ഓഫ് റോഡറുകളടെ രാജാവ് എന്നാണ് ഡിഫൻഡർ അറിയപ്പെടുന്നത്. വാഹനപ്രേമികളുടെ സ്വപ്നമാണ് എന്നെങ്കിലും ഒരു ലാൻഡ്റോവർ ഡിഫൻഡർ സ്വന്തമാക്കുക എന്നത്. എന്നാൽ കുറഞ്ഞ വേരിയന്റിലുള്ള ഡിഫൻഡർ എങ്കിലും ഗ്യാരേജിലെത്തിക്കാൻ മിനിമം 60-70 ലക്ഷം രൂപ മുടക്കണം. എന്നാലീ പ്രശ്നം പരിഹരിക്കാനൊരു മാർഗം ഒരുങ്ങിയിരിക്കുകയാണ്. പുതിയ മോഡൽ സുസുകി ജിംനി വാങ്ങിയാൽ ഒരു ഡിഫൻഡർ ലുക്കൊക്കെ കിട്ടും. ജിംനിയുടെ പ്രത്യേക പതിപ്പ് ബ്രസീലിൽ എത്തിച്ചിരിക്കുകയാണ് കമ്പനി. ലുക്കും നിറവുമൊക്കെ കണ്ടാൽ ഡിഫൻഡർ ഷോർട് വീൽബേസ് മോഡൽ ആണെന്ന തോന്നലുണ്ടാക്കുന്ന വാഹനമാണിത്. ജിംനി ഇതുവരെ ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമല്ലാത്തതിനാൽ അതിന്റെ പുതിയ പതിപ്പും ഇവിടെയെത്തില്ല.
ജിംനി സിയേറ ഫോർ സ്പോര്‍ട് എഡിഷന്‍ എന്ന പേരിലാണ് പ്രത്യേക പതിപ്പ് എത്തിയിരിക്കുന്നത്. വില 1.81 ലക്ഷം ബ്രസീലിയൻ റയലാണ് (ഏകദേശം 27.67 ലക്ഷം രൂപ) വില. വാഹനത്തെ കൂടുതൽ സ്റ്റൈലിഷ് ആക്കുന്ന മാറ്റങ്ങളുമായിട്ടാണ് ജിംനി സ്പോർട്സ് എത്തിയത്. കറുത്ത റൂഫ്, ട്യൂബുലാർ റോക് സ്ലൈഡർ, കസ്റ്റം സ്കിഡ് പ്ലേറ്റ്, 4 സ്പോർട്ട് ഗ്രാഫിക്സുകൾ, സ്നോർക്കൽ എന്നിവയുണ്ട് കൂടാതെ പിയാനോ ബ്ലാക് അലോയ് വീലുകളും നൽകിയിരിക്കുന്നു.
ജിംനി സിയേറയെ അടിസ്ഥാനമാക്കിയാണ് 4സ്‌പോര്‍ട് ഒരുങ്ങിയിരിക്കുന്നത്. പ്രത്യേക പതിപ്പിന്റെ 100 യൂനിറ്റ് മാത്രമായിരിക്കും സുസുകി വിപണിയില്‍ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ആഗോള വിപണിയില്‍ സുസുകി എത്തിച്ചിട്ടുള്ള ജിമ്‌നിയില്‍ ഏറ്റവും വില കൂടിയ പതിപ്പായിരിക്കും പുതിയ മോഡലെന്നാണ് വിലയിരുത്തല്‍. ഓഫ് റോഡ് യാത്രകളെ ലക്ഷ്യമാക്കി നിര്‍മിച്ചിട്ടുള്ള ഈ വാഹനമാണിത്.
ഇന്ത്യൻ ജിംനി ഉടൻ?
ജിംനിയുടെ അഞ്ച് ഡോർ പതിപ്പ് ഇന്ത്യൻ വിപണിയിൽ ഉടനെത്തുമെന്നാണ് വാർത്തകൾ. രാജ്യാന്തര വിപണിയ്ക്കായുള്ള ജിംനിയുടെ പുതിയ ഫെയ്സ് ലിഫ്റ്റ് മോഡലും 5 ഡോർ മോഡലും ഒരുമിച്ച് ഉടൻ പ്രദർശിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. 5 ഡോർ മോഡലില്‍ 1.5 ലീറ്റർ പെട്രോൾ എന്‍ജിനും 3 ഡോർ മോഡലിന് 1.4 ലീറ്റർ ടർബോ എൻജിനുമാകും കരുത്തു പകരുക.
നേരത്തെ യൂറോപ്പിൽ പരീക്ഷണയോട്ടം നടത്തിയ 5 ഡോർ ജിംനിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സുസുകി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 4 മീറ്ററിൽ താഴെ നീളമായിരിക്കും പുതിയ വാഹനത്തിന്. 3850 എഎം നീളവും 1645 എംഎം വീതിയും 1730 എംഎം ഉയരവും 2550 എംഎം വീൽബെയ്സുമുണ്ടാകും. ജപ്പാനിലും യൂറോപ്പിലും പുറത്തിറങ്ങിയ ജിംനിയുടെ ചെറിയ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ കയറ്റുമതിക്കായി ജിംനിയുടെ അസംബ്ലിങ് ഗുരുഗ്രാം ശാലയിൽ ആരംഭിച്ചിരുന്നു.
മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയായിരക്കും ജിംനി വിൽപനയ്ക്കെത്തുക. 2018ൽ ജപ്പാനിലായിരുന്നു നാലാം തലമുറ ജിംനിയുടെ അരങ്ങേറ്റം പിന്നാലെ വിവിധ വിദേശ വിപണികളിലും തരംഗമായി മാറി. ഓഫ് റോഡ് ഡ്രൈവിങ്ങിനു പുറമെ യാത്രാസുഖവും ഉറപ്പുവരുത്തുന്ന രീതിയിലാണ് നാലാം തലമുറ വാഹനത്തിന്റെ രൂപകൽപന. ദൃഢതയുള്ള ലാഡർ ഫ്രെയിം ഷാസിയും എയർ ബാഗ്, എ ബി എസ്, ഇ എസ് പി, പവർ സ്റ്റീയറിങ്, റിവേഴ്സ് പാർക്കിങ് സെൻസറുമൊക്കെയുള്ള ടച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം വാഹനത്തിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.