രാജ്യത്തെ ഇ-ബൈക്ക് നിരയിലേക്ക് ഒരു സ്റ്റാർട്ടപ്പ്കൂടി എത്തുന്നു. ജോധ്പൂർ ആസ്ഥാനമായുള്ള ഇ.വി സ്റ്റാർട്ടപ്പായ ഡെവോട്ട് മോട്ടോർസാണ് തങ്ങളുടെ പ്രൊഡക്ഷൻ-റെഡി പ്രോട്ടോടൈപ്പ് ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കിയത്. റിവോൾട്ട്, ടോർക്ക് ക്രാറ്റോസ്, അൾട്രാവയലറ്റ് F77 തുടങ്ങിയ ഇ-ബൈക്ക് നിരയിലേക്കാണ് ഡെവോട്ട് എത്തുന്നത്.
റേഞ്ചും വേഗവും
ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഡിവോട്ടിന്റെ പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്ററാണ്. 9.5 KW മോട്ടോർ ആണ് വാഹനത്തിന കരുത്തുപകരുന്നത്. ഇ.വിയുടെ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 3 മണിക്കൂർ സമയം മാത്രമേ വേണ്ടിവരൂ. പ്രായോഗികവും ദൈനംദിന ഉപയോഗത്തിനും ദീർഘദൂര യാത്രകൾക്കും അനുയോജ്യമായ രീതിയിലാണ് ഇലക്ട്രിക് മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനി അധികൃതരുടെ അവസാശവാദം.
ഡിസൈൻ
വൃത്തിയുള്ള റെട്രോ ഡിസൈനാണ് വാഹനത്തിനുള്ളത്. ടാങ്കിനും സൈഡ് കവർ പാനലുകൾക്കുമുള്ള ആകർഷകമായ നിറങ്ങളും എടുത്തു പറയേണ്ടതാണ്. 2023 മധ്യത്തോടെ ബൈക്ക് ഇന്ത്യൻ നിരത്തുകളിൽ എത്തും. 70-90 ശതമാനം പ്രാദേശികവൽക്കരണം ലക്ഷ്യമിട്ടാണ് കമ്പനി പ്രവർത്തിക്കുന്നത്. നിരവധി ഫീച്ചറുകളും വാഹനത്തിന് ലഭിക്കും. ടിഎഫ്‌ടി സ്‌ക്രീൻ, ആന്റിതെഫ്റ്റ് ഉള്ള കീലെസ് സിസ്റ്റം, ടൈപ്പ് 2 ചാർജിങ് പോയിന്റ് എന്നിവയാണ് ഡെവോട്ട് ബൈക്കിന്റെ പ്രധാന സവിശേഷതകൾ. സ്മാർട്ട് ചാർജിങ് വഴി ഒരു മണിക്കൂർ കൊണ്ട് 60 കിലോമീറ്റർ റേഞ്ച് വരെ നേടാൻ ഈ മോഡലിനാവും.
ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് ബൈക്കിൽ ഉപയോഗിക്കുന്നത്. ഒരു ഓൺബോർഡ് ചാർജറും ഉപഭോക്താവിന് ലഭിക്കും. സ്‌മാർട്ട് ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം (BMS) ഉള്ള വാഹനമാണിത്. ടെംപ്രേച്ചർ കൺട്രോൾ, എനർജി റീജനറേഷൻ എന്നിവയും പുതിയ ഇലട്രിക് ബൈക്കിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.