മലകയറ്റം ഇനി നിസ്സാരം; ഇന്ത്യയിൽ നിർമ്മിച്ച നാല് 4x4 വാഹനങ്ങൾ പരിചയപ്പെടാം

മലനിരകളിൽ സഞ്ചരിക്കാനും ഓഫ്‌റോഡ് യാത്ര ചെയ്യാനും ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ എല്ലാ സാഹചര്യങ്ങളിലും ശക്തി തെളിയിക്കുന്ന ഒരു വാഹനം നിങ്ങൾക്ക് ആവശ്യമായി വരും. നിലവിൽ ഇന്ത്യയിൽ കൂടുതലായും വിൽപന നടത്തുന്നത് എസ്.യു.വി വാഹങ്ങളാണ്. പക്ഷെ അതെല്ലാം ഓഫ്‌റോഡ് ഡ്രൈവിങിന് ഉതകുന്നതുമല്ല. എന്നാൽ എല്ലാ ഭൂപ്രകൃതിയിലും യഥേഷ്ടം ഉപയോഗിക്കാവുന്നതും ഇന്ത്യൻ നിർമ്മിതവുമായ നാല് ഓഫ്‌റോഡ് വാഹങ്ങളെ പരിചയപെട്ടാലോ?

മഹീന്ദ്ര ഥാർ 3 ഡോർ ആൻഡ് ഥാർ റോക്സ് (5 ഡോർ)

മഹീന്ദ്ര ഥാർ 3 ഡോർ

ഇന്ത്യൻ ഭൂപ്രദേശങ്ങൾക്കൊരു വെല്ലുവിളിയായിട്ടാണ് മഹീന്ദ്ര അവരുടെ പ്രീമിയം എസ്.യു.വി. വാഹനമായ ഥാറിനെ അവതരിപ്പിച്ചത്. 3 ഡോർ വാഹനമായി ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിച്ച വാഹനം വിപണിയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ഏത് ദുഷ്ക്കരമായ പ്രദേശത്തും ഡ്രൈവർക്ക് എളുപ്പത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും എന്നതാണ് ഥാറിന്റെ പ്രത്യേകത. വാഹനത്തിന്റെ 4x4 വകഭേദം നിരവധി ഫീച്ചറുകളോടെയാണ് വാഹനപ്രേമികളിലേക്കെത്തുന്നത്.


ബോഡി-ഓൺ-ഫ്രെയിം ഷാസി, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഓൾ ടെറൈൻ ടയറുകൾ തുടങ്ങിയവ 3 ഡോർ വാഹനത്തെ ഇന്ത്യയിലെ മികച്ച അഡ്വഞ്ചർ എസ്.യു.വിയാക്കുന്നു. പക്ഷെ ഥാർ റോക്സിന്റെ വരവോടെ മോഡലിന്റെ ആകർഷണം അൽപ്പം കുറഞ്ഞു. എന്നാലും 3 ഡോർ വാഹനത്തിന് 6 മാസത്തെ ബുക്കിങ് കാത്തിരിപ്പ് കാലാവതിയാണ് കമ്പനി പറയുന്നത്. അതുകൊണ്ട് തന്നെ വാഹനത്തിന്റെ ഡിമാന്റിൽ വലിയ മാറ്റം വരുന്നില്ല.

ഫോർ-വീൽ ഡ്രൈവിലെ ഏറ്റവും ടോപ് വകഭേദത്തിന് 17.60 ലക്ഷം രൂപയാണ് എക്സ് ഷോറൂം വിലവരുന്നത്. 2.2 ലിറ്റർ ടർബോ ഡീസൽ എൻജിൻ, 2184 സി.സിയിൽ 4 സിലണ്ടർ ആയിട്ടാണ് വാഹനം ലഭിക്കുന്നത്. 130 ബി.എച്ച്.പി കരുത്തും 300 എൻ.എം മാക്സിമം ടോർക്കും വാഹനം ഉത്പാദിപ്പിക്കുക.

മഹീന്ദ്ര ഥാർ റോക്സ് (5 ഡോർ)

2024 എന്നത് മഹീന്ദ്രയുടെ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ്. 5 ഡോർ സെഗ്‌മെന്റിലുള്ള ഥാർ റോക്സ് വിപണിയിൽ എത്തിച്ചത് ഈ വർഷമായിരുന്നു. 18 മാസമാണ് മഹീന്ദ്ര ഥാർ റോക്സിന്റെ ബുക്കിങ് കാലാവധിയായി കമ്പനി പറയുന്നത്. അപ്പോൾ തന്നെ വാഹനത്തിന്റെ ഡിമാൻഡ് ഊഹിക്കാവുന്നതല്ലേയുള്ളു. എന്നാലും മഹീന്ദ്ര വാഹനത്തിന്റെ ഉത്പാദനം കൂട്ടിയത് വാഹനപ്രേമികൾക്ക് താൽക്കാലിക ആശ്വാസമാണ്.


ഥാർ റോക്സിന്റെ ഏറ്റവും ടോപ് വേരിയന്റിന് 23.09 ലക്ഷമാണ് എക്സ് ഷോറൂം വില. എ.എക്സ്. 7 എൽ ഡീസൽ ഓട്ടോമാറ്റിക്കിന് 2.2 ലിറ്റർ എം.ഹോക്ക് ഡീസൽ എൻജിനാണ്. 2184 സി.സി 4 സിലിണ്ടർ എൻജിൻ 172 ബി.എച്ച്.പി പവറും 370 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഹിൽ-ഹോൾഡ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, എ.ബി.എസ് തുടങ്ങിയ നിരവധി ഫീച്ചറുകൾ വാഹനത്തിനുണ്ട്.

മഹീന്ദ്ര സ്കോർപിയോ എൻ

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമാണ് സ്കോർപിയോ എൻ. സ്കോർപിയോ ക്ലാസിക്കിൽ നിന്നും ഏറെ വ്യത്യസ്തമായാണ് വാഹനം നിർമ്മിച്ചിട്ടുള്ളത്. ഥാറിനോട് ചേർന്ന് നിൽക്കുന്ന ഫീച്ചറുകളാണ് സ്കോർപിയോ എന്നിന്. പക്ഷെ റോക്സിനെ അപേക്ഷിച്ച് 7 സീറ്റർ വാഹനമായാണ് സ്കോർപിയോ എത്തുന്നത്. ഥാർ റോക്സിന്റെ ബുക്കിങ് കാലാവധി 18 മാസമായതിനാൽ, അതുവരെ കാത്തിരിക്കാൻ കഴിയാത്തവർക്ക് ഏറ്റവും മികച്ച ഓപ്ഷൻ കൂടിയാണ് സ്കോർപിയോ എൻ.


13.99 ലക്ഷം - 24.89 ലക്ഷം രൂപ വരെയാണ് സ്കോർപിയോ എന്നിന്റെ എക്സ് ഷോറൂം വില. ഈയടുത്ത് പുറത്തിറങ്ങിയ 'സ്കോർപിയോ എൻ 'സെസ് 8 ഡീസൽ ഓട്ടോമാറ്റിക് 4 വീൽ-ഡ്രൈവ് 7 സീറ്റർ കാർബൺ എഡിഷൻ' ആണ് ഏറ്റവും ടോപ് മോഡൽ. 2.2 ലിറ്റർ 14 എം ഹോക്ക് 130 എൻജിനാണ് സ്കോർപിയോയുടേത്. 2184 സി.സി. 4 സിലിണ്ടർ വാഹനം 172 എച്ച്.പി പവറും 400 എൻ.എം ടോക്കും ഉത്പാദിപ്പിക്കുന്നുണ്ട്. മാന്വൽ-ഓട്ടോമാറ്റിക് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. ഹിൽ-ഹോൾഡ് കണ്ട്രോൾ, എൽ.ഇ.ഡി. പ്രൊജക്ടഡ് ഹെഡ് ലാംബ്, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ നിരവധി ഫീച്ചറുകളും സ്കോർപിയോ എന്നിനുണ്ട്

ഫോഴ്സ് ഗൂർഖ 3 ഡോർ

ഇന്ത്യയിൽ നിർമ്മിക്കുന്ന മറ്റൊരു വാഹനമാണ് ഫോഴ്സ് മോടോസിന്റെ ഗൂർഖ. 3 ഡോർ, 5 ഡോർ എന്നി രണ്ട് വേരിയന്റുകളിലും വാഹനം ലഭ്യമാണ്. ബജാജ് ടെമ്പോ മോട്ടോസാണ് പിന്നീട് പേര് മാറ്റി ഫോഴ്സ് മോട്ടോസായത്. ഗൂർഖയുടെ 3 ഡോറിൽ എഫ്.എം 2.6 ലിറ്റർ സി.ആർ സി.ഡി ഡീസൽ എൻജിനാണ് സജ്ജീകരിച്ചിട്ടുള്ളത്. 2596 സി.സി 4 സിലിണ്ടർ വാഹനം 138 ബി.എച്ച്.പി കരുത്തും 320 എൻ.എം ടോർക്കും ഉല്പാദിപ്പിക്കും. 5 സ്പീഡ് മാന്വൽ ഗിയർ ബോക്‌സാണ് വാഹനത്തിനുള്ളത്. എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.പി തുടങ്ങിയ അഡ്വാൻസ് ഫീച്ചേഴ്‌സാണ് വാഹനത്തിന്റെ പ്രത്യേകത. 16.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.


ഫോഴ്സ് ഗൂർഖ 5 ഡോർ

7 സീറ്റർ സെഗ്‌മെന്റിലെ മറ്റൊരു എസ്.യു.വി വാഹനമാണ് ഗൂർഖ. ഗൂർഖ 3 ഡോറിലെ എഫ്.എം 2.6 ലിറ്റർ സി.ആർ സി.ഡി ഡീസൽ എൻജിനിൽ 2596 സി.സി 4 സിലിണ്ടർ ആണ് വാഹനം സജ്ജീകരിച്ചിട്ടുള്ളത്. 138 ബി.എച്ച്.പി കരുത്തും 320 എൻ.എം മാക്സിമം ടോർക്കും എൻജിൻ ഉത്പാദിപ്പിക്കും. 5 സ്പീഡ് മാന്വൽ ഗിയർബോക്സ് മാത്രമാണ് വാഹനത്തിനുള്ളത്. 18 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 3 ഡോറിലെ അതേ ഫീച്ചേഴ്‌സാണ് 5 ഡോറിലുമുള്ളത്.

മാരുതി സുസുക്കി ജിംനി

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ജിപ്സിക്ക് ശേഷമുള്ള 4x4 വാഹനമാണ് ജിംനി. നിലവിൽ ലഭ്യമായതിൽ ഏറ്റവും ചെറിയ എസ്.യു.വി 4x4 വാഹനം കൂടിയാണ് ജിംനി. പക്ഷെ വാഹനം ചെറുതാണെങ്കിലും വിദേശത്തടക്കം വലിയ ഡിമാൻഡാണ് വാഹനത്തിന്. കഴിഞ്ഞ മാസം 50,000 ബുക്കിങ് ജപ്പാനിൽ പൂർത്തീകരിച്ചു. നിലവിൽ വാഹനത്തിന്റെ ബുക്കിങ് കമ്പനി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൂടാതെ ഇൻഡോ-ടിബറ്റൻ ബോർഡർ ഫോഴ്സ് അവരുടെ സേനയിലേക്ക് ജിംനിയെ കൂടെ ഉൾപ്പെടുത്തിയിരുന്നു. മാരുതി സുസുക്കിയുടെ ഈ കുഞ്ഞൻ വാഹനത്തിന്റെ സവിശേഷതകളറിയാം...


12.76 ലക്ഷം മുതൽ 14.95 ലക്ഷം രൂപ വരെയാണ് ജിംനിയുടെ എക്സ് ഷോറൂം വില. ഏറ്റവും ടോപ് വേരിയന്റായ മാരുതി ജിംനി ആൽഫ ഓട്ടോമാറ്റിക് ഡ്യൂവൽ ടോണിൽ കെ.15 .ബി പെട്രോൾ എൻജിനാണ്. 1462 സി.സി 4 സിലിണ്ടർ 103 ബി.എച്ച്.പി പവറും 134 എൻ.എം മാക്സിമം ടോർക്കും നൽകും. ഹിൽ-ഹോൾഡ് കണ്ട്രോൾ, ട്രാക്ഷൻ കണ്ട്രോൾ, ഹിൽ-ഡീസന്റ് കണ്ട്രോൾ, എ.ബി.എസ്, ഇ.ബി.ഡി തുടങ്ങിയ ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ള ഫീച്ചറുകളാണ് വാഹനത്തിനുള്ളത്.

Tags:    
News Summary - Mountain climbing is no longer a chore; let's get to know four 4x4 vehicles made in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.