ഏഥർ റിസ്‍ത ശ്രീലങ്കയിൽ അവതരിപ്പിച്ചു

ഏഥർ 'റിസ്ത' ഇനി ശ്രീലങ്കൻ നിരത്തുകളിലും; അന്താരാഷ്ട്ര വിപണിയിൽ കുതിപ്പ് തുടർന്ന് കമ്പനി

പ്രമുഖ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി (Ather Energy) തങ്ങളുടെ ജനപ്രിയ ഫാമിലി സ്‌കൂട്ടറായ 'റിസ്ത' (Rizta) ശ്രീലങ്കൻ വിപണിയിൽ അവതരിപ്പിച്ചു. കൊളംബോ മോട്ടോർ ഷോ 2025-ൽ വെച്ചാണ് വാഹനം ഔദ്യോഗികമായി പുറത്തിറക്കിയത്. ഇതോടെ ഏഥർ എനർജിയുടെ രണ്ടാമത്തെ അന്താരാഷ്ട്ര വിപണിയായി ശ്രീലങ്ക മാറി.

ശ്രീലങ്കയിലെ അംഗീകൃത വിതരണക്കാരായ 'എവല്യൂഷൻ ഓട്ടോ പ്രൈവറ്റ്' ലിമിറ്റഡുമായി (Evolution Auto Pvt. Ltd) സഹകരിച്ചാണ് ഏഥർ റിസ്തയെ വിപണിയിലെത്തിക്കുന്നത്. 2024 ഡിസംബറിൽ ഏഥർ 450എക്സ് മോഡലുമായി ശ്രീലങ്കയിൽ പ്രവർത്തനമാരംഭിച്ച കമ്പനി, ഒരു വർഷത്തിനുള്ളിൽ തന്നെ തങ്ങളുടെ രണ്ടാമത്തെ മോഡലും അവിടെ അവതരിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. വാഹനത്തെക്കുറിച്ച് കൂടുതലറിയാൻ ഇതിനകം രാജ്യത്തുടനീളം 40 എക്സ്പീരിയൻസ് സെന്ററുകളും വിപുലമായ ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങളും കമ്പനി സജ്ജമാക്കിയിട്ടുണ്ട്.

പ്രധാന സവിശേഷതകൾ

പൂർണ്ണമായും കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള രൂപകൽപ്പനയാണ് റിസ്തയുടേത്. 34 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജും വിശാലമായ ഫ്ലോർബോർഡും സ്കൂട്ടറിന്റെ പ്രത്യേകതയാണ്. സുരക്ഷക്കായി സ്കിഡ് കൺട്രോൾ (SkidControl) സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. റിസ്തയുടെ പ്രീമിയം വകഭേദമായ 'റിസ്ത Z'-ൽ ഗൂഗിൾ മാപ്‌സ് നാവിഗേഷൻ, മ്യൂസിക്, കോൾ കൺട്രോൾ എന്നിവ അടങ്ങിയ 7 ഇഞ്ച് ടി.എഫ്‌.ടി ഡിസ്‌പ്ലേയും ലഭ്യമാണ്.

വാഹനം അന്താരാഷ്ട്ര വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ 2023 നവംബറിൽ നേപ്പാളിലാണ് ഏഥർ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ഷോറൂം ആരംഭിച്ചത്. നിലവിൽ നേപ്പാളിൽ 9 എക്സ്പീരിയൻസ് സെന്ററുകളും 7 സർവീസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. കണക്കുകൾ പ്രകാരം (2025 സെപ്റ്റംബർ 30 വരെ), ഇന്ത്യയിൽ മാത്രം 524 എക്സ്പീരിയൻസ് സെന്ററുകളും 3,643 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും ഏഥറിനുണ്ട്. ആഗോളതലത്തിൽ ആകെ 4,322 ഫാസ്റ്റ് ചാർജറുകൾ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 40 എണ്ണം നേപ്പാളിലും ശ്രീലങ്കയിലുമായാണുള്ളത്.

Tags:    
News Summary - Ather 'Rista' now on Sri Lankan roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.