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. ഈ സൂപ്പർ ആപ്പ് ഇ.വി. ഉപഭോക്താക്കൾക്ക് വിവിധ അവശ്യ സേവനങ്ങൾ നൽകുന്ന ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും. കൂടാതെ രാജ്യത്തുടനീളം ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങൾ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ബി.എച്ച്.ഇ.എൽ. വിവിധ സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര മന്ത്രാലയങ്ങളുമായും സഹകരിക്കും.

പി.എം. ഇ-ഡ്രൈവ് സ്കീമിന്റെ സവിശേഷതകൾ

ഈ പദ്ധതിക്കായി 2,000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് കേന്ദ്ര സർക്കാർ വകയിരുത്തിയിട്ടുള്ളത്. രാജ്യവ്യാപകമായി ഏകദേശം 72,000ത്തിലധികം പൊതു ഇ.വി. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഈ പദ്ധതി ഉപയോഗപ്പെടുത്തും. ദേശീയപാത ഇടനാഴികൾ, മെട്രോ നഗരങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, പെട്രോൾ പമ്പുകൾ, സംസ്ഥാന പാതകൾ, ടോൾ പ്ലാസകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലും ഇ.വി സ്റ്റേഷനുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

സൂപ്പർ ആപ്പിന്റെ സവിശേഷതകൾ

  • ചാർജിങ് സ്ലോട്ടുകൾ തത്സമയം ബുക്ക് ചെയ്യാനുള്ള സൗകര്യം
  • ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ
  • ചാർജറുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ
  • പി.എം. ഇ-ഡ്രൈവ് സ്കീമിന് കീഴിൽ രാജ്യത്തുടനീളമുള്ള വിന്യാസത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഡാഷ്ബോർഡുകൾ
Tags:    
News Summary - No need to worry, India's 'super app' is coming; All information for EV customers under one roof

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.