ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാർഥ വ്യാപനം; കണ്ടെത്തലുമായി ആർ.ജി.സി.ബി ഗവേഷകര്‍

തിരുവനന്തപുരം: ന്യൂമോണിയക്ക് കാരണമാകുന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന മാരക വിഷപദാർഥം കോശങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്നതില്‍ ശരീരം സ്വയം നടത്തുന്ന കോശ സംരക്ഷണ പ്രക്രിയക്ക് പങ്കുണ്ടെന്ന് പുതിയ കണ്ടെത്തല്‍. ബ്രിക്- രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ബ്രിക്- ആർ.ജി.സി.ബി) ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന പഠനത്തിന് പിന്നില്‍. രാജ്യാന്തര ശാസ്ത്ര ജേണലായ ‘ജേണല്‍ ഓഫ് എക്സ്ട്രാസെല്ലുലാര്‍ വെസിക്കിള്‍സി’ല്‍ പഠനം പ്രസിദ്ധീകരിച്ചു.

ന്യൂമോണിയക്കും മറ്റ് ഗുരുതരമായ അണുബാധകള്‍ക്കും കാരണമാകുന്ന ബാക്ടീരിയയാണ് സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ. ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ‘ന്യൂമോലൈസിന്‍’ എന്ന വിഷവസ്തു ഒരു കോശത്തില്‍ നിന്ന് മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നതിന് പിന്നിലെ ശാസ്ത്രീയതയാണ് പുതിയ പഠനത്തിലൂടെ പുറത്തുവന്നത്. ഭാവിയില്‍ ന്യൂമോലൈസിന്‍റെ വ്യാപനം തടയുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കാന്‍ ഈ കണ്ടെത്തല്‍ സഹായകമാകും.

ബാക്ടീരിയയിലെ വിഷവസ്തു കാരണം കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ കോശങ്ങള്‍ സ്വയം പ്രതിരോധിക്കാനായി പുറന്തള്ളുന്ന മൈക്രോവെസിക്കിള്‍സ് വഴി ഈ വിഷപദാർഥം മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. മനുഷ്യനിലെ പ്രതിരോധ കോശങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ഇത് കണ്ടെത്തിയത്. ന്യൂമോണിയ അണുബാധകള്‍ ശരീരകലകളെ എങ്ങനെ ബാധിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഈ കണ്ടെത്തല്‍ സഹായകമാകുമെന്ന് ആർ.ജി.സി.ബിയിലെ സീനിയര്‍ ഗവേഷകനായ ഡോ. കാര്‍ത്തിക് സുബ്രഹ്മണ്യന്‍ പറഞ്ഞു. ഗവേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഹൈദരാബാദ് ടി.ഐ.എഫ്.ആറിലെ ഡോ. ജഗന്നാഥ് മണ്ഡല്‍, ബംഗളൂരു ഐ.ഐ.എസ്സിയിലെ ഡോ. സോംനാഥ് ദത്ത എന്നിവരുടെ സംഘവും സഹകരിച്ചു.

Tags:    
News Summary - Pneumonia bacteria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.