കർവയുടെ ആഡംബര ലിമോസിൻ വാഹനങ്ങളുടെ മാതൃക
ദോഹ: പുതിയ ഐക്കണിക് ലിമോസിൻ വാഹനനിര പുറത്തിറക്കി മുവാസലാത്ത് (കർവ). ഖത്തറിന്റെ മുൻനിര ആഡംബര ഗതാഗത നിരയിലേക്കുള്ള ഏറ്റവും പുതിയ ചുവടുവെപ്പാണിത്. ഖത്തറിന്റെ തനത് സാംസ്കാരിക പൈതൃകത്തിന്റെയും പുരോഗമന ഭാവിയുടെയും കഥ പറയുന്ന, ഐക്കണിക് ലിമോസിൻ ഡിസൈൻ മത്സരത്തിൽനിന്ന് വിജയിച്ച ഡിസൈനും പുതിയ നിരയിലുൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ മുവാസലാത്തിന്റെ പങ്കാളിത്തത്തോടെ ഖത്തർ ടൂറിസം സംഘടിപ്പിച്ച ഐക്കണിക് ലിമോസിൻ ഡിസൈൻ മത്സരത്തിൽ വിജയിച്ച മായ മിസ്രി ശൈബാനെയുടെ ഡിസൈനാണ് പുതിയ ലിമോസിൻ വാഹനനിരയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.ഖത്തറിന്റെ സാംസ്കാരിക പൈതൃകത്തിൽനിന്നും വിനോദസഞ്ചാര അനുഭവങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള ഐക്കണിക് ലിമോസിൻ ഫ്ളീറ്റ് ഡിസൈൻ മത്സരത്തിലേക്ക് 450 ഡിസൈനുകളാണ് എത്തിയത്. ലിമോസിൻ വാഹനങ്ങൾക്ക് രൂപരേഖ തയാറാക്കുന്നതുമായി ബന്ധപ്പെട്ട ഖത്തർ ടൂറിസം മത്സരം ഏറെ ദേശീയശ്രദ്ധ നേടിയിരുന്നു. ഖത്തറിന്റെ സംസ്കാരവും പൈതൃകം, ഭാവി, സുസ്ഥിരതയും പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാടും എന്നീ മൂന്നു വ്യത്യസ്ത പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് ഖത്തർ ആസ്ഥാനമായുള്ള കലാകാരന്മാർ രൂപരേഖ തയാറാക്കിയത്. ഖത്തർ ടൂറിസത്തിലെ തെരഞ്ഞെടുത്ത പാനൽ സമർപ്പിക്കപ്പെട്ട രൂപരേഖകളിൽനിന്ന് യോഗ്യമായത് തെരഞ്ഞെടുക്കുകയും പിന്നീട് പൊതു വോട്ടിനിടുകയും ചെയ്തു. അന്തിമഘട്ടത്തിൽ വിദഗ്ധ സമിതിയുടെ വിലയിരുത്തലിനു ശേഷമാണ് വിജയികളെ തെരഞ്ഞെടുത്തത്.
വിജയിച്ച ഡിസൈനുകൾ മുശൈരിബിലെ എം7ൽ അനാഛാദനം ചെയ്തു. മായയെ ജൂറി വിജയിയായി തെരഞ്ഞെടുത്തപ്പോൾ ശംസെദ്ദീൻ ഷെക്രൂൻ 6500ലധികം വോട്ടുകൾ നേടി ഏറ്റവും കൂടുതൽ പൊതുവോട്ട് കരസ്ഥമാക്കിയിരുന്നു. അതേസമയം, പുതുതായി അവതരിപ്പിച്ച ലിമോസിൻ ബ്രാൻഡഡ് ഫ്ളീറ്റ് കർവ ആപ്ലിക്കേഷൻ വഴിയും ഉപഭോകൃത സേവന കേന്ദ്രം വഴിയും ബുക്ക് ചെയ്യാം. അതുല്യവും മികച്ച ഇൻ-ക്ലാസ് സേവനവുമാണ് ഈ ലിമോസിനുകൾ വാഗ്ദാനം ചെയ്യുന്നത്. ഖത്തറിൽ വളർന്നുവരുന്ന ടൂറിസം വാഗ്ദാനങ്ങൾക്ക് പുതിയ സവിശേഷമായ മാനമാണ് ഐക്കണിക് ലിമോസിൻ സംരംഭം നൽകുന്നത്. ഖത്തർ ടൂറിസത്തിന്റെ സർവിസ് എക്സലൻസ് പ്രോഗ്രാമിന്റെ ഭാഗം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.