സൗന്ദര്യവർധക വസ്തുക്കൾ ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കുമോ? അറിയാം പാരബെനുകളെക്കുറിച്ച്
ലോഷനുകളും ഫേസ് ക്രീമുകളും ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുമ്പോൾ ബ്രാൻഡിനും വിലക്കും പുറമെ അവയിൽ അടങ്ങിയിരിക്കുന്ന ചേരുവകളും പരിശോധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. ദിവസവും ഉപയോഗിക്കുന്ന ഇത്തരം ഉൽപന്നങ്ങളിലെ ചില ഘടകങ്ങൾ ഹോർമോൺ സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്.
സൗന്ദര്യവർധക വസ്തുക്കളിൽ സാധാരണയായി ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകളാണ് പാരബെനുകൾ. ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ വളർച്ച തടയാനാണ് ഇവ ചേർക്കുന്നത്. എന്നാൽ, ശരീരത്തിലെ ഹോർമോൺ പ്രവർത്തനങ്ങളെയും പ്രത്യുൽപാദന ആരോഗ്യത്തെയും പാരബെനുകൾ പ്രതികൂലമായി ബാധിച്ചേക്കാം. ലോഷനുകളോ മറ്റ് കോസ്മെറ്റിക് ഉൽപന്നങ്ങളോ വാങ്ങുമ്പോൾ അവയുടെ ലേബലുകൾ ശ്രദ്ധാപൂർവം വായിക്കണമെന്നും പാരബെൻ രഹിത ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പാരബെനുകൾ സ്ത്രീകളിലെ എ.എം.എച്ച് (ആന്റി മുള്ളേറിയൻ ഹോർമോൺ) ഹോർമോണിന്റെ അളവിനെ ദോഷകരമായി ബാധിക്കുകയും ഇതുവഴി പ്രത്യുല്പാദനശേഷി കുറയാനും കാരണമായേക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഇത് ശരീരത്തിലെത്തിയാൽ സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ പ്രവർത്തനങ്ങളെ അനുകരിക്കാൻ തുടങ്ങും. ഇത് സ്വാഭാവിക ഹോർമോൺ സിഗ്നലുകളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു.
സൗന്ദര്യവർധക വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ചേരുവകളുടെ പട്ടികക്കൊപ്പം ഉൽപ്പന്നത്തിന്റെ കാലാവധി, ഉപയോഗരീതി, മുന്നറിയിപ്പുകൾ എന്നിവയും പരിശോധിക്കണം. പുതിയ ഉൽപന്നം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുകയും ചർമത്തിൽ തുടർച്ചയായ ചൊറിച്ചിൽ, ചുവപ്പ്, നീർവീക്കം തുടങ്ങിയ ലക്ഷണങ്ങളുണ്ടായാൽ ഉപയോഗം നിർത്തി ഡോക്ടറുടെ ഉപദേശം തേടുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.