വിൽപ്പന സർവ്വകാല റെക്കോർഡിൽ; രാജ്യത്ത് 'മാരുതി മാനിയ' തുടരും

വാഹനലോകത്തെ ഏറ്റവും പുതിയ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ, വരുമാനം പലമടങ്ങ് വർധിപ്പിച്ച് മാരുതി സുസുകി.സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ മാരുതി സുസുകി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ച് 2,112.5 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 486.9 കോടി രൂപയായിരുന്നു ലാഭം. പ്രവർത്തന വരുമാനം 46 ശതമാനം വര്‍ധിച്ച് 29,942.5 കോടി രൂപയിലെത്തിയിട്ടുണ്ട്.

കമ്പനിയുടെ വില്‍പ്പന 36 ശതമാനം കൂടിയതായും കണക്കുകൾ പറയുന്നു. രണ്ടാംപാദത്തില്‍ 5,17,395 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. ഏതെങ്കിലും ഒരു പാദത്തിലെ സർവ്വകാല റെക്കോഡാണിതെന്നും കമ്പനി വ്യക്തമാക്കി. ആഭ്യന്തരവിപണിയില്‍ 4.54 ലക്ഷം വാഹനം വിറ്റഴിച്ചപ്പോള്‍ 63,195 എണ്ണം കയറ്റിയയച്ചു. 4,12,000 ബുക്കിങ് കൊടുത്തുതീര്‍ക്കാനുണ്ട്. ഇതില്‍ 1.30 ലക്ഷം പുതുതായി അവതരിപ്പിച്ച വാഹനങ്ങള്‍ക്കുള്ള ഓര്‍ഡറാണെന്നും കമ്പനി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പനയില്‍ വലിയ കുറവ് സംഭവിച്ചിരുന്നു. വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ചിപ്പും ഇലക്ട്രോണിക് ഭാഗങ്ങളുടെയും അഭാവത്തെ തുടര്‍ന്നാണ് ഈ കുറവുണ്ടായതെന്നാണ് വിലയിരുത്തല്‍. 3,79,541 യൂനിറ്റായിരുന്നു ആ കാലയളവിലെ മൊത്തവില്‍പ്പന. ഇതില്‍ 3,20,133 യൂണിറ്റ് ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചപ്പോള്‍ 59,408 യൂനിറ്റാണ് കയറ്റി അയച്ചത്.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകിയുടെ വിപണി ആധിപത്യം ഇനിയും തുടരും എന്നുതന്നെയാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മാരുതിയോട് മത്സരിച്ച് കച്ചവടം തുടങ്ങിയ ഫോർഡ്, ജനറൽ മോട്ടോഴ്സ് തുടങ്ങിയവർ രാജ്യം വിട്ടപ്പോഴും ഹോണ്ടയെപ്പോലുള്ള കമ്പനികൾ കിതച്ച് നിൽക്കുമ്പോഴും മാരുതി കുതിപ്പ് തുടരുകയാണ്. ഹ്യുണ്ടായ് മാത്രമാണ് ഇപ്പോഴും ഇന്ത്യയുടെ സ്വന്തം വാഹനഭീമനോട് അൽപ്പമെങ്കിലും പിടിച്ചുനിൽക്കുന്നത്. നിലവിൽ വിപണിയിൽ മാരുതിയെ എതിരിടുന്നതിലധികവും പുതിയ കമ്പനികളാണെന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - Maruti Suzuki reports HIGHEST-EVER sales in Q2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.