ബ്രേക്കിടാതെതന്നെ പിടിച്ചു നിൽക്കും; ഫെബ്രുവരി ഒന്നുമുതൽ ഓട്ടോ ഹോൾഡ് അവതരിപ്പിക്കുമെന്ന് ഏഥർ

ഇ.വി സ്കൂട്ടറുകൾ വന്നതോടെ വലിയ വിപ്ലവമാണ് ഇരുചക്ര വാഹന വിപണിയിൽ ഉണ്ടാവുന്നത്. നേരത്തേ പാസഞ്ചർ കാറുകളിലും എസ്.യു.വികളിലും മാത്രം ലഭ്യമായിരുന്ന വലിയൊരുകൂട്ടം സ്​പെഷൽ ഫീച്ചറുകൾ ഇപ്പോൾ ഇ.വി സ്കൂട്ടറുകളിലും ലഭിക്കുന്നുണ്ട്. ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോളുകൾ, ​സെൽഫ് ബാലൻസിങ്, ഓട്ടോ സ്റ്റാർട്ട്, ഓട്ടോ ഹോൾഡ്, കണക്ടിവിറ്റി, റിവേഴ്സ് മോഡ് എന്നിങ്ങനെ ഫീച്ചറുകൾ ഇറക്കാൻ മത്സരിക്കുകയാണിപ്പോൾ സ്കൂട്ടർ നിർമാതാക്കൾ. ഇതിൽ പുതിയതാണ് ഏഥർ ഇ.വിയിൽ വരുന്ന ഓട്ടോ ഹോൾഡ് ഫംങ്ഷൻ.

ഏഥർ ഫെബ്രുവരി ഒന്നു മുതൽ 450 പ്ലസ്, 450 എക്സ് ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. ഏഥർസ്റ്റാക്ക് 5.0 സോഫ്റ്റ്​വെയർ വേർഷനാണ് പുതുതായി അവതരിപ്പിക്കുന്നത്. ഇതിലൂടെ ധാരാളം ഫീച്ചറുകൾ സ്കൂട്ടറുകളിലേക്ക് കമ്പനി കൂട്ടിച്ചേർക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഓട്ടോ ഹോൾഡ് ഫീച്ചർ. പഴയ മോഡലുകളിലും സോഫ്റ്റ്​വെയൽ അപ്ഡേറ്റ് ലഭിക്കുന്നതിനാൽ പുതിയ ഫീച്ചറുകൾ എല്ലാ ഏഥർ ഉപഭോക്താക്കൾക്കും ലഭ്യമാവുകയും ചെയ്യും.


എന്താണ് ഒാട്ടോ ഹോൾഡ്

ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയുടെ സംയോജനമാണ് ഏഥർ ഓട്ടോ ഹോൾഡിലൂടെ കൊണ്ടുവരുന്നത്. സ്‌കൂട്ടർ ഒരു ചരിവിലോ ഇറക്കത്തിലോ നിർത്തിയാൽ വാഹനം ഇത് സ്വയമേ കണ്ടെത്തുകയും തുടർന്ന് ബ്രേക്കിങ് നൽകുകയും ചെയ്യുന്ന സവിശേഷതയാണിതെന്ന് പറയാം. സ്കൂട്ടറുകൾ കൈകാര്യം ചെയ്യുന്ന തുടക്കക്കാർക്ക് ഏറ്റവും ജപയോഗപ്രദമായ ഫീച്ചറാണിത്. കയറ്റങ്ങളിലും ഇറക്കങ്ങളിലും വാഹനം സ്വയം ബ്രേക്ക് ചെയ്ത് നിൽക്കും എന്നതാണ് സൗകര്യം.സ്കൂട്ടറിന്റെ സെറ്റിംഗ്‌സ് മെനുവിൽ ഈ ഫീച്ചറിന്റെ പ്രവർത്തനം ഓൺ ആക്കുകയോ ഓഫ് ആക്കുകയോ ചെയ്യാനും ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്.

ഏഥർസ്റ്റാക്ക് 5.0

ഓട്ടോഹോൾഡ് ഫീച്ചറിന് പുറമെ നിരവധി പ്രത്യേകതകൾ പുതിയ സോഫ്റ്റ്​വെയറിലുണ്ട്. ടാപ്പ് ചെയ്യുന്നതിനേക്കാൾ കൂടുതൽ സ്വൈപ്പിങ്ങിനെ ആശ്രയിക്കുന്ന പുതിയ യൂസർ ഇന്റർഫേസാണ് ഏഥർസ്റ്റാക്ക് 5.0 ഇത്തവണ അവതരിപ്പിക്കുന്നത്. സ്‌ക്രീനുമായി ആശയവിനിമയം നടത്തുന്നതിനുള്ള മികച്ച മാർഗമാണ് സ്വൈപ്പിംഗ് എന്ന് ഏഥർ പറയുന്നു. പവർ ഉപഭോഗം കാണിക്കുന്ന ഒരു പുതിയ റൈഡ് ഇന്റർഫേസും ഏഥർസ്റ്റാക്കിന്റെ അഞ്ചാം പതിപ്പിൽ ഉണ്ട്. ഏഥർ അതിനെ 'വിങ്സ് ഓഫ് പവർ' എന്നാണ് വിശേഷിപ്പിക്കുന്നത്. ബ്ലൂടൂത്ത് കണക്ഷൻ, ട്രിപ്പ് വിവരങ്ങൾ, മാപ്പുകൾ എന്നിവയിലൂടെ വേഗത്തിൽ നാവിഗേറ്റ് ചെയ്യാൻ ഹോംസ്‌ക്രീനിൽ ഇപ്പോൾ ടൈലുകൾ ഉണ്ടെന്നതും ഹൈലൈറ്റായി കാണാം. കൂടാതെ മാപ്പിലും കൂടുതൽ അപ്ഡേഷനുകൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ഏഥർ ഇതിനെ വെക്റ്റർ മാപ്സ് എന്നാണ് വിളിക്കുന്നത്.


ഒരു സ്മാർട്ട്ഫോണിലേതുപോലെ മാപ്പ് ഇനിമുതൽ വർക്ക് ചെയ്യാം. ലൈവ് നാവിഗേഷനും ട്രാഫിക്കുമായി മാപ്പുകൾ വരുന്നത് റൈഡിങ് കൂടുതൽ എളുപ്പമാക്കും. മാത്രമല്ല, സ്ക്രീൻ റൊട്ടേറ്റ് ചെയ്യാനും ലേഔട്ട് മാറ്റാനും കഴിയുമെന്നും ഏഥർ പറയുന്നു. ക്രൂസ് കൺട്രോൾ, അഡ്വാൻസ്ഡ് റീജൻ, ക്രൗൾ കൺട്രോൾ എന്നിവയും ഏഥർ സ്കൂട്ടറുകളിലേക്ക് അടുത്ത ഘട്ടത്തിൽ കമ്പനി അവതരിപ്പിക്കും.

Tags:    
News Summary - Ather 450X and 450 Plus electric scooters to get AutoHold function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.