ന്യൂഡൽഹി: രാജ്യത്തെ വാഹനനിർമ്മാതാക്കളിൽ ഏറ്റവും പ്രമുഖരായ മാരുതി സുസുക്കി അവരുടെ പ്രീമിയം എസ്.യു.വിയായ ഗ്രാൻഡ് വിറ്റാരക്ക് കൂടുതൽ ഓഫറുകൾ പ്രഖ്യാപിച്ചു. ഗ്രാൻഡ് വിറ്റാരയെ കൂടാതെ നെക്സ ഡീലർഷിപ്പിന് കീഴിൽ വരുന്ന ഫ്രോങ്സ്, ബലെനോ, ഇഗ്‌നിസ്, എക്സ്.എൽ 6, ഇൻവിക്റ്റോ, സിയാസ്, ജിംനി തുടങ്ങിയ വാഹനങ്ങൾക്കും മാരുതി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗ്രാൻഡ് വിറ്റാരയുടെ സ്‌ട്രോങ് ഹൈബ്രിഡ് മൈ 2024 വകഭേദത്തിന് ക്യാഷ് ഡിസ്‌കൗണ്ടായി 70,000 രൂപ വരെയും വാറന്റി എക്സ്റ്റന്റ് ഓഫറായി 35,000 രൂപ വരെയും സ്ക്രാപ്പേജ് ബോണസായി 65,000 രൂപ വരെ ഉൾപ്പെടുത്തി 1.70 ലക്ഷം രൂപ വരെയാണ് കമ്പനി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പെട്രോൾ പവർട്രെയിൻ വാഹനത്തിന് മാത്രമായി 1.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യവും മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. ഡെൽറ്റ, സീറ്റ, ആൽഫ ട്രിമ്മുകൾക്കൊപ്പം 41,000 രൂപ വരെ വിലയുള്ള ഡൊമിനിയൻ എഡിഷൻ ആക്‌സസറികളും ഇതിൽ ഉൾപ്പെടുന്നു. ഇതിനോടൊപ്പം തന്നെ സി.എൻ.ജി പവർട്രെയിൻ ഗ്രാൻഡ് വിറ്റാര സ്വന്തമാക്കുന്നവർക്ക് 20,000 രൂപ വരെ കിഴിവും ലഭിക്കും.
മൈ 2025 മോഡൽ ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോങ്ങ് ഹൈബ്രിഡുകൾക്ക് 1.30 ലക്ഷം രൂപ വരെയും പെട്രോൾ വേരിയന്റുകൾക്ക് 1.10 ലക്ഷം രൂപ വരെയും ആനുകൂല്യം ലഭിക്കും. ഇതിലും 41,000 രൂപ വരെ വിലയുള്ള ഡൊമിനിയൻ എഡിഷൻ ആക്‌സസറികൾ ഉൾക്കൊള്ളുന്നു. എന്നാൽ മൈ 2025 മോഡൽ സി.എൻ.ജി മോഡലുകൾക്ക് ഈ മാസം ഓഫറുകളൊന്നുമില്ല. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, എം.ജി ആസ്റ്റർ, ടാറ്റ കർവ് എന്നിവയോട് മത്സരിക്കുന്ന ഗ്രാൻഡ് വിറ്റാരയുടെ പ്രാരംഭ എക്സ് ഷോറൂം വില 11.42 ലക്ഷം രൂപയാണ്. ഏറ്റവും ഉയർന്ന വകഭേദത്തിന്റെ എക്സ് ഷോറൂം വില 20.52 ലക്ഷം രൂപയുമാണ്. ടൊയോട്ട ഹൈറൈഡർ ബോഡിയിൽ നിന്നും പ്രചോദനം ഉൾകൊണ്ട നിർമ്മിച്ച വാഹനം മൂന്ന് വർഷം തികയും മുമ്പ് മൂന്ന് ലക്ഷം യൂനിറ്റുകൾ വിൽക്കാൻ മരുതിക്ക് കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.