ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, തങ്ങളുടെ ജനപ്രിയ ബൈക്കായ ഹോർനെറ്റിന്റെ പുതിയ മോഡൽ അവതരിപ്പിച്ചു. കൂടുതൽ കരുത്തും ബ്ലൂടൂത്ത് കണക്ടിവിറ്റി ഉൾപ്പെടെയുള്ള ഫീച്ചറുകളോട് കൂടിയാണ് പുതിയ ഹോർനെറ്റ് 2.0 എത്തുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് 14,000 രൂപ അധികമായി വരുന്ന വാഹനത്തിന് 1.57 ലക്ഷമാണ് എക്സ് ഷോറൂം വില. വില വർദ്ധനവ് അനുസരിച്ചുള്ള സവിശേഷതകൾ വാഹനത്തിൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
എൻജിനിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഒ.ബി.ഡി.2.ബി മാനദണ്ഡത്തിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ പവറിലും ടോർക്കിലും നേരിയ കുറവ് വന്നിട്ടുണ്ട്. 184 സി.സി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എൻജിനാണ്. ഇത് 16.7 ബി.എച്ച്.പി പവറും 15.7 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സും അസിസ്റ്റ് സ്ലിപ്പർ ക്ലച്ചുമുണ്ട്.
ബൈക്കിന് 4.2 ഇഞ്ച് ടി.എഫ്‍.ടി ഡിജിറ്റൽ ഡിസ്‌പ്ലേ ഉണ്ട്. അത് ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കുന്നു. ഇതിലൂടെ, ഹോണ്ട റോഡ്‌സിങ്ക് ആപ്പിന്റെ സഹായത്തോടെ നിങ്ങൾക്ക് നാവിഗേഷൻ, കോൾ അലേർട്ടുകൾ, എസ്.എം.എസ് അറിയിപ്പുകൾ എന്നിവ ആക്‌സസ് ചെയ്യാൻ സാധിക്കും.
ദീർഘദൂര യാത്രകളിൽ മൊബൈൽ ചാർജ് ചെയ്യേണ്ടതിന്റെ ആശങ്ക ഇനിയില്ല. യാത്രയ്ക്കിടെ ചാർജ് ചെയ്യാൻ സാധിക്കുന്ന ഒരു യു.എസ്‍.ബി-സി പോർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹോർനെറ്റ് ബൈക്കിൽ ഹോണ്ടയുടെ ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഡ്യുവൽ-ചാനൽ എബിഎസും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്, ഇത് റൈഡിംഗ് കൂടുതൽ സുരക്ഷിതമാക്കും
ബൈക്കിന്റെ ബോഡി ഡിസൈനിൽ ഹോണ്ട വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. പേൾ ഇഗ്നിയസ് ബ്ലാക്ക്, റേഡിയന്റ് റെഡ് മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് തുടങ്ങിയ കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.