പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഹ്യുണ്ടായ് ഐ20, ടാറ്റ അൾട്രോസ് എന്നീ മോഡലുകളെ പിന്തള്ളി വിപണിയിൽ ആധിപത്യം ഉറപ്പിക്കുകയാണ് മാരുതി സുസുക്കി ബലെനോ. ജൂലൈ മാസത്തിൽ 12,503 യൂനിറ്റും ആഗസ്റ്റ് മാസത്തിൽ 12,549 യൂനിറ്റും വിൽപ്പന നടത്തി റെക്കോഡ് നേട്ടത്തിലാണ് ബലെനോ മുന്നിലെത്തിയത്. ചരക്ക് സേവന നികുതി (ജി.എസ്.ടി) 2.0 നിലവിൽ വന്നതോടെ വിൽപ്പനയിൽ വീണ്ടും കുതിക്കുകയാണ് ഈ ഹാച്ച്ബാക്ക് വാഹനം.
ജി.എസ്.ടി ഇളവുകൾ പ്രഖ്യാപിച്ചതോടെ ഏറ്റവും താഴ്ന്ന വകഭേദത്തിന് 5.98 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഇത് ഇടത്തരം കുടുംബങ്ങൾക്ക് സ്വന്തമായൊരു വാഹനം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് നയിക്കുമെന്ന് മാരുതി സുസുകി പറഞ്ഞു.
1.2-ലിറ്റർ ഡ്യൂവൽജെറ്റ് ഡ്യൂവൽ-വി.വി.ടി പെട്രോൾ എൻജിൻ, 89.73 ബി.എച്ച്.പി കരുത്തും 113 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ് ബലേനോയുടെ കരുത്ത്. ഈ എൻജിൻ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഓട്ടോമാറ്റിക് മാനുവൽ എന്നീ ഗിയർബോക്സുകളുമായി ജോഡിയാക്കിയിട്ടുണ്ട്. കൂടാതെ 5 സ്പീഡ് മാനുവൽ ഗിയർബോക്സിൽ സി.എൻ.ജി വേരിയന്റും ബലേനോക്ക് ലഭിക്കുന്നുണ്ട്. ഈ എൻജിൻ പരമാവധി 77.5 ബി.എച്ച്.പി കരുത്തും 98.5 എൻ.എം ടോർക്കും ഉത്പാതിപ്പിക്കും.
ആർ.ബി.ഐയുടെ റിപ്പോ നിരക്ക് കുറവ്, ആദായനികുതി ഇളവുകൾ, ജി.എസ്.ടി ക്രമീകരണം തുടങ്ങിയ സാമ്പത്തിക നടപടികളാണ് പുതിയ വിലപരിഷ്ക്കരണങ്ങളുടെ പിന്നിൽ. ഉപഭോക്താക്കൾക്ക് വാഹനങ്ങൾ സ്വന്തമാക്കാനായി കുറഞ്ഞ ഇ.എം.ഐ സംവിധാനവും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.