സിറ്റി ടൂറർ എക്‌സ്‌പൾസ് 200 ടി 4വി പതിപ്പ് അവതരിപ്പിച്ച് ഹീറോ; വില 1,25,726 രൂപ

പുതിയ എക്‌സ്‌പൾസ് 200 ടി 4വി പതിപ്പ് വിപണിയിൽ അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്. അഡ്വഞ്ചർ ടൂററായ എക്‌സ്‌പൾസിന്റെ സിറ്റി ടൂറർ വകഭേദമാണ് 200T. 1,25,726 രൂപ (എക്സ്ഷോറൂം) ആണ് ബൈക്കിന് വിലയിട്ടിരിക്കുന്നത്. അടുത്തിടെ കമ്പനി എക്‌സ്‌പൾസ് 200 2V അഡ്വഞ്ചർ ടൂറർ വേരിയന്റ് നിർത്തലാക്കിയിരുന്നു. അതിനുപകരമാണ് 4V പതിപ്പ് അവതരിപ്പിക്കുന്നത്.

പുറംമോടി

രൂപത്തിലും ഭാവത്തിലും കാര്യമായ പരിഷ്‍കാരങ്ങളോടെയാണ് എക്‌സ്‌പൾസ് 200 ടി 4വി എത്തുന്നത്. ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ ബോഡി കളർ ഓപ്ഷനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. എൽ.ഇ.ഡി ഹെഡ്‌ലാമ്പിന്റെ സ്ഥാനം മാറ്റി. മുൻവശത്തെ ടെലിസ്‌കോപ്പിക് ഫോർക്കുകളിൽ ഗെയ്‌റ്ററുകളും ഹെഡ്‌ലാമ്പിന് മുകളിൽ സ്ഥാനംപിടിച്ചിരിക്കുന്ന ചെറിയ ഫ്ലൈ സ്‌ക്രീനും പ്രത്യേകതകളാണ്.

ഹെഡ്‌ലൈറ്റ് യൂനിറ്റും ഹാൻഡിൽബാറും പഴയതിന് സമാനമാണ്. കറുത്ത മൾട്ടി-സ്‌പോക് അലോയ് വീലുകൾ, റൈഡറിനായി സ്‌കൂപ്പ് ചെയ്‌ത സിംഗിൾ-പീസ് സീറ്റ്, സൈഡ് ബോഡി വർക്ക്, സിംഗിൾ-പീസ് ട്യൂബുലാർ ഗ്രാബ് റെയിൽ എന്നിവയും ബൈക്കിനെ വേറിട്ട് നിർത്തുന്നു.

എഞ്ചിൻ

സിംഗിൾ സിലിണ്ടർ 199.6 സിസി ഓയിൽ കൂൾഡ് എഞ്ചിൻ പരമാവധി 18.83 bhp കരുത്തും 17.3 Nm ടോർക്കും ഉത്പാദിപ്പിക്കും. മുമ്പുണ്ടായിരുന്ന 2V വേരിയന്റ് 17.83 bhp പവറിൽ 16.15 Nm ടോർക് ആണ് നൽകിയിരുന്നത്.

നാല് വാൽവുള്ള എഞ്ചിൻ ആയതിനാൽ പുത്തൻ ഹീറോ എക്സ്പൾസ് 200T 4V കൂടുതൽ ശക്തമാണ്. കൂടാതെ മോട്ടോർസൈക്കിളിന് ദീർഘനേരം ശ്വസിക്കാനും കഴിയും. എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഫീച്ചറുകൾ

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പുതിയ പതിപ്പിന്റെ പ്രധാന സവിശേഷതയാണ്. സ്ട്രീറ്റ് റൈഡർമാർക്കും ടൂറിങ് അടിസ്ഥാനമാക്കിയുള്ള ഉപഭോക്താക്കൾക്കും ടേൺ-ബൈ-ടേൺ നാവിഗേഷൻ ഉപയോഗപ്രദമാകും. പ്രീ-ലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള റിയർ മോണോഷോക്ക് സസ്‌പെൻഷൻ, സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റമുള്ള ഫ്രണ്ട് ആൻഡ് റിയർ ഡിസ്‌ക് ബ്രേക്കുകൾ, യുഎസ്ബി ചാർജിംഗ് സൗകര്യം തുടങ്ങിയവയാണ് മറ്റ് ഹൈലൈറ്റുകൾ.

17 ഇഞ്ച് അലോയ് വീലുകളുള്ള റോഡ് അധിഷ്ഠിത ടയറുകളാണ് ഹീറോ മോട്ടോകോർപ് പുതിയ സിറ്റി ടൂറർ മോഡലിന് നൽകിയിരിക്കുന്നത്. മുൻഗാമിയേക്കാൾ 1000 രൂപ മാത്രമാണ് വാഹനത്തിന് കൂടുതൽ മുടക്കേണ്ടി വരിക. സ്‌പോർട്‌സ് റെഡ്, മാറ്റ് ഫങ്ക് ലൈം യെല്ലോ, മാറ്റ് ഷീൽഡ് ഗോൾഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും.

Tags:    
News Summary - Hero Xpulse 200T 4V launched at Rs 1.26 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.