ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തിയ ദക്ഷിണകൊറിയൻ വാഹന നിർമാണ കമ്പനിയാണ് ഹ്യുണ്ടായ്. ഐ-10, ഐ-20, സാൻഡ്രോ തുടങ്ങിയ ജനപ്രിയ വാഹങ്ങൾ ഇന്ത്യൻ വിപണികൾ കയ്യടക്കിയപ്പോൾ മാരുതി പോലുള്ള ഇന്ത്യൻ കമ്പനികൾക്ക് വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. പിന്നീട് ഹ്യുണ്ടായ് പുറത്തിറക്കിയ വെന്യൂ, ക്രെറ്റ എന്നീ എസ്.യു.വി സെഗ്‌മെന്റ് വാഹനങ്ങളും വിപണിയിൽ വലിയ ഓളങ്ങൾ സൃഷ്ട്ടിച്ചു. ഇപ്പോഴിതാ, ഇന്ത്യക്കാർക്ക് മറ്റൊരു സർപ്രൈസുമായാണ് ഹ്യുണ്ടായ് എത്തുന്നത്.
ഇനിമുതൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഹൈബ്രിഡ്, കോംപാക്ട് ക്രോസ്ഓവർ വാഹനങ്ങൾക്ക് 1.2 ലിറ്ററിന്റെ ടി.ജി.ഡി.ഐ (ടർബോചാർജ്ഡ് ഗ്യാസോലിൻ ഡയറക്റ്റ് ഇഞ്ചക്ഷൻ) എഞ്ചിനുകളാകും ലഭിക്കുക. ഇത് ഇന്ത്യയിലെ വാഹന പ്രേമികൾക്ക് മാത്രമായി നിർമ്മിച്ചതാണെന്ന് ഹ്യുണ്ടായ് പറഞ്ഞു. പുതിയ നാല് സിലിണ്ടർ പവർട്രെയിൻ എൻജിൻ ഡിസൈൻ ചെയ്തിരിക്കുന്നത് കൂടുതൽ ഇന്ധനക്ഷമത നൽകുന്ന രീതിയിലാണ്. കൂടാതെ ഈ എൻജിൻ ഒന്നിൽ കൂടുതൽ ഓപ്ഷനുകളിലും ലഭ്യമാകുമെന്ന് ഹ്യുണ്ടായ് അറിയിച്ചു.
ലഭ്യമായ വിവരങ്ങൾ പ്രകാരം പുതിയ 1.2 ലിറ്റർ ടർബോ-പെട്രോൾ എൻജിൻ (ആഗോളതലത്തിൽ 'ബയോൺ' കാറിന് ഉപയോഗിക്കുന്നത്) 2026 ന്റെ മധ്യത്തോടെയാകും ഇന്ത്യയിൽ അവതരിപ്പിക്കുക. അതിനാൽ തന്നെ ഇന്ത്യയിലെ ഹൈബ്രിഡ് വാഹനങ്ങളുടെ തുടക്കം 1.2 ലിറ്ററിന്റെ ടി.ജി.ഡി.ഐ എൻജിനിൽ ആയിരിക്കും. ഇത് വാഹനത്തിന്റെ മൈലേജിലും പ്രകടനത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഹ്യുണ്ടായ് അവകാശപ്പെടുന്നു. 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനുകൾ നിലവിൽ ഹ്യുണ്ടായ് വാഹനങ്ങൾക്ക് ലഭ്യമാണ്. ഇതിനെ ബാലൻസ് ചെയ്യാനാണ് 1.2 ലിറ്ററിന്റെ ടി.ജി.ഡി.ഐ എൻജിന്റെ കടന്നുവരവ്. ഇത് 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനിനേക്കാൾ ഇന്ധനക്ഷമത നൽകും.
ഹ്യുണ്ടായ് 1.2 ലിറ്റർ ടർബോ-പെട്രോൾ എൻജിന്റെ പ്രധാന എതിരാളി ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മാരുതി സുസുകി തന്നെയാകും. മാരുതി സുസുക്കിയുടെ 1.2 ലിറ്റർ 3 സിലിണ്ടർ എൻജിനാണ് ഹ്യുണ്ടായ്‌ക്ക് വെല്ലുവിളി. എന്നാലും വരാനിരിക്കുന്ന ഹൈബ്രിഡ് മോഡലുകളായ വെന്യൂ, ഐ-20 എന്നിവക്ക് കരുത്തേകുന്നത് ഈ എൻജിനാകും. ഈ വാഹനങ്ങൾ മാരുതിയുടെ സ്വിഫ്റ്റ്, ബലേനോ, വാഗൺ ആർ, ഫ്രോങ്സ് എന്നിവയോടാകും മത്സരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.