സ്കോഡക്ക് ഇത് നല്ലകാലം; കമ്പനിയുടെ മൂന്നാമ​ത്തെ വലിയ വിപണിയായി ഇന്ത്യ

ഇന്ത്യന്‍ വാഹന വിപണിയിലെ വിൽപ്പന വരൾച്ച പരിഹരിച്ച് സ്കോഡ മോട്ടോഴ്സ്. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കിടെ 37,568 വാഹനങ്ങളാണ് സ്‌കോഡ ഇന്ത്യയിൽ വിറ്റഴിച്ചത്. ചെക്ക് വാഹന നിര്‍മാതാക്കളുടെ ഇന്ത്യന്‍ വിപണിയിലെ എക്കാലത്തെയും മികച്ച പ്രകടനമാണിത്. ഇതോടെ ജർമനിക്കും ചെക്ക് റിപ്പബ്ലിക്കിനും ശേഷമുള്ള ബ്രാന്‍ഡിന്റെ ആഗോളതലത്തിലെ മൂന്നാമത്തെ വലിയ വിപണിയായും ഇന്ത്യ മാറി.

ഇതിനുമുമ്പ് 2012ലായിരുന്നു സ്‌കോഡ കൂടുതല്‍ വാഹനങ്ങള്‍ രാജ്യത്ത് വിറ്റഴിച്ചത്, 34,678 എണ്ണം. സമീപകാലത്ത് കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കിയതോടെയാണ് സ്‌കോഡയുടെ വാഹനങ്ങളുടെ ഡിമാന്റ് ഇന്ത്യയിൽ ഉയരുന്നത്. ഓഗസ്റ്റില്‍മാത്രം 4,222 കാറുകളാണ് സ്‌കോഡ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 3,829 യൂനിറ്റുകളുടെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സ്ലാവിയ സെഡാന്‍, കുഷാക് മിഡ്-സൈസ് എസ്‌.യു.വി തുടങ്ങിയ പുതിയ ലോഞ്ചുകളാണ് കമ്പനിയുടെ സ്ഥിരമായ വളര്‍ച്ചയ്ക്ക് കാരണം.

സ്‌കോഡ ഓട്ടോയുടെ ഇന്ത്യയിലെ എക്കാലത്തെയും വലിയ വര്‍ഷമായി 2022 മാറുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു. നിലവിലെ ഡിമാന്റ് തുടര്‍ന്നാല്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെ വില്‍പ്പനയില്‍ ഇരട്ടിയോളം വര്‍ധനവ് നേടാനാകുമെന്ന് സ്‌കോഡ സി.ഇ.ഒ ക്ലോസ് സെല്‍മര്‍ പറഞ്ഞു. തങ്ങളുടെ പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആരാധകര്‍ക്കുമാണ് ഇതിന്റെ ക്രെഡിറ്റ്. ബ്രാന്‍ഡിലുള്ള അവരുടെ വിശ്വാസമാണ് ഈ നേട്ടം സാധ്യമാക്കിയതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഈ വര്‍ഷം ആദ്യം ഫെയ്‌സ്‌ലിഫ്റ്റ് കൊഡിയാക്ക് 7 സീറ്റ് ലക്ഷ്വറി എസ്‌.യു.വി സ്‌കോഡ പുറത്തിറക്കിയിരുന്നു. ലോഞ്ച് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഈ വര്‍ഷത്തെ മുഴുവന്‍ പ്രൊഡക്ഷനുകളും (1,000-1,200 യൂനിറ്റുകള്‍) വിറ്റഴിച്ചതിനെത്തുടര്‍ന്ന് ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. നിലവിൽ ഈ മോഡലിന്റെ ബുക്കിങ് വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ബുക്കിങുകളുടെ ഡെലിവറി 2023-ന്റെ ആദ്യ പാദത്തില്‍ നടക്കും. 

Tags:    
News Summary - India is Skoda’s third largest market following record sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.