പുതിയ വോൾവോ XC60 കാർ സ്വന്തമാക്കുന്ന ആന്റണി പെരുമ്പാവൂർ
കൊച്ചി: മലയാള സിനിമ നിർമാതാവും അഭിനേതാവുമായ ആന്റണി പെരുമ്പാവൂർ പുതിയ വോൾവോ കാറിന് ഇഷ്ട്ട നമ്പർ സ്വന്തമാക്കാൻ മുടക്കിയത് ലക്ഷങ്ങൾ. സ്വീഡിഷ് വാഹനനിർമാതാക്കളായ വോൾവോയുടെ മുഖം മിനുക്കിയെത്തിയ XC60 എസ്.യു.വി കാറാണ് ആന്റണി പെരുമ്പാവൂർ ഗാരേജിൽ എത്തിച്ചത്.
എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (ആർ.ടി.ഒ) നടന്ന വാശിയേറിയ ലേലം വിളിയിലാണ് 3,20,000 രൂപക്ക് ആന്റണി പെരുമ്പാവൂർ ഇഷ്ട്ട നമ്പർ സ്വന്തമാക്കിയത്. സിനിമ നടൻ മോഹൻലാൽ ഫാൻസിന് ഈ നമ്പർ ഒരു പക്ഷെ സുപരിചിതമായിരിക്കും. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി 1986ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'രാജാവിന്റെ മകൻ' എന്ന ചിത്രത്തിലെ ഒരു ഡയലോഗിൽ പറയുന്ന 'മൈ ഫോൺ നമ്പർ ഈസ് 2255' എന്ന ഇഷ്ട്ട നമ്പറാണ് ആന്റണി സ്വന്തമാക്കിയത്. ഫാൻസി നമ്പർ ട്രെൻഡായപ്പോൾ ഈ നമ്പർ സ്വന്തമാക്കാനും കടുത്ത മത്സരം നടന്നു. അടുത്തിടെ മോഹൻലാൽ സ്വാന്തമാക്കിയ കാരവാനിനും 2255 എന്ന നമ്പർ ആയിരുന്നു.
'ഹൃദയപൂർവം' മലയാള സിനിമയുടെ വിജയാഘോഷങ്ങളുടെ ഭാഗമായാണ് ആന്റണി പെരുമ്പാവൂർ വോൾവോ XC60 എസ്.യു.വി ഗാരേജിൽ എത്തിച്ചത്. പഴയ മോഡലിനെ അപേക്ഷിച്ച് ഇന്റീരിയറിലും എക്സ്റ്റീരിയറിലും ചെറിയ മാറ്റങ്ങളോടെയാണ് വോളോവോ XC60 മുഖം മിനുക്കിയെത്തുന്നത്.
ഡ്യൂവൽ ടോൺ അലോയ് വീൽ, പുതുക്കിയ ഫ്രണ്ട് ഗ്രിൽ, ഫ്രണ്ട് ബമ്പറിലെ മാറ്റങ്ങൾ എന്നിവ മുൻവശത്തെ പ്രത്യേകതകളാണ്. കൂടാതെ സ്മോക്ഡ് ഇഫക്ട് ഫീച്ചറിൽ എത്തുന്ന ടൈൽലാമ്പും പിൻവശത്തായി വോൾവോ XC60 എസ്.യു.വിയിൽ ഒരുക്കിയിട്ടുണ്ട്. ഇത് XC90 ഫ്ലാഗ്ഷിപ്പുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു.
ഉൾവശത്ത് ക്വാൽകോംസ് സ്നാപ്പ്ഡ്രാഗൺ കോക്ക്പിറ്റ് പ്ലാറ്റഫോം അടിസ്ഥാനമാക്കി 11.2-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, 12.3-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഗൂഗ്‌ൾ ബിൽഡ്-ഇൻ സർവീസ് കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളോടെയാണ് വോൾവോ XC60 വിപണിയിലെത്തുന്നത്. കൂടാതെ 15 ഹൈ-ഫൈ സ്‌പീക്കറുകൾ, ഫുൾ എൽ.ഇ.ഡി ഹെഡ് ലൈറ്റുകൾ, ഫോഗ് ലാമ്പുകൾ, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ഡിജിറ്റൽ ഓണേഴ്‌സ് മാനുവൽ, ഇല്ല്യൂമിനേറ്റഡ് വാനിറ്റി മിറർ, ഓട്ടോ-ഡിമ്മട് റിയർ വ്യൂ മിറർ, ടയർ പ്രഷർ മോണിറ്ററിങ്, അപകട സാധ്യത മുന്നറിയിപ്പ്, അഡാപ്റ്റീവ് പവർ സ്റ്റിയറിങ്, പാർക്ക്, റിയർ, ഫ്രണ്ട്, സൈഡ് അസിസ്റ്റുകൾ തുടങ്ങിയ ഒട്ടനവധി ഫീച്ചറുകളും വോൾവോ XC60 ഉൾപ്പെടുത്തിയിട്ടുണ്ട്.
2025 ആഗസ്റ്റ് ഒന്നിനാണ് പുതിയ വോളോവോ XC60 രാജ്യത്ത് അവതരിപ്പിച്ചത്. ഏകദേശം 71.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ക്രിസ്റ്റൽ വൈറ്റ്, വപൗർ ഗ്രേ, ഫോറസ്റ്റ് ലേക്, മൾബറി റെഡ്, ഒനിക്സ് ബ്ലാക്ക്, ഡെനിം ബ്ലൂ, ബ്രൈറ്റ് ഡസ്ക് തുടങ്ങിയ നിറങ്ങളിൽ ഈ എസ്.യു.വി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.