മട്ടന്നൂരിൽനിന്നൊരു വൈദ്യുത സ്​കൂട്ടർ; ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 50 പൈസ മാത്രം

ഇ-ഓട്ടോ നിര്‍മ്മാണത്തിലൂടെ ശ്രദ്ധേയമായ കേരള ഓ​ട്ടോമൊബൈൽ ലിമിറ്റഡ്​ ഇനിമുതൽ ഇ-സ്‌കൂട്ടറും നിർമിക്കും. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പുതിയ പദ്ധതി. വ്യവസായ മന്ത്രി ഇ.പി.ജയരാജനാണ്​ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്​.


വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്​ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്. കെ.എ.എൽ നിര്‍മിച്ച ഇ-ഒട്ടോ നേപ്പാളിലേക്ക്​ ഉൾപ്പടെ കയറ്റുമതി ചെയ്​തിരുന്നു. ഓ​ട്ടോകളുടെ നിർമാണത്തിൽ കൈവരിച്ച വിജയത്തെതുടർന്നാണ്​ പുതിയ ചുവടുവെയ്പ്. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 50 പൈസ മാത്രമാണ് ചെലവ് വരിക എന്നതാണ് ഇ-സ്‌കൂട്ടറിന്‍റെ വലിയ പ്രത്യേകതയെന്ന്​ മന്ത്രി ഫേസ്​ബുക്കിൽ കുറിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ കീഴല്ലൂര്‍ പഞ്ചായത്തിലെ മിനിവ്യവസായ പാര്‍ക്കിലാണ് സംരംഭം തുടങ്ങുന്നത്.

Full View

തുടക്കത്തില്‍ മൂന്ന് മോഡലുകളില്‍ സ്‌കൂട്ടര്‍ നിര്‍മ്മിക്കും. 46,000 മുതല്‍ 58,000 രൂപവരെയാകും വില. പുതിയ സംരംഭം തുടങ്ങുന്നതോടെ 71 പേര്‍ക്ക് നേരിട്ടും 50ല്‍ അധികംപേര്‍ക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. പ്രകൃതി സൗഹൃദ സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കേരളത്തിന് കരുത്താകുന്നതാണ് പുതിയ പദ്ധതി. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ദ്ധനവില്‍ നിന്ന്​ സാധാരണക്കാര്‍ക്ക് രക്ഷനേടാനും ഇന്ധന ഉപയോഗം കുറയ്ക്കാനും പദ്ധതിയിലൂടെ കഴിയും എന്നതും നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.