ഇ20 പെട്രോൾ: മൈലേജ് കുറയൽ മാത്രമല്ല പാര, എൻജിൻ പണിയും വരുന്നെന്ന്

ന്യൂഡൽഹി: 2025 ഏപ്രിലിൽ ഇന്ത്യയിലുടനീളം ഇ20 പെട്രോൾ നിർബന്ധമാക്കിയതിനുശേഷം, മൈലേജിനെക്കുറിച്ചും വാഹനത്തിന്‍റെ മോശം പെർഫോമൻസിനെക്കുറിച്ചുമുള്ള പരാതികൾ നാൾക്കുനാൾ വർധിക്കുകയാണ്. 20 ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ മൈലേജ് കുറയ്ക്കുക മാത്രമല്ല, വാഹനത്തിന് ഇടക്കിടെ പണി തരുന്നുണ്ടെന്നും പറയുകയാണ് ‘ലോക്കൽ സർക്കിൾസ്’ നടത്തിയ പുതിയ സർവേ ഫലം.

രാജ്യത്തെ 323 ജില്ലകളിലെ 36,000-ത്തിലധികം പെട്രോൾ വാഹന ഉടമകളിൽനിന്നാണ് ‘ലോക്കൽ സർക്കിൾസ്’ സർവേക്കായി വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ 69 ശതമാനം പേർ പുരുഷന്മാരും 31 ശതമാനം സ്ത്രീകളുമായിരുന്നു. ഒന്നാം നിര നഗരങ്ങളിൽനിന്ന് 45 ശതമാനം പേരും, രണ്ടാം നിര നഗരങ്ങളിൽനിന്ന് 27 ശതമാനം പേരും, ചെറിയ പട്ടണങ്ങളിൽനിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നുമായി 28 ശതമാനം പേരുമാണ് സർവേയിൽ പങ്കെടുത്ത് വിവരങ്ങൾ നൽകിയത്.

കുറയുന്ന മൈലേജ്

ഇ20 ഇന്ധനം എല്ലാ വാഹനങ്ങൾക്കും സുരക്ഷിതമാണെന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ, 2023ന് മുമ്പ് വാങ്ങിയ കാറുകളോ ഇരുചക്ര വാഹനങ്ങളോ ഉപയോഗിക്കുന്ന വാഹന ഉടമകൾ പറയുന്നത് തങ്ങളുടെ ഇന്ധന ഉപഭോഗം വർധിച്ചെന്നാണ്; അതായത് മൈലേജ് കുറഞ്ഞെന്ന്. 2022-ലോ അതിനുമുമ്പോ വാങ്ങിയ പെട്രോൾ വാഹന ഉടമകളിൽ 10-ൽ എട്ടുപേർ പറയുന്നു, 2025ൽ വാഹനത്തിന്റെ മൈലേജ് വളരെ കുറഞ്ഞു എന്ന്. മൈലജിനെക്കുറിച്ച് പരാതി പറഞ്ഞത് ആഗസ്റ്റിൽ 67 ശതമാനം ആളുകളായിരുന്നെങ്കിൽ ഒക്ടോബറിൽ 80 ശതമാനം പേരും ഈ പരാതി ഉയർത്താൻ തുടങ്ങിയിട്ടുണ്ട്.

എൻജിൻ പണിയടക്കം അറ്റകുറ്റപ്പണി

മൈലേജ് കുറയുന്നത് മാത്രമല്ല, 2022-ലോ അതിനുമുമ്പോ വാങ്ങിയ പെട്രോൾ വാഹനങ്ങളുള്ള 52 ശതമാനം ഉടമകളും അവരുടെ വാഹനത്തിന് ഈ വർഷം അസാധാരണമായ തോതിൽ അറ്റകുറ്റപ്പണി നടത്തേണ്ടിവന്നുവെന്ന് പറയുന്നു. പണി കിട്ടുന്നതോ എൻജിൻ, പെട്രോൾ ലൈൻ, ടാങ്ക്, കാർബ്യുറേറ്റർ തുടങ്ങിയ പ്രധാന ഭാഗങ്ങൾക്കും. ആഗസ്റ്റിൽ ഇത്തരം അറ്റകുറ്റപ്പണി വന്നിരുന്നത് 28 ശതമാനമായിരുന്നെങ്കിൽ ഈ മാസം ഇത് ഏകദേശം ഇരട്ടിയായിട്ടുണ്ട്.

കാറുകൾ സ്റ്റാർട്ട് ആകുന്നില്ല എന്നത് മുതൽ ചെലവേറിയ എൻജിൻ തകരാർ വരെ സംഭവിച്ചുവെന്ന് നിരവധി ഉപയോക്താക്കൾ ഓൺലൈനിൽ പങ്കുവെച്ച തങ്ങളുടെ അനുഭവങ്ങളിൽ പറയുന്നു. എഞ്ചിൻ തകരാറിലായി അറ്റകുറ്റപ്പണികൾക്കായി ഏകദേശം 4 ലക്ഷം രൂപ ചെലവഴിച്ചതായി ചെന്നൈയിലെ ഒരു ആഡംബര കാർ ഉടമ പറയുന്നു.

ഉപയോക്താക്കൾ മാത്രമല്ല, മെക്കാനിക്കുകളും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്ധന സംബന്ധമായ പ്രശ്‌നങ്ങളിൽ 40 ശതമാനം വർധനവ് ഉണ്ടായെന്ന് വിവിധ നഗരങ്ങളിലെ മെക്കാനിക്കുകൾ ‘ലോക്കൽ സർക്കിൾസ്’ സർവേയിൽ പറയുന്നു. ഫ്യുവൽ ഇൻജക്ടർ തകരാറുകൾ, ടാങ്കിൽ തുരുമ്പ് പിടിക്കൽ തുടങ്ങിയ പ്രശ്നങ്ങളും മെക്കാനിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags:    
News Summary - E20 fuel hits mileage of older petrol vehicles and increasing maintenance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.