സി.എൽ 300 സ്ക്രാംബ്ലറുമായി ഹോണ്ട; ആദ്യം എത്തുക ചൈനയിൽ

സി.എൽ 300 സ്ക്രാംബ്ലർ ബൈക്ക് ചൈനയിൽ അവതരിപ്പിക്കുമെന്ന് ഹോണ്ട. ചൈന എക്‌സ്‌ക്ലൂസീവ് മോട്ടോര്‍സൈക്കിളായാണ് സി.എൽ 300 ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുക. ഇന്ത്യയിൽ വിൽക്കുന്ന സി.ബി 300 ആറിൽ ഉപയോഗിച്ചിരിക്കുന്ന അതേ എഞ്ചിനാണ് ബൈക്കിൽ വരുന്നത്. സുന്‍ഡിറോ ഹോണ്ടയായിരിക്കും ബൈക്ക് ചൈനയ്ക്കായി നിര്‍മ്മിക്കുക.

വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകളും റിയര്‍ വ്യൂ മിററുകളും സഹിതം ബെയര്‍ ബോണ്‍ ഡിസൈനാണ് ഹോണ്ട സി.എൽ 300ന് നല്‍കിയിരിക്കുന്നത്. ഓള്‍-എല്‍ഇഡി സജ്ജീകരണം, ഫോര്‍ക്ക് ഗെയ്റ്ററുകള്‍, വൃത്താകൃതിയിലുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പോഡ്, ഗ്രിപ്പ് പാഡുകളോട് കൂടിയ ഫ്യൂവല്‍ ടാങ്ക്, ക്വില്‍റ്റഡ് പാറ്റേണിലുള്ള ഫ്‌ലാറ്റ് സീറ്റ് എന്നിവയാണ് മറ്റ് പ്രധാന ഹൈലൈറ്റുകള്‍. മെറ്റാലിക് ഫിനിഷില്‍ ഹീറ്റ് ഷീല്‍ഡ് കവറുള്ള ഹൈ മൗണ്ടഡ് എക്സ്ഹോസ്റ്റാണ് മറ്റൊരു സവിശേഷത.

ബൈക്കിന്റെ സീറ്റ് ഹൈറ്റ് 790 എം.എം ആണ്. സീറ്റ് ഹൈറ്റ് കുറവായതിനാല്‍ ഉയരം കുറഞ്ഞ യാത്രക്കാര്‍ക്ക് എളുപ്പം കൈകാര്യം ചെയ്യാനാകും. 165 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുള്ളതിനാല്‍ മൈല്‍ഡ് ഓഫ്-റോഡ് ബൈക്കായും ഉപയോഗിക്കാം. ലൈറ്റ്‌വെയിറ്റ് ബോഡിയാണ് മറ്റൊരു പ്രത്യേകത. 172 കിലോഗ്രാം ആണ് ഭാരം. ഇത് ഹോണ്ട റെബല്‍ 300-നേക്കാള്‍ 19 കിലോ കുറവാണ്.

സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ സി.എൽ 300 വാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തേതിന് ചില അധിക സവിശേഷതകള്‍ ലഭിക്കും. കോംപാക്റ്റ് ബോഡി-കളേര്‍ഡ് വിന്‍ഡ്സ്‌ക്രീന്‍, ഉയര്‍ത്തിയ ഫ്രണ്ട് ബീക്ക്, ബോഡി-നിറമുള്ള നക്കിള്‍ ഗാര്‍ഡുകള്‍, സൈഡ് മൗണ്ടഡ് ട്രാക്കര്‍ നമ്പര്‍ പ്ലേറ്റ്, ടാന്‍ ലെതര്‍ സീറ്റ് തുടങ്ങിയ സവിശേഷതകള്‍ പ്രീമിയം വേരിയന്റിൽ ലഭിക്കും.

ബ്ലാക്ക്, വൈറ്റ്, ലൈറ്റ് ഗ്രേ നിറങ്ങളിൽ ബൈക്ക് ലഭിക്കും. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ കാര്യത്തില്‍ അതാത് നിറം ഇന്ധന ടാങ്കില്‍ മാത്രം നല്‍കിയിരിക്കുന്നത് മാത്രമാണ് അടിസ്ഥാനപരമായ വ്യത്യാസം. ബാക്കിയുള്ള ബൈക്കിന് വലിയതോതില്‍ ബ്ലാക്ക്-ഔട്ട് പ്രൊഫൈലുണ്ട്. ഹെഡ്ലാമ്പ് കേസിംഗ്, ഫ്രണ്ട് സസ്‌പെന്‍ഷന്‍, എക്സ്ഹോസ്റ്റ് ഹീറ്റ് ഷീല്‍ഡ് എന്നിവയില്‍ മെറ്റാലിക് ഫിനിഷ് കാണാം.

286 സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ ആണ് ബൈക്കിന് കരുത്തുപകരുന്നത്. 25.7 bhp ആണ് പവർ ഔട്ട്പുട്ട്. CB300R നെ അപേക്ഷിച്ച് 5 bhp കുറവാണ്. 6-സ്പീഡ് ഗിയര്‍ബോക്സാണ്. സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമാണ് നൽകിയിട്ടുള്ളത്. ഇരുവശത്തും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളാണുള്ളത്. ഇത് ഡ്യുവല്‍-ചാനല്‍ എബിഎസുമായി സംയോജിപ്പിച്ചിരിക്കുന്നു. 19 ഇഞ്ച് മുന്‍ ചക്രങ്ങളും 17 ഇഞ്ച് പിന്‍ ചക്രങ്ങളുമുണ്ട്. ഡ്യുവല്‍-പര്‍പ്പസ് ടയറുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

സമീപഭാവിയില്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര വിപണികളിലും ഹോണ്ട സി.എൽ 300 അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, യെസ്ഡി സ്‌ക്രാമ്പ്ളര്‍ തുടങ്ങിയ മോഡലുകള്‍ക്കെതിരെയാവും വാഹനം മത്സരിക്കുക. തായ്ലന്‍ഡ്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ മറ്റ് രാജ്യങ്ങളില്‍ ഹോണ്ട ഇതിനകം തന്നെ സി.എൽ 300 ട്രേഡ് മാര്‍ക്ക് ചെയ്തിട്ടുണ്ട്. പിന്നാലെ യൂറോപ്യന്‍ വിപണികളിലേക്കും ബൈക്ക് എത്തിക്കും.

Tags:    
News Summary - Honda CL300 scrambler unveiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.