പുത്തൻ ഹോണ്ട സിറ്റി തയ്യാർ; ചിത്രങ്ങൾ കാണാം

ന്യൂജെൻ ലുക്കിലെത്തുന്ന ഹോണ്ടയുടെ ജനപ്രിയ സെഡാൻ സിറ്റിയുടെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു. മുമ്പത്തേക്കാള്‍ ഷാര്‍പ്പ്, സ്‌റ്റൈലിഷ് രൂപത്തിലാണ് പുതിയ സിറ്റി വരുന്നത്. അടിസ്ഥാനപരമായി വലിയ മാറ്റമില്ലാതെയാണ് പുതിയ വാഹനം മുഖംമിനുക്കി എത്തുന്നത്.

ഒമ്പത് എൽ.ഇ.ഡി ഇന്‍ലൈന്‍ ഷെല്ലുകളും സംയോജിത എൽ.ഇ.ഡി ഡേടെം റണ്ണിങ് ലൈറ്റുകളുമുള്ള ഹെഡ്ലാമ്പ് യൂനിറ്റ് നിലവിലെ മോഡലില്‍ നിലനിര്‍ത്തിയിരിക്കുന്നു. ഇസെഡ് ആകൃതിയിലുള്ള ത്രീ ഡി റാപ്പറൗണ്ട് എൽ.ഇ.ഡി ടെയില്‍ലൈറ്റുകളും 16 ഇഞ്ച് അലോയ് വീലുകളും പുതുമോഡലില്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. മുന്‍വശത്തെ ഗ്രില്ലില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റുകളില്‍ ഹണികോംബ് പാറ്റേണും താഴ്ന്ന വേരിയന്റുകളില്‍ വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുമാണ് കാണപ്പെടുന്നത്.

പുതിയ സിറ്റിയുടെ ക്യാബിനും ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നു. ആംബിയന്റ് ലൈറ്റിങ്, അപ്‌ഹോള്‍സ്റ്ററി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയാണ് ക്യാബിനില്‍ വന്ന പ്രധാന പരിഷ്‌കാരങ്ങളില്‍ ചിലത്. ഇവ മാറ്റി നിര്‍ത്തിയാല്‍ ക്യാബിന്റെ ലേഔട്ടും മറ്റ് ഫീച്ചറുകളും മാറ്റമില്ലാതെ തുടരുന്നു. വാഹനത്തിൽ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.


രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാകും സിറ്റി ലഭ്യമാകുക. 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ ആണ് ഒരു ഓപ്ഷന്‍. ഇത് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സി.വി.ടി ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും തെരഞ്ഞെടുക്കാം. കൂടാതെ, സ്‌ട്രോങ് ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ DOHC i-VTEC പെട്രോള്‍ എഞ്ചിനുമുണ്ടാകും. ഈ എഞ്ചിന്‍ e-CVT ട്രാന്‍സ്മിഷനുമായി എത്തും.


ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (ആര്‍ഡിഇ) മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഹോണ്ട സിറ്റിയുടെ ഡീസല്‍ എഞ്ചിന്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതിലെന്ന് ജപ്പാനീസ് വാഹന നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ തന്നെ പുതിയ സിറ്റിയില്‍ 1.5-ലിറ്റര്‍ര്‍ i-DTEC ഡീസല്‍ എഞ്ചിന്‍ ഉണ്ടാകില്ല.


പെട്രോള്‍, സ്ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ ആര്‍ഡിഇ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പുതുക്കിയിട്ടുണ്ട്. ടോപ്പ്-സ്പെക്ക് ZX ട്രിമ്മില്‍ മാത്രമാണ് ഹൈബ്രിഡ് ഓപ്ഷന്‍ ലഭിക്കുന്നത്. ടോപ്പ്-സ്പെക്ക് സിറ്റി പെട്രോളും സിറ്റി ഹൈബ്രിഡും തമ്മിലുള്ള വില വ്യത്യാസം 4 ലക്ഷം രൂപയിലധികം വരും. നിലവില്‍ ഹോണ്ട സിറ്റി പെട്രോളിന്റെ വില 11.87 ലക്ഷം രൂപയില്‍ (എക്സ്ഷോറൂം) തുടങ്ങി 15.62 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) ഉയരുന്നു. ഫെയ്‌സ്‌ലിഫ്റ്റഡ് സിറ്റിക്ക് ലക്ഷം രൂപയിലധികം വില കൂടുമെന്നാണ് സൂചന.

Tags:    
News Summary - 2023 Honda City facelift reaches dealerships before the official launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.