പന്നിയുടെ വൃക്ക മനുഷ്യനിൽ 271 ദിവസം പ്രവർത്തിച്ചു; അവയവമാറ്റ ചികിത്സയിൽ പുതിയ റെക്കോർഡ്
പന്നിയുടെ വൃക്ക മനുഷ്യനിൽ 271 ദിവസം പ്രവർത്തിച്ചു; അവയവമാറ്റ ചികിത്സയിൽ പുതിയ റെക്കോർഡ് വാഷിങ്ടൺ: അവയവമാറ്റ ചികിത്സയിൽ പുതിയ റെക്കോർഡ് കുറിച്ച് പന്നിയുടെ വൃക്ക മനുഷ്യനിൽ 271 ദിവസം പ്രവർത്തിച്ചതായി അമേരിക്കയിലെ ഡോക്ടർമാർ. ഇത് മെഡിക്കൽ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡാണെന്നും കിഡ്നി മാറ്റിവെക്കൽ ചികിത്സാ രംഗത്ത് പുതിയ പ്രതീക്ഷ നൽകുന്നതാണെന്നും ഡോക്ടർമാർ പറഞ്ഞു.
മനുഷ്യന്റെ അവയവം ലഭ്യമാകുന്നതുവരെ പന്നിയുടെ അവയവങ്ങൾ താൽക്കാലികമായി ഉപയോഗിക്കാമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് മാസ് ജനറൽ ബ്രിഗാം ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കുന്നു. രക്തം ശുദ്ധീകരിക്കുന്നതിന് ഡയാലിസിസിനായി ആശുപത്രിയിൽ പോകുന്നത് ഇതിലൂടെ ഒഴിവാക്കാൻ സാധിച്ചതായി പന്നിയുടെ വൃക്ക സ്വീകരിച്ച ടിം ആൻഡ്രൂസ് പറഞ്ഞു. എന്നാൽ പന്നിയുടെ അവയവം പിന്നീട് പ്രവർത്തനരഹിതമാവുകയും നീക്കം ചെയ്യുകയും ചെയ്തു. തുടർന്ന് ഒരു ദാതാവിനെ കണ്ടെത്തുന്നതുവരെ ആൻഡ്രൂസിന് ചെറിയൊരു കാലയളവ് ഡയാലിസിസ് ചെയ്യേണ്ടിവന്നു.
യു.എസിൽ, ഏകദേശം 100,000 ആളുകൾ വൃക്കയ്ക്കായി കാത്തിരിക്കുമ്പോൾ പ്രതിവർഷം 25,000 അവയവമാറ്റങ്ങൾ മാത്രമാണ് നടക്കുന്നത്. യുകെയിൽ 7,000-ത്തിലധികം ആളുകൾ വൃക്ക മാറ്റിവെക്കൽ ലിസ്റ്റിലുണ്ട്. ഇതുപ്രകാരം വൃക്ക ലഭിക്കാൻ ഏഴ് വർഷമെടുത്തേക്കാമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം ഡോക്ടർമാർ ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണ് ടിം ആൻഡ്രൂസ് പന്നിയുടെ വൃക്ക സ്വീകരിക്കുന്ന പരീക്ഷണത്തിന് തയാറായത്.
2025 ജനുവരിയിലായിരുന്നു ശസ്ത്രക്രിയ. ആൻഡ്രൂസിന് അന്ന് 66 വയസ്സായിരുന്നു പ്രായം. മാറ്റിവെച്ച പന്നിയുടെ വൃക്ക ഉടൻ തന്നെ പ്രവർത്തിക്കാൻ തുടങ്ങിയതായി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. ആ വർഷം ഒക്ടോബറിൽ എടുത്തുമാറ്റുന്നത് വരെ വൃക്ക പ്രവർത്തിച്ചു. തുടർന്ന് ഒരു ദാതാവിൽ നിന്നുള്ള അവയവം ലഭിക്കുന്നത് വരെ ടിമിന് 82 ദിവസത്തേക്ക് ഡയാലിസിസ് ആവശ്യമായി വന്നു. ആ അവയവം ഇപ്പോൾ നന്നായി പ്രവർത്തിക്കുന്നുണ്ട്.
എന്താണ് സെനോട്രാൻസ്പ്ലാൻറേഷൻ?
മനുഷ്യ അവയവങ്ങളുടെ ദൗർലഭ്യം പരിഹരിക്കാനാണ് ഡോക്ടർമാരും ശാസ്ത്രജ്ഞരും സെനോട്രാൻസ്പ്ലാൻറേഷനെക്കുറിച്ച് (മറ്റേത് ജീവജാലങ്ങളിൽ നിന്നുമുള്ള അവയവങ്ങൾ ഉപയോഗിക്കുന്നത്) പര്യവേക്ഷണം നടത്തുന്നത്. സെനോട്രാൻസ്പ്ലാൻറേഷന് അനുയോജ്യമായ മൃഗങ്ങളായാണ് പന്നികളെ കാണുന്നത്. അവയുടെ അവയവങ്ങൾക്ക് ഏകദേശം ശരിയായ വലിപ്പമുണ്ട്. സാധാരണ പന്നിയുടെ വൃക്ക എടുത്ത് ഒരാളിൽ വെക്കാൻ കഴിയില്ല. മനുഷ്യന്റെ ശരീരത്തിന് അനുയോജ്യമാക്കുന്നതിനായി ജനിതകമാറ്റം വരുത്തിയ പന്നിയിൽ നിന്നാണ് വൃക്ക ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.