ഇടത്തരം എസ്.യു.വി വിഭാഗത്തിൽ ഒന്നാം സ്ഥാനം വിട്ടുതരില്ലെന്ന് വീണ്ടും ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുണ്ടായ് ക്രെറ്റ. മെയ് മാസത്തിലെ വിൽപനയിലും ക്രെറ്റയെ വെല്ലാൻ ആളില്ലാതെയായി. ജപ്പാൻ വാഹനഭീമൻമാരായ സുസുക്കിയും ടൊയോട്ടയും സൗത്ത് കൊറിയക്കാരനായ ക്രെറ്റയുടെ മുന്നിൽ കിതക്കുകയാണ്. മെയ് മാസം ആഭ്യന്തര വിപണിയിൽ 14449 യൂനിറ്റുകൾ വിറ്റഴിച്ചാണ് ക്രെറ്റ ആധിപത്യം തുടരുന്നത്. 8877 യൂനിറ്റുകളുമായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയാണ് തൊട്ടുപിന്നിൽ.
അതേസമയം, ഗ്രാൻഡ് വിറ്റാരയുടെ വിജയം ആവർത്തിക്കാൻ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 3090 യൂനിറ്റുകളാണ് മാരുതിയുമായുള്ള പങ്കാളിത്തത്തിൽ പുറത്തിറക്കിയ ഈ മോഡൽ നേടിയത്. ഫെയ്‌സ്‌ലിഫ്റ്റിനായി വാഹനപ്രേമികൾ കാത്തുനിൽക്കുന്നതിനാൽ കിയ സെൽറ്റോസിന്‍റെ വിൽപനയിൽ നേരിയ ഇടിവുണ്ടായി.
4065 യൂനിറ്റുകളാണ് ഹ്യുണ്ടായിയുടെ ഈ സബ് ബ്രാൻഡ് വിറ്റഴിച്ചത്. പുതിയ മോഡൽ വിപണിയിലെത്താൻ ഒരുങ്ങുന്നതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി സെൽറ്റോസിന്റെ വിൽപ്പന കുറഞ്ഞിരുന്നു. ജൂലൈ നാലിന് കിയ പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കും.
സ്കോഡ കുഷാക്ക് 1685, ഫോക്സ്വാഗൺ ടൈഗൺ 1484, എം.ജി ആസ്റ്റർ 592 യൂനിറ്റുകൾ എന്നിങ്ങനെയാണ് വിൽപന കണക്ക്. സ്‌കോഡ കുഷാക്ക്, ഫോക്സ്വാഗൺ ടൈഗൺ, എം.ജി ആസ്റ്റർ എന്നിവയുടെ മോശം പ്രകടനം മെയ് മാസത്തിലും തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.