വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ഗേറ്റിന് മുമ്പിൽ മാർഗതടസം ഉണ്ടാക്കുന്ന തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നമ്മുടെ നാട്ടിൽ സർവ സാധാരണമാണ്. ഇത് പലപ്പോഴും വാക്കുതർക്കത്തിലും ഏറ്റുമുട്ടലിലുമാണ് കലാശിക്കാറുള്ളത്. എന്നാൽ, ഗേറ്റിന് മുമ്പിലെ അനധികൃത പാർക്കിങ് തടയാനായി ആസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ ഒരു ബിസിനസുകാരൻ രസകരമായ വിദ്യ പ്രയോഗിച്ചു. ഗേറ്റിൽ ഒരു മോഷൻ ആക്ടിവേറ്റഡ് സ്‌പ്രിങ്ളർ സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്.
അടഞ്ഞു കിടക്കുന്ന ഗേറ്റിന് മുമ്പിൽ വാഹനം നിർത്തിയാൽ ഉടൻ തന്നെ സ്‌പ്രിങ്ളറിലെ ഓട്ടോമാറ്റിക് ഡിക്റ്ററ്റർ പ്രവർത്തിക്കുകയും വെള്ളം ചീറ്റുകയും ചെയ്യും. വാഹനത്തിലും വാഹനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഡ്രൈവറിന്‍റെ ദേഹത്തുമാണ് വെള്ളം വീഴുക. വാഹനം സ്ഥലത്ത് നിന്ന് നീക്കും വരെ വെള്ളം ചീറ്റുന്നത് തുടരും. ഉടൻ തന്നെ ഡ്രൈവർ വാഹനവുമായി സ്ഥലംവിടും.
അനധികൃത പാർക്കിങ്ങും വാഹനങ്ങൾ നിർത്തിയിടുന്നതും നിയമവിരുദ്ധമാണെന്നും അനധികൃത പാർക്കിങ്ങിന്‍റെ വിഡിയോ പൊലീസിന് കൈമാറുമെന്നും ഓട്ടോമാറ്റിക് സ്പ്രിങ്ളർ സ്ഥാപിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ബിസിനസുകാരൻ ഗേറ്റിന് മുമ്പിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ മുന്നറിയിപ്പ് അവഗണിച്ച് വാഹനം പാർക്ക് ചെയ്യുന്നവർക്ക് നേരെയാണ് ഓട്ടോമാറ്റിക് സ്പ്രിങ്ളർ വെള്ളം ചീറ്റുക.
സ്പ്രിങ്ളർ സ്ഥാപിച്ച ബിസിനസുകാരൻ
സ്ഥാപനത്തിന്‍റെ പാർക്കിങ് സ്ഥലത്തേക്ക് പോകുന്ന റോഡിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് തടസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സ്പ്രിങ്ളർ സ്ഥാപിച്ചതെന്ന് വ്യാപാരി പറയുന്നു. ഡ്രൈവ് വേയിൽ മാലിന്യം നിക്ഷേപിച്ചാലും സ്പ്രിങ്ളറിൽ നിന്ന് വെള്ളം ചീറ്റാറുണ്ട്. അതേസമയം, സ്‌പ്രിങ്ളറിൽ നിന്നും ചീറ്റുന്ന വെള്ളം ഉപയോഗിച്ച് ചില വിരുതന്മാർ വാഹനം കഴുകാറുമുണ്ട്.
ഗേറ്റിന് മുമ്പിൽ വാഹനം നിർത്തുന്നതിന്‍റെയും സ്‌പ്രിങ്ളർ വെള്ളം ചീറ്റുന്നതോടെ ഡ്രൈവർ സ്ഥലം കാലിയാക്കുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അനധികൃത പാർക്കിങ് ഒഴിവാക്കാൻ ഈ രസകരമായ വിദ്യ നമുക്കും പ്രയോഗിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.