ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (HMSI) 350 സി.സി ഇരുചക്രവാഹനനിരയിൽ CB350 മോഡലിന്റെ പരിഷ്‌ക്കരിച്ച സ്പെഷ്യൽ എഡിഷൻ പതിപ്പ് CB350C പുറത്തിറക്കി. 2,01,900 ലക്ഷം രൂപയാണ് ബംഗളൂരു എക്സ് ഷോറൂം വില. ബൈക്കിന്റെ ബുക്കിങ് ഹോണ്ട ബിഗ് വിങ് ഡീലർഷിപ്പ് വഴി രാജ്യത്തുടനീളം 2025 ഒക്ടോബർ ആദ്യവാരം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
ഹോണ്ട 350 സി.സി ഇരുചക്രവാഹനനിരയിൽ പുതിയൊരു ഐഡന്റിറ്റിയിലാണ് CB350C സ്പെഷ്യൽ എഡിഷൻ കമ്പനി അവതരിപ്പിച്ചത്. അതിനാൽതന്നെ ഇന്ധന ടാങ്കിൽ CB350Cയുടെ പുതിയൊരു ലോഗോയും ഹോണ്ട ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രോം-ഫിനിഷ്ഡ് റിയർ ഗ്രബ്റെയിലിൽ ബ്ലാക്ക്, ബ്രൗൺ സീറ്റ് കളർ, വേരിയന്റ് അനുസരിച്ച് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. റിബൽ റെഡ് മെറ്റാലിക്, മാറ്റ് ഡൂൺ ബ്രൗൺ എന്നീ രണ്ട് കളർ ഓപ്ഷനുകളാണ് CB350C സ്പെഷ്യൽ എഡിഷനുള്ളത്.
ഹോണ്ട CB350C സ്പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളിന് ഹോണ്ട സ്മാർട്ഫോൺ വോയിസ് കണ്ട്രോൾ സിസ്റ്റം (HSVCS) കണക്ടഡ് ചെയ്യാവുന്ന ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു. കൂടാതെ ഡ്യൂവൽ-ചാനൽ എ.ബി.എസ്, ഹോണ്ട സെലക്ടബിൾ ടോർക് കണ്ട്രോൾ (HSTC), അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച് എന്നിവ സ്പെഷ്യൽ എഡിഷന് ഹോണ്ട നൽകിയിട്ടുണ്ട്.
348.36 സി.സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ ബി.എസ് 6 OBD2B E20- PGM-FI എൻജിനാണ് CB350C സ്പെഷ്യൽ എഡിഷന്റെ കരുത്ത്. ഇത് പരമാവധി 5,500 ആർ.പി.എമിൽ 20.9 ബി.എച്ച്.പി പവറും 3,000 ആർ.പി.എമിൽ 29.5 പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയിണക്കിയതാണ്.
"CB പാരമ്പര്യം എല്ലായ്‌പ്പോഴും കാലാതീതമായ രൂപകൽപ്പന, പരിഷ്കൃത പ്രകടനം, തലമുറകളിലുടനീളം റൈഡർമാരുമായുള്ള ശക്തമായ വൈകാരിക ബന്ധം എന്നിവയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. CB350C സ്പെഷ്യൽ എഡിഷനിലൂടെ ഞങ്ങളുടെ ഇടത്തരം മോട്ടോർസൈക്കിൾ നിരയെ ശക്തിപ്പെടുത്തുകയും പുതിയ ഉപഭോക്താക്കൾക്ക് പുതിയ ഐഡന്റിറ്റി സൃഷ്ടിക്കുകയും ചെയ്യുന്നു' എന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. CB350C സ്പെഷ്യൽ എഡിഷൻ ബൈക്കുകളുടെ ബുക്കിങ് 2025 ഒക്ടോബർ മുതൽ ഓൺലൈൻ വഴിയും ഡീലർഷിപ്പ് വഴിയും ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.