ബി.വൈ.ഡിക്ക് ശേഷം ഇന്ത്യൻ വിപണി പിടിക്കാൻ വിൻഫാസ്റ്റ്; ഉടനെയെത്തും വിയറ്റ്നാമീസ് ഇ.വി കാറുകൾ

മുംബൈ: ഇന്ത്യൻ ഇലക്ട്രിക് മാർക്കറ്റിൽ പുതിയ ചുവടുവെപ്പുമായി വിയറ്റ്നാമീസ് ഇലക്ട്രിക് വാഹനനിർമ്മാതാക്കളായ വിൻഫാസ്റ്റ്. ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ അതിവേഗ വളർച്ച കൈവരിച്ച കമ്പനിക്ക് ഇന്ത്യയിലും മെച്ചപ്പെട്ട പ്രകടനം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. വാഹനത്തിന്റെ നിർമ്മാണ പ്ലാന്റുകൾ ഇതിനോടകം തന്നെ തമിഴ്നാട്ടിൽ സ്ഥാപിച്ച കമ്പനി ഈ മാസം രണ്ട് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബുക്കിങ് ആരംഭിക്കും.


വിൻഫാസ്റ്റ്

2017ൽ സ്ഥാപിതമായ വിയറ്റ്നാമീസ് ഓട്ടോമോട്ടീവ് കമ്പനിയാണ് വിൻഫാസ്റ്റ്. വിയറ്റ്നാമിലെ ഹൈഫോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൻഫാസ്റ്റ്, കാറുകൾ, സ്കൂട്ടറുകൾ, ബസുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) നിർമ്മിക്കുന്നതിൽ ഇതിനോടകം തന്നെ വൈദഗ്ധ്യം നേടിയിട്ടുണ്ട്. വിവിധ വാഹന വിപണികളിൽ വളർച്ച കൈവരിച്ച വിൻഫാസ്റ്റിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയാണ്. വിൻഫാസ്റ്റിന്റെ വി.എഫ് 7, വി.എഫ് 6 എന്നീ രണ്ട് മോഡലുകളുടെ ബുക്കിങ് ആണ് കമ്പനി ആരംഭിക്കുന്നത്. പ്രതിവർഷം 1,50,000 യൂനിറ്റുകൾ വരെ വികസിപ്പിക്കാൻ കഴിയുന്ന തമിഴ്നാട്ടിലെ തൂത്തുക്കുടി പ്ലാന്റിലാകും ഈ മോഡലുകൾ നിർമ്മിക്കുന്നത്.



വിൻഫാസ്റ്റ് വി.എഫ് 6

വിൻഫാസ്റ്റിന്റെ സ്‌പോർട്ടി കൂപ്പെ-എസ്‌.യു.വിയായിട്ടാണ് വി.എഫ് 6 വിപണിയിലേക്കെത്തുന്നത്. 4,241 എം.എം നീളവും 1,834 എം.എം വീതിയും 1,580 എം.എം ഉയരവും 2,730 എം.എം വീൽബേസും ഉള്ള വി.എഫ് 6, ഹ്യൂണ്ടായ് ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ് ഇ.വി എന്നിവയോടാകും മത്സരിക്കുക. വി.എഫ് 6 ന് ഫ്രണ്ട്-വീൽ ഡ്രൈവ് സജ്ജീകരണമാണ് കരുത്ത് പകരുന്നത്. കൂടാതെ രണ്ട് പവർട്രെയിൻ ഓപ്ഷനുകളുമുണ്ട്. ഇക്കോ വേരിയന്റ് 174 ബി.എച്ച്.പി കരുത്തും 250 എൻ.എം പീക് ടോർക്കും ഉൽപാദിപ്പിക്കും. പ്ലസ് വേരിയന്റ് 201 ബി.എച്ച്.പി കരുത്തും 310 എൻ.എം മാക്സിമം ടോർക്കുമാണ് ഉൽപാദിക്കുക. 59.6 kWh ബാറ്ററി പാക്കിൽ ഇക്കോ വേരിയന്റിന് 399 കിലോമീറ്ററും പ്ലസ് വേരിയന്റിന് 381 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.


വിൻഫാസ്റ്റ് വി.എഫ് 7

വിൻഫാസ്റ്റ് വി.എഫ് 7 ന് 4,545 എം.എം നീളവും 1,890 എം.എം വീതിയും 1,635 എം.എം ഉയരവും 2,840 എം.എം വീൽബേസുമാണുള്ളത്. ഇതിനും ഇക്കോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്. 75.3kWh ബാറ്ററി പാക്കിന് 450 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. വി.എഫ് 7 ഇക്കോ വേരിയന്റ് ഫ്രണ്ട്-വീൽ ഡ്രൈവ് മോഡിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് 201 ബി.എച്ച്.പി കരുത്തും 310 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. കൂടാതെ പ്ലസ് വേരിയന്റിന് ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് ആയതിനാൽ 348 ബി.എച്ച്.പി കരുത്തും 500 എൻ.എം മാക്സിമം ടോർക്കും ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും.


ഇക്കോ പതിപ്പിൽ 12.9 ഇഞ്ചും പ്ലസിൽ 15 ഇഞ്ചും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടുന്നു. പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റ്, 8-വേ പവർ അഡ്ജസ്റ്റ്മെന്റ്ചെയ്യാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ് എന്നിവയും വി.എഫ് 7ന്റെ പ്രത്യേകതകളാണ്. കൂടാതെ സുരക്ഷ സജ്ജീകരണത്തിന്റെ ഭാഗമായി ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (എ.ഡി.എ.എസ്) ഉൾപ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - After BYD, Vinfast to capture the Indian market; Vietnamese company's EV cars to arrive soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.