ആൾട്ടോ കെ 10 ടീസ് ചെയ്ത് മാരുതി; അടിമുടി മാറ്റം

വാഹന പ്രേമികൾ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ് മാരുതി ആൾട്ടോ കെ 10. 2022 ഓഗസ്റ്റ് 18നാണ് ആൾട്ടോയുടെ പുത്തൻ ഹാച്ച് ബാക്ക് മോഡൽ ഷോറൂമുകളിൽ എത്തുമെന്ന് കരുതുന്നത്. പുറത്തിറക്കലിന് മുന്നോടിയായി വാഹനത്തിന്റെ ടീസർ കമ്പനി പങ്കുവച്ചു. കേവലം മുഖം മിനുക്കല്‍ മാത്രമല്ല കാര്യമായ രൂപമാറ്റവുമായാണ് വാഹനം എത്തുകയെന്നാണ് പുതിയ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ മനസിലാകുന്നത്. വാഹനത്തിന്റെ ബുക്കിങും ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം.

ഡിസൈനില്‍ കാര്യമായ മാറ്റമാണ് വാഹനത്തിന് വരുത്തിയിരിക്കുന്നത്. രണ്ട് വശങ്ങളിലും പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ്, സെലേറിയോയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഹെഡ്‌ലാമ്പ്, ഗാര്‍ണിഷ് നല്‍കി അലങ്കരിച്ചിട്ടുള്ള വലിയ ഗ്രില്ല്, ലോവര്‍ ലിപ്പില്‍ നല്‍കിയിട്ടുള്ള റെഡ് ആക്‌സെന്റ്, ആക്‌സെന്റുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള നീളത്തില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഫോഗ്‌ലാമ്പ് തുടങ്ങിയവയാണ് പുതിയ ആള്‍ട്ടോ കെ10-ന്റെ മുഖഭാവത്തില്‍ വരുത്തിയിട്ടുള്ള പുതുമകള്‍.


ഡോറിലൂടെ പിന്നിലേക്ക് നീളുന്ന ഷോര്‍ഡര്‍ ലൈന്‍, താഴെ ഭാഗത്തായി സ്ഥാനമുറപ്പിച്ചിട്ടുള്ള ക്ലാഡിങ്ങ്, റിയര്‍ വ്യൂ മിററിലുള്ള കവര്‍ എന്നിവയാണ് വശങ്ങളുടെ സൗന്ദര്യം. പൂര്‍ണമായും ഡിസൈന്‍ മാറിയാണ് ടെയ്ല്‍ ലൈറ്റ് ഒരുങ്ങിയിരിക്കുന്നത്. ഫോഗ്‌ലാമ്പിന് സമാനമായി ഡിസൈനില്‍ റിഫ്‌ളക്ഷന്‍ സ്ട്രിപ്പ് ബമ്പറില്‍ നല്‍കിയിട്ടുണ്ട്. ബമ്പറിന്റെ താഴെയായി ക്ലാഡിങ്ങും റെഡ് സ്ട്രിപ്പും നല്‍കിയിട്ടുണ്ട്. സ്‌പോര്‍ട്ടി ഭാവത്തിനായി റൂഫ് സ്‌പോയിലറും പിന്‍ഭാഗത്ത് ഒരുക്കിയാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍.

പുതുമയോടെയാണ് അകത്തളവും ഒരുങ്ങിയിട്ടുള്ളത്. ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, ഡിജിറ്റലായി മാറിയിട്ടുള്ള ബേസിക് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മാരുതിയുടെ മറ്റ് ഹാച്ച്ബാക്കുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പൂര്‍ണമായും മാറിയിട്ടുള്ള എയര്‍ കണ്ടീഷന്‍ മൊഡ്യൂള്‍ എന്നിവയാണ് അകത്തളത്തില്‍ പുതുമ പകരുന്നത്. ഡോര്‍ പാഡുകളിലും ഇന്നര്‍ ഹാന്‍ഡിലിലുമുണ്ട് മാറ്റങ്ങള്‍. രണ്ടാം നിര സീറ്റുകളുടെ ലേഔട്ട് മുന്‍ മോഡലിലേത് തുടരും.


1.0 ലിറ്റര്‍ എന്‍ജിന്‍ ഓപ്ഷനിലാണ് ആള്‍ട്ടോ നിരത്തുകളില്‍ എത്തുകയെന്നാണ് വിവരം. നാളിത്രയും മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമെത്തിയിരുന്ന ആള്‍ട്ടോയില്‍ ഇനി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സ്ഥാനം പിടിക്കുന്നതും പുതിയ വരവിലെ സവിശേഷതയാകും. 1.0 ലിറ്റര്‍ കെ10 സി പെട്രോള്‍ എന്‍ജിനിലും അഞ്ച് സ്പീഡ് മാനുവല്‍-ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എ.ജി.എസ്) ട്രാന്‍സ്മിഷനിലുമായി 11 വേരിയന്റുകളിലായിരിക്കും പുതിയ ആള്‍ട്ടോ വിപണിയില്‍ എത്തുന്നത്. പുതിയ എന്‍ജിന്‍ ഓപ്ഷന്‍ എത്തുന്നതോടെ മുന്‍ മോഡലുകളില്‍ നല്‍കിയിരുന്ന 796 സി.സി. എന്‍ജിനില്‍ ആള്‍ട്ടോ എത്തുന്നുണ്ടോയെന്ന കാര്യത്തില്‍ വ്യക്തയില്ല. പുതിയ ആള്‍ട്ടോയില്‍ സ്ഥാനം പിടിക്കുന്ന കെ10സി പെട്രോള്‍ എന്‍ജിന്‍ 998 സി.സിയില്‍ 66 ബി.എച്ച്.പി. പവറും 89 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.


4 STD, LXI, VXI, VXI+ എന്നിവയിലും 7 മാനുവൽ, 4 AMT എന്നിവ ഉൾപ്പെടുന്ന 11 വേരിയന്റുകളിലുമാണ് വാഹനം ലഭിക്കുന്നത്. ബജറ്റ് കാർ സെഗ്‌മെന്റിൽ താങ്ങാനാവുന്ന ഓപ്ഷനായിരിക്കും ആൾട്ടോ. 20 വർഷത്തിനിടെ മാരുതി സുസുക്കി ആൾട്ടോ മൊത്തം 43 ലക്ഷം യൂനിറ്റുകളാണ് വിറ്റഴിച്ചത്. ഇന്നുവരെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകളിലൊന്നാണിത്.

Tags:    
News Summary - 2022 Maruti Suzuki Alto K10 Teased Ahead of Launch, Bookings Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.