ട്രാഫിക്​ നിയമലംഘനം; ഡൽഹിയിൽ 18.98 കോടി പിഴയിട്ടു

കോവിഡ്​ കാലത്ത്​ ട്രാഫിക്​ നിയമലംഘകർക്ക്​ കോടികൾ പിഴയിട്ട്​ രാജ്യതലസ്​ഥാനം. മാർച്ച്​ 25 മുതൽ മെയ്​ 31വരെയുള്ള കാലത്ത്​​ 18.98 കോടി രൂപയാണ്​ വാഹന യാത്രികർക്ക്​ പിഴ ചുമത്തിയത്​. 1,29,932 നോട്ടീസുകളാണ്​ ഇക്കാലയളവിൽ നൽകിയത്​. നഗരത്തിലെ ഓട്ടോമേറ്റഡ് ക്യാമറകൾ പകർത്തിയ നിയമലംഘനങ്ങളാണ്​ ​റിപ്പോർട്ട്​ ചെയ്​തിട്ടുള്ളത്​.

അമിത വേഗത, റെഡ് ലൈറ്റ് അല്ലെങ്കിൽ സ്റ്റോപ്പ് ലൈൻ ലംഘിക്കൽ തുടങ്ങിയവയാണ്​ കൂടുതലും പിടിക്കപ്പെട്ടതെന്ന്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ലോക്​സഭയിൽ പറഞ്ഞു. വാഹൻ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലാണ്​ നോട്ടീസുകൾ അയച്ചത്​. '2020 മാർച്ച് 25 മുതൽ 2020 മെയ് 31 വരെയുള്ള കാലയളവിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പുറപ്പെടുവിച്ച 1,29,932 നോട്ടീസുകളിൽ നിന്ന് 18.98 കോടി പിരിച്ചെടുത്തിട്ടുണ്ട്'-മന്ത്രി പറഞ്ഞു.

വാഹൻ ഡാറ്റാബേസിൽ നിലവിൽ 13,15,059 ലക്ഷം പെൻഡിങ്​ നോട്ടീസുകൾ ഉണ്ടെന്നും 5,59,610 നോട്ടീസുകൾ കോടതിയിലേക്ക്​ കൈമാറിയിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ഡൽഹിയിൽ റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ (ആർ‌എൽ‌വിഡി) ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള 37 സ്ഥലങ്ങളാണുള്ളത്​. ഇതിൽ 18 സ്ഥലങ്ങളിൽ ലോക്​ഡൗൺ കാലയളവിൽ സിഗ്നലുകൾ വിവിധ ആവശ്യങ്ങൾക്കായി ഒാഫ്​ ചെയ്​തിട്ടുള്ളതായും റോഡ് ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ഓവർ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ (ഒ‌എസ്‌വിഡി) ക്യാമറകൾ കൂടുതൽ സമയവും ആക്റ്റീവ് മോഡിൽ സൂക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.