വെള്ളത്തിലിറങ്ങിയാൽ പണികിട്ടും; 1.81 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുമെന്ന്​ മാരുതി, ഇൗ മോഡലുകൾക്ക്​ ബാധകം

രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുകി വമ്പൻ തിരിച്ചുവിളി നടത്തുന്നു. മോ​േട്ടാർ ജനറേറ്റർ യൂനിറ്റ്​ (എം.ജി.യു) തകരാറാണ്​ തിരിച്ചുവിളിക്ക്​ കാരണം. എം‌ജി‌യു തകരാർ പരിശോധിക്കാൻ 1.81 ലക്ഷം കാറുകളാണ്​ തിരിച്ചുവിളിക്കുന്നത്​. വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾക്ക് തകരാർ കാരണമാകുമെന്നാണ്​ മാരുതി എഞ്ചിനീയർമാർ കണ്ടെത്തിയിരിക്കുന്നത്​. തിരിച്ചുവിളിക്കൽ ഓർഡർ കമ്പനി സ്വമേധയാ പുറപ്പെടുവിക്കുകയായിരുന്നു. തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി അംഗീകൃത സർവ്വീസ്​ സെൻററുകളിൽ നിന്ന്​ ബന്ധപ്പെടും. തിരിച്ചുവിളിക്കുന്ന എല്ലാ വാഹനങ്ങളും പെട്രോൾ മോഡലുകളാണ്​. കുറേനാളുകളായി തങ്ങളുടെ വാഹനങ്ങളുടെ പെട്രോൾ മോഡലുകൾ മാത്രമാണ്​ കമ്പനി പുറത്തിറക്കുന്നത്​.

വാഹനങ്ങളും മോഡലുകളും

സിയാസ്, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, എർട്ടിഗ, എക്സ്എൽ 6 എന്നിവയാണ്​ തിരിച്ചുവിളിക്ക്​ വിധേയമാകുന്നത്​. 2018 മേയ് നാലിനും 2020 ഒക്ടോബർ 27 നും ഇടയിൽ നിർമിച്ച യൂനിറ്റുകൾ മാത്രമാണ് തിരിച്ചുവിളിക്കുന്നതെന്ന്​ മാരുതി സുസുകി വാർത്താക്കുറിപ്പിൽ അറിയിച്ചു. മോട്ടോർ ജനറേറ്റർ യൂനിറ്റ് പരിശോധിക്കുകയും തകരാറുകൾ ഉണ്ടെങ്കിൽ പരിഹരിക്കുകയും ചെയ്യും. ഉപഭോക്താവിന് യാതൊരു ചിലവുമില്ലാതെയാകും പ്രശ്​നം പരിഹരിക്കുക.


തകരാറുള്ള ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്ന പ്രക്രിയ നവംബർ ആദ്യവാരം മുതൽ ആരംഭിക്കും. തകരാർ പരിഹരിക്കുന്നതുവരെ ഈ പ്രത്യേക യൂനിറ്റുകളുടെ ഉടമകളോട് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ വാഹനമോടിക്കരുതെന്നും ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഭാഗങ്ങളിൽ നേരിട്ട് വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്​.

ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനം തിരിച്ചുവിളിയിൽ ഭാഗമാണോയെന്ന് മാരുതി സുസുകി അല്ലെങ്കിൽ നെക്​സ വെബ്‌സൈറ്റുകളിൽ ലോഗിൻ ചെയ്​ത്​ പരിശോധിക്കാം. മോഡലിനെ ആശ്രയിച്ച്, വാഹനങ്ങളുടെ ഷാസി നമ്പർ (MA3, അതിനുശേഷം 14 അക്ക ആൽഫ-സംഖ്യാ കോഡ്) നൽകിയാൽ വിവരം അറിയാം.വാഹനങ്ങളുടെ തിരിച്ചുവിളി ലോകമെമ്പാടും സർവ്വസാധാരണമാണ്. തകരാർ കണ്ടിട്ടും വാഹനം തിരിച്ചുവിളിച്ചില്ലെങ്കിൽ നിർമാതാവിന്​ വൻതുക പിഴ വിധിക്കാനുള്ള നിയമവും നിലവിലുണ്ട്​. 

Tags:    
News Summary - Maruti issues recall order for 1.81 lakh cars to check potential MGU defect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.