പ്രതീകാത്മക ചിത്രം
രാജ്യത്തെ ആഭ്യന്തര കാർ വിപണിയിൽ ഇലക്ട്രിക്, ഹൈബ്രിഡ്, സി.എൻ.ജി വാഹനങ്ങളുടെ ഡിമാൻഡ് കൂടുന്നതായി റിപോർട്ടുകൾ. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ വിൽപ്പന നടത്തുന്ന കാറുകളിൽ 50 ശതമാനവും മേൽ പറഞ്ഞ പവർട്രെയിൻ കാറുകൾ ആകുമെന്നും പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്.
2025ലെ കണക്കെടുത്താൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ ഏകദേശം മൂന്ന് ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. രണ്ട് ശതമാനം ഹൈബ്രിഡ് മോഡലുകളും. വിപണിയിൽ 19 ശതമാനം സി.എൻ.ജി വാഹനങ്ങൾ ഉണ്ടെങ്കിലും ബാക്കി വരുന്ന 74 ശതമാനവും കയ്യടക്കി വെച്ചിരിക്കുന്നത് ഫോസിൽ ഇന്ധങ്ങളായ പെട്രോൾ, ഡീസൽ മോഡലുകളാണ്.
പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങൾ ഉപയോഗിച്ച് രാജ്യത്തെ വാഹന വിപണി ശക്തമാക്കാനുള്ള ഒരു റോഡ്മാപ്പ് ഇന്ത്യൻ വാഹനനിർമാതാക്കളായ മാരുതി സുസുകി തയ്യാറാക്കിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും 35 ശതമാനം സി.എൻ.ജി, 25 ശതമാനം ഹൈബ്രിഡുകൾ, 15 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ എന്നീ പവർട്രെയിനുകളുടെ മിശ്രിതമാണ് കമ്പനി ലക്ഷ്യമിടുന്നത്. മാരുതി സുസുക്കിക്ക് ഇതിനോടകം തന്നെ മികച്ചൊരു സി.എൻ.ജി വാഹനനിരയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാരുതി വിൽപ്പന നടത്തിയ മൂന്ന് കാറുകളിൽ ഒരെണ്ണം സി.എൻ.ജി പവർട്രെയിനാണ്.
മാരുതിയെ കൂടാതെ ഹ്യൂണ്ടായ് മോട്ടോഴ്സും ഇതേ ലക്ഷ്യം പിന്തുടരുന്നുണ്ട്. 2030 ആകുമ്പോഴേക്കും 53 ശതമാനം വാഹനങ്ങളും ശുദ്ധമായ ഇന്ധന സ്രോതസ്സുകളിൽ നിന്നായിരിക്കണമെന്നാണ് കമ്പനിയുടെ ലക്ഷ്യം. 2030ഓടെ വിപണിയിൽ 26 പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങുന്ന ഹ്യുണ്ടായ് എട്ട് ഹൈബ്രിഡുകൾ, മൂന്ന് സി.എൻ.ജി മോഡൽ, മൂന്ന് ഇലക്ട്രിക് മോഡൽ എന്നിങ്ങനെയുള്ള വാഹനങ്ങൾ പുറത്തിറക്കാൻ കൊറിയൻ നിർമാതാക്കൾ ശ്രമിക്കുന്നുണ്ട്.
ഇലക്ട്രിക് പാസഞ്ചർ വിഭാഗത്തിൽ ഏറ്റവും വലിയ വിഹിതം കൈവശമുള്ളത് ടാറ്റ മോട്ടോഴ്സിനാണ്. 2030 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹന വിപണിയിൽ 30 ശതമാനത്തിന്റെ വളർച്ച കൈവരിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഹൈബ്രിഡ്, സി.എൻ.ജി പവർട്രെയിനുകളും ഉയർന്ന രീതിയിൽ നിർമിക്കാൻ പുതിയ പദ്ധതികൾ വഴി ടാറ്റ ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.