ന്യൂഡൽഹി: ഇലക്ട്രിക് ഇരുചക്രവാഹനമായ ഏഥർ എനർജിയുടെ ഏറ്റവും പുതിയ സ്കൂട്ടറായ റിസ്റ്റ വിൽപനയിൽ ഒല ഇലക്ട്രികിനെ കടത്തിവെട്ടിയിരിക്കുകയാണ്. ഒരു വർഷം തികയുന്നതിന് മുമ്പ് ഒരു ലക്ഷം യൂനിറ്റ് വാഹനങ്ങൾ വിൽപന നടത്തി റിസ്റ്റ. 2024 ഏപ്രിൽ ആറിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഇരുചക്രവാഹനം ജൂലൈ മുതലാണ് ഡെലിവറി ചെയ്യാൻ തുടങ്ങിയത്. 2024 ജൂലൈ മുതൽ 2025 ഏപ്രിൽ വരെയുള്ള കണക്കുകളിലാണ് 99,691 യൂനിറ്റ് സ്കൂട്ടറുകളാണ് ഏഥർ എനർജി വിൽപന നടത്തിയത്. ഇതിനോടകം തന്നെ ബാക്കിയുള്ള 309 യൂനിറ്റുകളുടെ ബുക്കിങ് പൂർത്തീകരിച്ചെന്നും ഇനി ഡെലിവറി ചെയ്‌താൽ മാത്രം മതിയെന്നും കമ്പനി പറഞ്ഞു. ഏഥർ എനർജിയുടെ ഇരുചക്രവാഹനങ്ങളുടെ മൊത്തം വിൽപയിൽ 58 ശതമാനവും റിസ്റ്റയാണ്.
2.9kWh, 3.7kWh എന്നീ രണ്ട് ബാറ്ററിപാകുകളുമായി മൂന്ന് വകഭേദങ്ങളിലാണ് റിസ്റ്റ വിപണിയിലെത്തുന്നത്. ചെറിയ ബാറ്ററി പാക്കിന് 123 കിലോമീറ്റർ റേഞ്ചും വലിയ ബാറ്ററി പാക്കിന് 160 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. എല്ലാ വകഭേദങ്ങളുടെയും ഉയർന്ന വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. 2.9kWh മുഴുവനായി ചാർജ് ചെയ്യാൻ 6.40 മണിക്കൂറെടുക്കുമ്പോൾ 3.7kWh ബാറ്ററിക്ക് 4.30 മണിക്കൂർ മാത്രമാണെടുക്കുന്നത്. ഇതിൻ്റെ മൂന്ന് വകഭേദങ്ങളുടെയും എക്‌സ് ഷോറൂം വില 109,999 രൂപ, 124,999 രൂപ, 144,999 രൂപ എന്നിവയാണ്. റിസ്റ്റക്ക് ഏഴ് കളർ ഓപ്ഷനുകളുണ്ട്. ബാറ്ററിക്കും സ്കൂട്ടറിനുമായി ഏഥർ എനർജി 3 വർഷം, അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറൻ്റി നൽകുന്നു.
സ്‌കിഡ് കൺട്രോൾ അനുസരിച്ച് ഡിസൈൻ ചെയ്ത സ്കൂട്ടറിന് റിവേഴ്‌സ് മോഡ് ലഭിക്കുന്നുണ്ട്. കൂടാതെ ഏഥർ എനർജി അപ്ലിക്കേഷൻ വഴി സ്മാർട്ട്ഫോണിൽ നിങ്ങളുടെ തത്സമയ ലൊക്കേഷൻ പങ്കിടാനും കഴിയും. സ്കൂട്ടറിൽ ആൻ്റി തെഫ്റ്റ് ഫീച്ചറും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.