കൊച്ചി: വാറന്റി കാലയളവിനുള്ളിൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാറിലായെന്നും റിപ്പയർ ചെയ്യുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്നുമുള്ള പരാതിയിൽ ബാറ്ററി, ചാർജർ എന്നിവയുടെ വിലയും നഷ്ടപരിഹാരവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. എറണാകുളം മഴവന്നൂർ സ്വദേശി ജിജോ ജോർജാണ്‌ പരാതിക്കാരൻ. പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ബോസ് ഇലക്ട്രോ വീൽസ് എന്ന സ്ഥാപനത്തിനെതിരെയായിരുന്നു പരാതി.

59,990 രൂപ നൽകിയാണ് 2020 ആഗസ്റ്റിൽ പരാതിക്കാരൻ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയത്. സ്‌കൂട്ടറിന്റെ ബാറ്ററിക്ക് ഒരു വർഷത്തെ വാറന്റിയും നൽകിയിരുന്നു. എന്നാൽ സ്‌കൂട്ടർ വാങ്ങി കുറച്ച് മാസം കഴിഞ്ഞപ്പോൾ തന്നെ ബാറ്ററി തകരാറിലായി. റിപ്പയർ ചെയ്യുന്നതിനായി എതിർകക്ഷിയെ സമീപിച്ചുവെങ്കിലും പഴയ ബാറ്ററി തന്നെ റിപ്പയർ ചെയ്ത് നൽകുകയാണ് എതിർകക്ഷി ചെയ്തതെന്നും പരാതിയിൽ പറയുന്നു.

അതിന് ശേഷവും സ്‌കൂട്ടർ ഓടിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഈ സാഹചര്യത്തിൽ സ്‌കൂട്ടർ റിപ്പയർ ചെയ്യുന്നതിനുവേണ്ടി പുതിയ ബാറ്ററി പണം നൽകി വാങ്ങാൻ പരാതിക്കാരൻ നിർബന്ധിതനായി. തുടർന്നാണ് നഷ്ടമായ തുകയും കോടതി ചെലവും ആവശ്യപ്പെട്ട് പരാതിക്കാരൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

സ്‌കൂട്ടറിന്റെ പുതിയ ബാറ്ററിയും ചാർജറും വാങ്ങാൻ പരാതിക്കാരൻ നിർബന്ധിതമായ സാഹചര്യമാണ് എതിർകക്ഷികൾ സൃഷ്ടിച്ചതെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നിരീക്ഷിച്ചു. എതിർകക്ഷിയുടെ ഈ നടപടി അധാർമികമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. ബാറ്ററി, ചാർജർ എന്നിവയുടെ വിലയായ 18,150 രൂപയും കോടതി ചെലവ്, നഷ്ടപരിഹാരം എന്നി ഇനങ്ങളിൽ 15,000 രൂപയും 30 ദിവസത്തിനകം സ്ഥാപനം പരാതിക്കാരന് നൽകണമെന്ന് ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Electric scooter's battery problem not fixed; Order to pay compensation of Rs.33,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.