വാഹനനിർമ്മാണ ലോകത്ത് ഏറ്റവും സുരക്ഷ നൽകുന്ന നിർമ്മാണ കമ്പനിയാണ് വോൾവോ. പാസഞ്ചർ വാഹനങ്ങൾ മുതൽ വാണിജ്യ വാഹനങ്ങൾക്ക് വരെ ഏറ്റവും ആധുനിക സുരക്ഷ നൽകുന്ന വോൾവോ അവരുടെ വരാനിരിക്കുന്ന വാഹനങ്ങളിൽ എ.ഐ അധിഷ്ഠിത സീറ്റ്ബെൽറ്റുകൾക്കുള്ള (സ്മാർട്ട് സീറ്റ്ബെൽറ്റ്) സാധ്യതകൾ കണ്ടുപിടിച്ചു. ഇത് വരാനിരിക്കുന്ന ഇ.എക്സ് 60 എസ്.യു.വിയിൽ ഉപയോഗിക്കുമെന്നും വോൾവോ അറിയിച്ചു.
1959ൽ നിൽസ് ബോഹ്‍ലിനാണ് വോൾവോക്കായി ആദ്യത്തെ ആധുനിക ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് കണ്ടുപിടിച്ചത്ത്. തുടർന്ന് പേറ്റന്റ് പോലും സ്വന്തമാക്കാതെ ലോകത്തെ മുഴുവൻ ആളുകളുടെയും സുരക്ഷക്കായി ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് സൗജന്യമായി മറ്റ് വാഹനനിർമ്മാണ കമ്പനികൾക്കും വോൾവോ നൽകി. വരാനിരിക്കുന്ന ഇ.എക്സ് 60 എസ്.യു.വിയിലാണ് പുതിയ 'സ്മാർട്ട് സീറ്റ് ബെൽറ്റ്' ഡിസൈൻ വോൾവോ അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഇതിനെ 'മൾട്ടി-അഡാപ്റ്റീവ് സേഫ്റ്റി ബെൽറ്റ്' എന്നും വിളിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ സവിശേഷത യാത്രക്കാരന്റെ ശരീര വലിപ്പവുമായി പൊരുത്തപ്പെടാൻ ഇതിന് കഴിയും എന്നതാണ്. പുതിയ കാറുകൾ പലതും സുരക്ഷക്ക് മുൻഗണ നൽകുന്നുണ്ടെങ്കിലും സീറ്റ് ബെൽറ്റുകൾ യഥാർത്ഥ അളവിൽ അല്ല സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ വോൾവോയുടെ പുതിയ സ്മാർട്ട് സീറ്റ് ബെൽറ്റ് യാത്രക്കാരന്റെ യഥാർത്ഥ അളവിനെ മനസ്സിലാക്കാനായി വാഹനത്തിന്റെ കാബിന് ചുറ്റുമുള്ള സെൻസറുകൾക്ക് സാധിക്കും. തുടർന്ന് ഈ സെൻസറുകൾ സീറ്റ് ബെൽറ്റിന്റെ പ്രവർത്തനത്തിൽ സ്വാധീനിക്കും.
വാഹന അപകടങ്ങളുടെ തോതനുസരിച്ചാകും പുതിയ സ്മാർട്ട് സീറ്റ് ബെൽറ്റുകൾ പ്രവർത്തിക്കുക. ഗുരുതരമായ അപകടങ്ങളിൽ യാത്രക്കാരന് തലക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യങ്ങളിൽ 'ഉയർന്ന രീതിയിലുള്ള ബെൽറ്റ് ലോഡ്' ക്രമീകരിക്കാൻ ഇതിന് സാധിക്കും. കൂടാതെ ചെറിയ അപകടങ്ങളിൽ പരിക്കേൽക്കാതിരിക്കാൻ 'കുറഞ്ഞ ബെൽറ്റ് ലോഡ്' ക്രമീകരിക്കാനും സ്മാർട്ട് സീറ്റ് ബെൽറ്റുകൾക്ക് സാധിക്കുമെന്നും വോൾവോ വിശദീകരിച്ചു. യാത്രക്കാരുടെ വലിപ്പവും അപകടത്തിന്റെ തീവ്രതയും അനുസരിച്ച് ഭാരം വ്യത്യാസപ്പെടുത്താനുള്ള കഴിവ് ഉള്ളതിനാൽ പഴയ സീറ്റ് ബെൽറ്റുകളെ അപേക്ഷിച്ച് ഈ പുതിയ സ്മാർട്ട് സീറ്റ് ബെൽറ്റ് കാര്യമായ പുരോഗതി കൊണ്ടുവരുമെന്ന് വോൾവോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.