വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' പാസാക്കിയാൽ പുതിയ പാർട്ടിയുണ്ടാക്കുമെന്ന് ഇലോൺ മസ്ക്. എങ്കിൽ ടെസ്‍ലയുടെ സബ്സിഡികൾ നിർത്തലാക്കുമെന്നും മസ്കിന് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോകേണ്ടിവരുമെന്നും ട്രംപ്. എന്നാൽ, റദ്ദാക്കൂവെന്ന് മസ്കിന്റെ വെല്ലുവിളി. ഇടവേളക്കുശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്‍ല മേധാവി ഇലോൺ മസ്കും തമ്മിലെ പോര് മുറുകുകയാണ്.
വൻ മാറ്റങ്ങളുമായി ട്രംപ് അവതരിപ്പിച്ച നികുതി ബില്ലാണ് ഇവരെ അകറ്റിയത്. കഴിഞ്ഞമാസം ആരോപണങ്ങളും വെല്ലുവിളികളുമായി ഇരുവരും രംഗത്തെത്തിയെങ്കിലും പിന്നീട് തണുത്തു. ചൊവ്വാഴ്ച നികുതി ബിൽ സെനറ്റിന്റെ പരിഗണനക്ക് വന്നതോടെയാണ് മസ്ക് വീണ്ടും വിമർശനം ഉന്നയിച്ചത്. പുതിയ നികുതി ബിൽ രാജ്യത്തിന്റെ കമ്മി 3.3 ട്രില്യൺ ഡോളർ വർധിപ്പിക്കുമെന്നാണ് മസ്കിന്റെ ആരോപണം.
നികുതി ബിൽ യു.എസ് കോൺഗ്രസ് പാസാക്കിയാൽ ‘അമേരിക്ക പാർട്ടി’ എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിക്കുമെന്നും ബില്ലിനെ പിന്തുണച്ചവരെ പരാജയപ്പെടുത്തുമെന്നും മസ്ക് പ്രഖ്യാപിച്ചു. ടെസ്‍ലക്കുള്ള സബ്സിഡികൾ നിർത്തലാക്കുമെന്ന ഭീഷണിയോടെയാണ് ട്രംപ് ഇതിനെ നേരിട്ടത്. ടെസ്‍ല സി.ഇ.ഒയുടെ കമ്പനികൾക്ക് നൽകിവരുന്ന സബ്സിഡികൾ സർക്കാർ കാര്യക്ഷമതാ വകുപ്പ് (ഡോജ്) പുനഃപരിശോധിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഇതുവഴി വൻതുക ലാഭിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായാണ് ‘എന്നാൽ എല്ലാം റദ്ദാക്കൂ’ എന്ന് മസ്ക് വെല്ലുവിളിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പിന്തുണക്കാൻ തീരുമാനിച്ചതിന് ഏറെക്കാലം മുമ്പുതന്നെ താൻ ഇലക്ട്രിക് വാഹന വിരുദ്ധനാണെന്ന് ഇലോൺ മസ്കിനറിയാമായിരുന്നുവെന്ന് സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞു. പരിഹാസ്യമായ കാര്യമാണ് ഇലക്ട്രിക് വാഹനം. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വിഷയമായിരുന്നു ഇത്. ഇലക്ട്രിക് കാറുകൾ നല്ലതാണ്. എന്നാൽ, അത് വാങ്ങാൻ എല്ലാവരെയും നിർബന്ധിക്കരുത് -ട്രംപ് പറഞ്ഞു.
മറ്റാരേക്കാളും കൂടുതൽ സബ്സിഡി ലഭിക്കുന്ന വ്യക്തിയാണ് ഇലോൺ മസ്ക്. സബ്സിഡി ഇല്ലെങ്കിൽ അദ്ദേഹത്തിന് കടകൾ പൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോകേണ്ടിവരും. കൂടുതൽ റോക്കറ്റ് വിക്ഷേപണങ്ങളും ഉപഗ്രഹങ്ങളും ഇലക്ട്രിക് കാറുകളും വേണ്ട. രാജ്യത്തിന് മെച്ചമായിരിക്കും ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.