എക്സ്ട്രീം 160 ആർ അവതരിപ്പിച്ച് ഹീറോ; വില 1.27 മുതൽ 1.36 ലക്ഷംവരെ

വാഹനപ്രേമികൾ ഏറെ നാളായി കാത്തിരുന്ന പുതിയ എക്‌സ്ട്രീം 160 ആർ 4V ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2023 ഹീറോ എക്സ്‍ട്രീം 160R രാജ്യത്തെ ഏറ്റവും വേഗതയേറിയതും ഭാരം കുറഞ്ഞതുമായ 160 സിസി മോട്ടോർസൈക്കിളാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ മോട്ടോർസൈക്കിൾ ഓൺലൈനിലോ അംഗീകൃത ഹീറോ ഡീലർഷിപ്പുകളിലോ ബുക്ക് ചെയ്യാം. ഡെലിവറികൾ ജൂലൈ രണ്ടാം വാരം മുതൽ ആരംഭിക്കും.

പുതിയ എക്സ്‍ട്രീം 160 ആർ 4V സ്റ്റാൻഡേർഡ്, കണക്റ്റഡ്, പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. യഥാക്രമം 1,27,300 രൂപ, 1,32,800 രൂപ, 1,36,500 രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില. 8500rpm-ൽ 16.9PS കരുത്തും 6600rpm-ൽ 14.6Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള പുതിയ 163.2 സിസി, നാല് സ്ട്രോക്ക്, എയർ-കൂൾഡ്, നാല്-വാൽവ് എഞ്ചിനാണ് ശെബക്കിന് കരുത്തേകുന്നത്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ബോക്സ് ടൈപ്പ് സ്വിംഗ് ആം ഉള്ള ട്യൂബുലാർ അണ്ടർബോൺ ഡയമണ്ട് ടൈപ്പ് ഫ്രെയിമിലാണ് മോട്ടോർസൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. 2V എഞ്ചിൻ ഉള്ള മുൻ മോഡൽ 15.2PS ഉം 14Nm ടോർക്കും നല്‍കിയിരുന്നു. കരുത്തിൽ നേരിയ വർധനയുണ്ട്. പരമ്പരാഗത ടെലിസ്‌കോപ്പിക് യൂനിറ്റുകൾക്ക് പകരം അപ്സൈഡ് ഡൗൺ ഫോർക്കുകളാണ് ബൈക്കിൽ. പിൻഭാഗത്ത് പ്രീലോഡ്-അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ-ഷോക്ക് യൂണിറ്റും ലഭിക്കും. സ്റ്റാൻഡേർഡ് വേരിയന്റിന് മുന്നിൽ പരമ്പരാഗത ടെലിസ്‌കോപിക് സസ്പെൻഷനും പിന്നിൽ 7-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോഷോക്കും ലഭിക്കുന്നു.

ബ്രേക്കിംഗിനായി രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ ഉണ്ട്. സിംഗിൾ ചാനൽ എബിഎസ് സ്റ്റാൻഡേർഡാണ്. ബൈക്കിന് 2029 എംഎം നീളവും 793 എംഎം വീതിയും 1052 എംഎം ഉയരവുമുണ്ട്. 1333 എംഎം ആണ് വീൽബേസ്. 795 എംഎം സീറ്റ് ഉയരവും 165 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 144 കിലോഗ്രാം ഭാരമുള്ള ഈ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോർസൈക്കിളാണിത്.

ഫീച്ചറുകളാൽ സമ്പന്നമാണ് വാഹനം. എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി നൽകിയിട്ടുണ്ട്. എൽഇഡി ലൈറ്റിങ് ആണ് വാഹനത്തിന്. നാല് നിറങ്ങളിൽ ബൈക്ക് ലഭ്യമാണ്. ടിവിഎസ് അപ്പാഷെ RTR 160 4V, ബജാജ് പൾസർ NS160 എന്നിവരായിരിക്കും പ്രധാന എതിരാളികൾ. 

Tags:    
News Summary - Hero Xtreme 160R 4V launched in four new colour options

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.