മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനമായ ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങൾ ഒറ്റദിവസം കൊണ്ട് 30,179 ബുക്കിങ് നേടി. ഇത് ഏകദേശം 8472 കോടിയോളം രൂപ വരുമെന്നും, മഹീന്ദ്രയുടെ തന്നെ ഏറ്റവും വലിയ ബുക്കിങ് നിരക്കാണിതെന്നും കമ്പനി അറിയിച്ചു. ഫെബ്രുവരി 14, വെള്ളിയാഴചയാണ് ബുക്കിങ് ആരംഭിച്ചത്.
ഇലക്ട്രിക് വാഹങ്ങളിൽ ആദ്യമായല്ല മഹീന്ദ്രയുടെ പരീക്ഷണം. ഇതിനു മുമ്പ് എക്സ്.യു.വി 300 ന്റെ ഇലക്ട്രിക് വകഭേദവും മഹീന്ദ്ര പുറത്തിറക്കിയിരുന്നു. മഹീന്ദ്ര വികസിപ്പിച്ചെടുത്ത ഇൻഗ്ലോ ഇലക്ട്രിക് പ്ലാറ്റഫോമിലാണ് ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങളുടെ നിർമ്മാണം. നിലവിൽ 5000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്ര ഒരു മാസത്തിൽ നിർമ്മിക്കുന്നത്.
എക്സ്ഇവി 9ഇ എന്ന രണ്ടാമത്തെ മോഡലാണ് 56 ശതമാനത്തോളം ബുക്കിങ് പൂർത്തീകരിച്ചത്. പാക്ക് 3 ടോപ് മോഡലായ 79kWh ബാറ്ററി വാഹനമാണ് ഏറ്റവും കൂടുതൽ ബുക്കിങ് നേടിയത്. ബുക്കിങ് പൂർത്തീകരിച്ച വാഹനത്തിന് 6 മാസത്തെ കാത്തിരിപ്പ് കാലാവധിയാണ് കമ്പനി പറയുന്നതെങ്കിലും മാർച്ച് മുതൽ തന്നെ വാഹനങ്ങൾ നൽകി തുടങ്ങുമെന്നും മഹീന്ദ്ര അറിയിച്ചു. ബിഇ 6ന് 18.90 ലക്ഷവും എക്സ്ഇവി 9ഇ 21.90 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില വരുന്നത്.
ഇതോടെ ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹനവിൽപ്പന ഒരു ലക്ഷം കവിഞ്ഞു. ഔദ്യോഗിക വെബ്സൈറ്റ് വഴിയും മഹീന്ദ്ര ഡീലർഷിപ്പ് വഴിയും ബുക്കിങ് നടത്താമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു. 59kWh, 79kWh എന്നി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വാഹനം സജ്ജീകരിച്ചിട്ടുള്ളത്. 59kWh വേരിയന്റിൽ 231 എച്ച്പി പവറും 79kWh വേരിയന്റിൽ 286 എച്ച്പി പവറും ലഭിക്കുന്ന മോഡലുകളിൽ 380 എൻഎം മാക്സിമം ടോർക്കാണ് ലഭിക്കുക. 59kWh ബാറ്ററി പാക്കുള്ള എക്സ്ഇവി 9ഇ ഒറ്റചാർജിൽ 542 കിലോമീറ്ററും 79kWh ബാറ്ററി പാക്ക് മോഡൽ 656 കിലോമീറ്റർ റേഞ്ചും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബിഇ 6 മോഡൽ 556 കിലോമീറ്ററും 682 കിലോമീറ്റർ റേഞ്ചുമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.