സ്വന്തമായി ഒരു കാർ എന്നത് പലരുടെയും സ്വപ്നമാണ്. പലരും വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പണം സ്വരൂപിച്ചാണ് ഈ സ്വപ്നം യാഥാർഥ്യമാക്കുന്നത്. യുവാവായ സി. അശോക് കുമാറും പത്തു വർഷത്തോളം കഠിനാധ്വാനം ചെയ്താണ് ഇഷ്ടവാഹനമായ മഹീന്ദ്ര എക്സ്.യു.വി 700 സ്വന്തമാക്കിയത്.
വ്യവസായിയും മഹീന്ദ്ര ഗൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയുടെ അനുഗ്രഹം തനിക്കും വാഹനത്തിനും ഉണ്ടാകണമെന്ന് അശോക് കുമാർ അതിയായി ആഗ്രഹിച്ചിരുന്നു. ഇതിനായി തന്റെ പുതുപുത്തൻ വെള്ള എസ്.യു.വി മാല കൊണ്ട് അലങ്കരിച്ച് അതിനടുത്ത് നിൽക്കുന്ന ചിത്രത്തോടൊപ്പം, 10 വർഷത്തെ കഠിനാധ്വാനത്തിന് ശേഷം പുതിയ മഹീന്ദ്ര എക്സ്.യു.വി 700 വാങ്ങിയെന്നും ആനന്ദ് മഹീന്ദ്രയുടെ അനുഗ്രഹം വേമെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്താണ് പോസ്റ്റിട്ടത്. എന്നാൽ, യുവാവിനെ ആനന്ദ് മഹീന്ദ്ര നിരാശനാക്കിയില്ല. രണ്ടു ദിവസത്തിനുശേഷം ഹൃദയസ്പർശിയായ ആ കുറിപ്പെത്തി. പുതിയ വാഹനം സ്വന്തമാക്കിയതിനും തന്‍റെ കമ്പനി നിർമിച്ച എസ്.യു.വി തെരഞ്ഞെടുത്തതിനും യുവാവിനെ ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ചു. ആനന്ദ് മഹീന്ദ്രയുടെ പ്രചോദിപ്പിക്കുന്ന പോസ്റ്റുകളും രസകരമായ മറുപടികളും നേരത്തെ തന്നെ വൈറലായിരുന്നു.
'നന്ദി, പക്ഷേ നിങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ ഞങ്ങളെ അനുഗ്രഹിച്ചത് നിങ്ങളാണ്... കഠിനാധ്വാനത്തിൽ നിന്ന് ലഭിച്ച നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങൾ. സന്തോഷകരമായ യാത്ര' -മഹീന്ദ്ര ട്വീറ്റ് ചെയ്തു. തന്നെ അനുഗ്രഹിച്ച ആനന്ദ് മഹീന്ദ്രക്ക് അശോക് കുമാർ നന്ദി പറഞ്ഞു.
മഹീന്ദ്രയുടെ പ്രതികരണം അശോക് കുമാറിനെ മാത്രമല്ല, ട്വിറ്ററിൽ നിരവധി പേരെയാണ് സന്തോഷിപ്പിച്ചത്. ഇരുവരെയും പ്രശംസിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.