കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം വീണ്ടും നിപ ജാഗ്രതയിൽ. വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് രോഗം വ്യാപിക്കുന്നത്. പഴംതീനി വവ്വാലുകളുടെ സ്രവത്തിൽ നിന്നാണ് രോഗ വ്യാപനം ഉണ്ടാവുക. വവ്വാലുകളിൽ നിന്ന് രോഗം ബാധിച്ച മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു രോഗം പകരും. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരും.കേരളത്തിൽ ഫെബ്രുവരി മുതൽ സെപ്തംബർ വരെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വൻതോതിൽ വർധിക്കുന്നതാണ് പഠനം.
എന്താണ് നിപ വൈറസ്
ഹെനിപാവൈറസ് ജനുസിലെ പാരാമിക്സോവിറിഡേ വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ. വൈറസുകളാണ് നിപ വൈറസുകൾ. മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് നിപ (Nipah) എന്ന പേരിൽ വൈറസ് അറിയപ്പെടുന്നത്.
പഴവർഗങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് ജനുസിൽപ്പെട്ട നാലുതരം വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകർ. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. ലോകത്ത് ആദ്യമായി മലേഷ്യയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. മലേഷ്യയിൽ വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പടരുകയാണുണ്ടായത്. പൂച്ച, ആട്, പട്ടി, കുതിര തുടങ്ങിയ വളർത്തുമൃഗങ്ങളിലേക്ക് രോഗം പകരാവുന്നതാണ്. ഇവയിൽനിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിക്കും. വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുകളുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയിൽ മാത്രമാണ് പന്നികളിൽനിന്ന് രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്തത്. ബംഗ്ലാദേശിൽ വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ നിന്നുള്ള കള്ളിൽ നിന്നും രോഗം പകർന്നതായി കണ്ടെത്തിയിട്ടുണ്ട്. നിപ രോഗം കാലാവസ്ഥയ്ക്കനുസരിച്ച് ചാക്രികമായി പ്രത്യക്ഷപ്പെടുന്ന ഒന്നാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്.
രോഗം പകരുന്നതെങ്ങനെ?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളുടെ വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന നിപയെ ഉൾപ്പെടുത്തിയിരിക്കുന്നത്. വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരും. രോഗിയുടെ ശരീരസ്രവങ്ങൾ വഴിയാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും മറ്റും അന്തരീക്ഷത്തിലൂടെയും രോഗം പകരാം.
തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്നതാണ് മരണകാരണമാകുന്നത്. പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽത്തന്നെ രോഗം മൂർച്ഛിക്കും.
വൈറസ് ബാധയുള്ള മൃഗങ്ങളുമായി അടുത്തിടപഴകുന്നതോ പക്ഷി-മൃഗങ്ങൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയോ വൈറസുകൾ മനുഷ്യശരീരത്തിലെത്താം. വൈറസ് ശരീരത്തിനുള്ളിലെത്തിയാൽ അഞ്ചുമുതൽ പതിനാല് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ലക്ഷണങ്ങൾ
* കടുത്ത പനി, തലവേദന, തലകറക്കം, ക്ഷീണം, ചുമ, തൊണ്ടവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
* രോഗം മൂർച്ഛിക്കുമ്പോൾ ചർദ്ദി, സ്ഥല കാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസ്സം എന്നിവ ഉണ്ടാകും.
രോഗ സ്ഥിരീകരണം
സ്രവപരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രക്തം, മൂത്രം, തൊണ്ടയിൽ നിന്നുള്ള സ്രവം, വേണ്ടി വന്നാൽ നട്ടെല്ലിൽ നിന്നും കുത്തിയെടുത്ത നീര് എന്നിവയാണ് പരിശോധനയ്ക്കായി അയക്കുന്നത്.
വവ്വാലുകളുടെ പ്രജനനകാലവും രോഗ വ്യാപനവും
പഴംതീനി വവ്വാലുകൾ നിപ വൈറസിന്റെ സ്വാഭാവിക വാഹകരാണ്. വവ്വാലിന് നിപയെക്കൊണ്ട് ഉപദ്രവമൊന്നുമില്ല.പ്രജനനകാലഘട്ടത്തിലാണ് ഇവ കൂടുതൽ വൈറസ് പുറത്തേക്ക് തള്ളുക. വവ്വാലുകളിൽ പല തരത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടാവുമ്പോഴും വൈറസ് പുറംതള്ളപ്പെടും. അതിനാൽ വവ്വാലുകളെ ആക്രമിക്കുന്നതിൽ നിന്ന് ജനം വിട്ടുനിൽക്കണം. വൈറസ് വ്യാപനം ഭയന്ന് വവ്വാലുകളെ ഓടിക്കാൻ ശ്രമിച്ചാൽ അവ കൂടുതൽ അളവിൽ വൈറസ് പുറംതള്ളുകയും രോഗ വ്യാപന സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്കനികൾ ഒഴിവാക്കുക.
* തുറന്നതും മൂടിവെക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ച കള്ള്, പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
* കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസ്സുകളിലും വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ശരീരസ്രവങ്ങൾ എന്നിവ വീഴാതെ സൂക്ഷിക്കുക.
*വളർത്തുമൃഗങ്ങളുടെ ശരീരസ്രവങ്ങൾ, വിസർജ്യം എന്നിവയുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക.
രോഗം ബാധിച്ച വ്യക്തിയിൽ നിന്ന് രോഗം പകരാതിരിക്കാൻ
*രോഗിയുമായി സമ്പർക്കം ഉണ്ടായതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
*രോഗിയുമായി ഒരു മീറ്ററെങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
*രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
*വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക.
* രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റ് ഇടപഴകലുകൾ നടത്തുമ്പോഴും കയ്യുറകളും മാസ്കും ധരിക്കുക.
* സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും കർശനമായി എടുക്കുക.
* രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാൽ അധികൃതരെ വിവരം അറിയിക്കുക.
* രോഗി, രോഗചികിത്സയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങൾ, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
* നിപ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച വാർഡുകളിലേക്ക് മാറ്റുക.
* ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
* രണ്ട് രോഗികളുടെ കട്ടിലുകൾ തമ്മിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.