ബെൻസിന്റെ വിലയിൽ ഒരു സൂപ്പർ ബൈക്ക്; ഡുക്കാട്ടി പനിഗാലെ വി 4 ആർ ഇന്ത്യയിൽ

ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡുക്കാട്ടിയുടെ ഹൈ എൻഡ് ​മോഡലുകളിലൊന്ന് ഇന്ത്യയിൽ. രാജ്യത്തെ അൾട്രാ ലക്ഷ്വറി ടൂവീലർ വിഭാഗത്തിലേക്ക് പാനിഗാലെ വി4 ആർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സ്റ്റാൻഡേർഡ് പനിഗാലെ V4 പതിപ്പിന്റെ ടോപ്പ് എൻഡ് വേരിയന്റായ വി4 ആർ മോഡലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ സൂപ്പർ ബൈക്കിന്റെ എക്സ്ഷോറൂം വില 69.90 ലക്ഷം രൂപയാണ്.

വില കണക്കാക്കിയാൽ ബെൻസിന്റെ ലക്ഷ്വറി കാറുകൾക്ക് മുകളിൽ നിൽക്കും പനിഗാലെ. രാജ്യത്തുള്ള എല്ലാ ഡുക്കാട്ടി ഡീലർഷിപ്പുകളിലും മോട്ടോർസൈക്കിളിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ എത്തിക്കുന്ന പനിഗാലെയുടെ 5 യൂനിറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞുവെന്നാണ് വിവരം. സാധാരണ കണ്ടുവരുന്ന പനിഗാലെ V4 സീരീസിനെ അപേക്ഷിച്ച് പുതിയ R വേരിയന്റിന് നിരവധി മെക്കാനിക്കൽ അപ്‌ഗ്രേഡുകളും പുതിയ കളർ ഓപ്ഷനും ലഭിക്കുന്നും.

പുതിയ 998 സിസി ഡെസ്‌മോസെഡിസി സ്ട്രാഡേൽ R എഞ്ചിനാണ് പനിഗാലെ വി4 ആർ സൂപ്പർബൈക്കിന്റെ ഹൃദയം. 15,500 rpm-ൽ പരമാവധി 215 bhp പവറും 12,000 rpm-ൽ 111.3 Nm ടോർകും നൽകാൻ ഈ എഞ്ചിനാവും. ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. റേസിങ് എക്‌സ്‌ഹോസ്റ്റ് ഉപയോഗിക്കുകയാണെങ്കിൽ മോട്ടോർസൈക്കിളിന്റെ ഭാരം 172 കിലോയിൽ നിന്ന് 167 കിലോഗ്രാമായി ആയി കുറയ്ക്കാൻ സാധിക്കും. പുതിയ ഡുക്കാട്ടി പാനിഗാലെ വി4 ആർ വേരിയന്റിന്റെ സസ്പെൻഷൻ ചുമതലകൾക്കായി മുന്നിൽ 43 mm ഓഹ്‌ലിൻ NPX 25/30 ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഓഹ്ലിൻ TTX 36 മോണോ-ഷോക്കുമാണ്.

മുന്നിൽ നാല് പിസ്റ്റണുകളുള്ള ബ്രെംബോ മോണോബ്ലോക്ക് സ്റ്റൈൽമ M4.30 കാലിപ്പറുകളുള്ള ട്വിൻ 320 mm ഡിസ്‌കുകളാണുള്ളത്. പിന്നിൽ രണ്ട് പിസ്റ്റൺ കാലിപ്പറുള്ള 245 mm സിംഗിൾ റോട്ടറും ഡുക്കാട്ടി ഉപയോഗിച്ചിരിക്കുന്നു. മോട്ടോർസൈക്കിളിന്റെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്നത് TFT സ്‌ക്രീനാണ്. ട്രാക്ഷൻ കൺട്രോൾ, റൈഡ് ബൈ വയർ, റൈഡിങ് മോഡുകൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, പവർ മോഡുകൾ, കോർണറിങ് എബിഎസ്, ലോഞ്ച് കൺട്രോൾ, വീലി കൺട്രോൾ, സ്ലൈഡ് കൺട്രോൾ എന്നിവ റൈഡിങ് സവിശേഷതകളും വാഹനത്തിലുണ്ട്.

പനിഗാലെ V4 വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായ കളർ ഓപ്ഷനാണ് ബൈക്കിനെ വേറിട്ടു നിർത്തുന്ന ഒരു ഘടകം. ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യു M 1000 RR മോഡലുകളോടാണ് ഡുക്കാട്ടി പനിഗാലെ വി4 ആർ വേരിയന്റ് മത്സരിക്കുക.

Tags:    
News Summary - Ducati Panigale V4 R superbike launched at Rs 69.99 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.