വാഹനലോക​ം പ്രതീക്ഷിച്ചതും ബജറ്റ്​ നൽകിയതും; അറിയാം ഈ ഏഴ്​ കാര്യങ്ങൾ

രാജ്യത്തെ വാഹന ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റാണ്​ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്​. വരുന്ന പതിറ്റാണ്ടിലെ ആദ്യ ബജറ്റെന്ന നിലയിൽ വ്യവസായലോകവും ബജറ്റ്​ ഉറ്റുനോക്കുന്നുണ്ടായിരുന്നു. 'ഇത്തരത്തിലുള്ള ബജറ്റ്​ രാജ്യത്ത്​ ആദ്യത്തേതും ചരിത്രപരമായതുമായതാണ്​' എന്ന പ്രഖ്യാപനത്തോടെയാണ്​ ധനമന്ത്രി ബജറ്റ്​ അവതരിപ്പിച്ചത്​. അതിനാൽതന്നെ രാജ്യനിവാസികളും വാഹന വ്യവസായികളും ബജറ്റിൽ വലിയ പ്രതീക്ഷയാണ്​ പ​ുലർത്തിയിരുന്നത്​.


ജി.എസ്.ടി നിലവിൽവന്നശേഷം വലിയ മാന്ദ്യമാണ്​ വാഹനവ്യവസായം അനുഭവിക്കുന്നത്​. പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ, ഇൻഷുറൻസ് ചട്ടങ്ങൾ, എമിഷൻ മാനദണ്ഡങ്ങൾ തുടങ്ങി വ്യവസായത്തെ ഞെരിക്കുന്ന നയങ്ങളാണ്​ കേന്ദ്രം ഇതുവരെ സ്വീകരിച്ചിരുന്നത്​. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്​നം പണലഭ്യതയുടേയും ആവശ്യകതയുടേയും കുറവാണ്​. ഇത്തരം പ്രശ്​നങ്ങൾ ബജറ്റ്​ പരിഹരിക്കുമോ? എന്തൊക്കെ പ്രതീക്ഷകളാണ്​ ബജറ്റ്​ കാത്തത്​?. എവിടെയാണ്​ പിഴച്ചത്​? ബജറ്റിനെകുറിച്ചുള്ള നല്ലതും ചീത്തയുമായ ഏഴ്​​ കാര്യങ്ങൾ പരിശോധിക്കാം.

1, സ്​ക്രാപ്പേജ്​ പോളിസി അഥവാ കണ്ടംചെയ്യൽ നയം

'പഴയതും യോഗ്യതയില്ലാത്തതുമായ വാഹനങ്ങൾ ഒഴിവാക്കുന്നതിന്​ ഞങ്ങൾ ഒരു വാഹന സ്ക്രാപ്പിങ്​ പോളിസി പ്രഖ്യാപിക്കുന്നു. ഇന്ധനക്ഷമതയുള്ള, പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി മലിനീകരണം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. വ്യക്തിഗത വാഹനങ്ങളുടെ കാര്യത്തിൽ 20 വർഷത്തിനുശേഷവും വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ 15 വർഷത്തിനുശേഷവും വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കും. പൊളിക്കേണ്ട വാഹനങ്ങൾ പൊളിക്കും'-ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പറഞ്ഞു. വാഹന വ്യവസായത്തെ സംബന്ധിച്ച്​ ഈ നയം പ്രതീക്ഷ തരുന്നതാണ്​. യാത്രക്കാരുടെയും വാണിജ്യ വാഹനങ്ങളുടെയും ആവശ്യകത പുതിയ നയം വർധിപ്പിക്കും. നിശ്ചിത കാലയളവിനുശേഷം വാഹനങ്ങളുടെ റോഡ് യോഗ്യത പരിശോധന നിർബന്ധമാക്കിയാൽ മാത്രമേ പദ്ധതി ഫലപ്രാപ്തിയിലെത്തുകയുള്ളൂ.

2. 20,000 ബസുകൾ ഏറ്റെടുക്കുന്നതിന് 18000 കോടി രൂപ

'മെട്രോ റെയിൽ ശൃംഖല വിപുലീകരിക്കുന്നതിലൂടെയും സിറ്റി ബസ് സർവീസ് വർദ്ധിപ്പിക്കുന്നതിലൂടെയും നഗരപ്രദേശങ്ങളിൽ പൊതുഗതാഗതത്തിന്‍റെ വിഹിതം ഉയർത്തും. പൊതു ബസ് ഗതാഗത സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിന് 18,000 കോടി മുടക്കി പുതിയ പദ്ധതി ആരംഭിക്കും. 20,000 ത്തിലധികം ബസുകൾക്ക് ധനസഹായം നൽകാനും വാങ്ങാനും പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും സ്വകാര്യമേഖലയെ പ്രാപ്തരാക്കുന്നതിന്​ നൂതന പിപിപി മോഡലുകൾ ആവിഷ്​കരിക്കും. ഈ പദ്ധതി വാഹന മേഖലയെ ശക്തിപ്പെടുത്തുകയും സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകുകയും നമ്മുടെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും നഗരവാസികൾക്ക് ചലനാത്മകത വർദ്ധിപ്പിക്കുകയും ചെയ്യും'-ബജറ്റ്​ പ്രഖ്യാപിക്കുന്നു. ഇൗ തീരുമാനം വാണിജ്യ വാഹന വ്യവസായത്തിന്​ ഗുണം ചെയ്യും. പരമ്പരാഗത മെട്രോയുടെ 702 കിലോമീറ്റർ നിലവിൽ പ്രവർത്തനക്ഷമമാണ്. 27 നഗരങ്ങളിൽ 1,016 കിലോമീറ്റർ മെട്രോയും റീജിയനൽ റാപ്പിഡ്​ ട്രാൻസിറ്റ്​ സിസ്റ്റവും നിർമ്മാണത്തിലാണ്.

3. വൈദ്യുത വാഹനങ്ങളെ മറന്ന ബജറ്റ്​

കുറച്ചുകാലമായി കേന്ദ്രം നന്നായി ആഘോഷിക്കുന്ന വൈദ്യുത വാഹനങ്ങളെ കുറിച്ച്​ ഒരു പരാമർശവും ബജറ്റിലില്ലാത്തത്​ വാഹനലോകത്തെ അത്​ഭുതപ്പെടുത്തിയിട്ടുണ്ട്​. ഇവികൾ‌ക്കായി ബജറ്റിൽ ഇത്തവണ നേരിട്ടുള്ള പ്രഖ്യാപനമൊന്നുമില്ല. വിവിധ സംസ്ഥാന സർക്കാരുകൾ നിക്ഷേപത്തിനുള്ള പ്രോത്സാഹന പദ്ധതിയും ഇവികൾ വാങ്ങുന്നതിനുള്ള സഹായവുമൊക്കെ പ്രതീക്ഷിച്ച്​ കാത്തിരിക്കുന്ന സമയംകൂടിയാണിത്​. മേഖലയിൽ കാര്യമായ നിക്ഷേപമോ നയങ്ങളോ രാജ്യം പ്രതീക്ഷിച്ചിരുന്നു. ബാറ്ററികളുടെ ഇരട്ട ഡ്യൂട്ടി ഘടനയെക്കുറിച്ചും വ്യക്തതയില്ല. ഇവിയിൽ ഘടിപ്പിച്ച ലിഥിയം അയൺ ബാറ്ററിക്ക്​ 12% ജിഎസ്ടി മാത്രമാണ്​ ഈടാക്കു​ന്നത്​. എന്നാൽ പ്രത്യേകം വിൽക്കുന്ന സമയത്ത്​ ഇത് 18 ശതമാനം ജിഎസ്ടിയിലേക്ക്​ മാറുന്നുണ്ട്​. ബജറ്റിൽ ഇതേക്കിറിച്ചൊന്നും ഒരു പരാമർശവും ഇല്ലാത്തത് ഇവി മേഖലയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്.

4. അടിസ്​ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്​ നികുതി ഇളവ്​

'റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന് 11,81 ലക്ഷം കോടിയുടെ വിഹിതം നൽകുന്നുണ്ട്. അതിൽ 1,08,230 കോടി മൂലധനത്തിനാണ്​. ഒരു ബജറ്റിൽ അനുവദിക്കുന്നതിൽ എക്കാലത്തെയും ഉയർന്ന തുകയാണിത്​' -ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.കൂടാതെ 2022 മാർച്ചോടെ 8,500 കിലോമീറ്റർ ഹൈവേകളും തമിഴ്‌നാട്ടിൽ 3,500 കിലോമീറ്റർ ഇടനാഴിയും 65,000 കോടി രൂപയുടെ നിക്ഷേപത്തിൽ കേരളത്തിൽ 1,100 കിലോമീറ്ററും പശ്ചിമ ബംഗാളിൽ 675 കിലോമീറ്ററും 95,000 കോടി ചെലവിൽ നിർമിക്കാൻ നിർദ്ദേശിച്ച ഹൈവേകളിൽ ഉൾപ്പെടുന്നു. അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ 1,300 കി.മീ നിർമിക്കുമെന്നും ബജറ്റ്​ പറയുന്നു. ഇത് നിർമ്മാണ ഉപകരണ വിൽപ്പന, ഹെവി ട്രക്ക്, ടിപ്പർ വ്യവസായങ്ങൾക്ക്​ ഗുണംചെയ്യും.


5. സ്​പെയർ പാർട്​സുകളിൽ നികുതി വർധനവ്

'ആഭ്യന്തരമായി സ്​പെയർ പാർട്​സുകൾ നിർമിക്കുന്നതിന്​ വലിയ സാധ്യതയുണ്ട്​. ടണൽ ബോറിംഗ് മെഷീനുകളിലെ ഇളവുകൾ പിൻവലിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. ചില ഓട്ടോ ഭാഗങ്ങളുടെ കസ്റ്റംസ് തീരുവ 15 ശതമാനമായി ഉയർത്തുന്നു. സ്റ്റീൽ സ്ക്രൂകൾക്കും പ്ലാസ്റ്റിക് നിർമ്മാതാക്കൾക്കും 10% മുതൽ 15% വരെ ഡ്യൂട്ടി വർധിപ്പിക്കുകയാണ്' -ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

ഫ്രെയിമുകൾ, ഫോർക്കുകൾ, വീൽ റിംസ് & സ്‌പോക്കുകൾ, ഹബുകൾ, ബ്രേക്കുകൾ, സാഡിൽസ്, പെഡലുകൾ, ക്രാങ്ക് ഗിയർ മുതലായവയിൽ വാഹനങ്ങളുടെ ഘടകങ്ങളുടെ ഇഷ്‌ടാനുസൃത തീരുവ നിരക്ക് 10% മുതൽ 15% വരെ വർദ്ധിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തിൽ പ്രതികൂലമായി ബാധിക്കും. ഈ ഘടകങ്ങളുടെ ഉൽ‌പാദനം ഇന്ത്യയിൽ വികസിക്കുന്നതുവരെ മേഖലയിലെ ഉൽ‌പാദനച്ചെലവ് കൂടാനാണ്​ സാധ്യത.

6. ജി.എസ്.ടി പരിഷ്​കരണം ഇല്ല

ജി.എസ്​.ടിയുടെ യുക്​തിസഹമായ പരിഷ്​കരണം വാഹനവ്യവസായലോകം ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്​. എന്നാലതിൽ ഒരു തീരുമാനവും ബജറ്റ്​ പ്രഖ്യാപിച്ചിട്ടില്ല. വാഹനങ്ങളുടെ ജിഎസ്ടി ഏറ്റവും ഉയർന്ന 28 ശതമാനത്തിൽ നിന്ന് കുറയ്ക്കുന്നതിലൂടെ ഇരുചക്ര, എൻട്രി ലെവൽ കാറുകൾക്ക് അടിയന്തിര ഉത്തേജനം ആവശ്യമായിരുന്നു. എല്ലാ ഓട്ടോമൊബൈൽ ഉൽ‌പ്പന്നങ്ങൾക്കും നിലവിൽ ആഢംബര വസ്തുക്കളുടെ തലത്തിലാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്​ മാറ്റണമെന്നും ചെറുവാഹനങ്ങളുടെ നികുതി കുറക്കണമെന്നും ആവശ്യം ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.

7. കുതിച്ചുയരുന്ന ഇന്ധന വില

വർദ്ധിച്ചുവരുന്ന ഇന്ധന വില നിയന്ത്രിക്കുന്നതിന്​ ഒരു പരിപാടിയും ബജറ്റിലില്ല. പെട്രോൾ, ഡീസൽ എന്നിവയിൽ നിലവിൽ സെസ്, സ്റ്റേറ്റ്, സെൻട്രൽ ജിഎസ്ടി എന്നിവയുൾപ്പെടെ മൊത്തം 70 ശതമാനം നികുതിയാണ്​ ഉപഭോക്​താവ്​ നൽകുന്നത്​. പെട്രോളിനും ഡീസലിനും അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആന്‍റ്​ ഡവലപ്മെൻറ് സെസ് (എയ്ഡ്സി) ഏർപ്പെടുത്തിയതും വലിയ തിരിച്ചടിയാണ്​. ബേസിക് എക്സൈസ് ഡ്യൂട്ടി (ബിഇഡി), സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി (എസ്എഇഡി) നിരക്കുകൾ കുറച്ചതിനാൽ ഉടൻ ഇന്ധനവിലവർധന ഉണ്ടാകില്ലെങ്കിലും ഇന്ധനവിലയെന്ന പ്രതിസന്ധി വാഹനലോക​െത്തെ വിടാതെ പിന്തുടരുകയാണ്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.