തൃശൂരിൽ മുണ്ടിനീര് പടരുന്നു; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഡിഎംഒ

തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം വായുവിലൂടെയാണ് പകരുന്നത്. ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന രോഗം, ഗ്രന്ഥികളിൽ വീക്കം കാണുന്നതിന് രണ്ട് ദിവസം മുമ്പും വീക്കം വന്ന ശേഷം നാല് മുതൽ ആറ് ദിവസം വരെയുമാണ് പ്രധാനമായും മറ്റുള്ളവരിലേക്ക് പകരുന്നത്. അഞ്ച് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും രോഗബാധ കാണാറുണ്ട്. മുതിർന്നവരിൽ രോഗം കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

രോഗലക്ഷണങ്ങൾ

ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലുണ്ടാകുന്ന വീക്കമാണ് പ്രധാന ലക്ഷണം. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കാം.

ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടും. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്.

പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾക്ക് കൃത്യമായ ചികിത്സ തേടുകയും ധാരാളം വെള്ളം കുടിക്കുകയും പൂർണ വിശ്രമം എടുക്കുകയും വേണം.

രോഗപ്പകർച്ച

ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗികളുമായുള്ള സമ്പർക്കം എന്നിവയിലൂടെ വായുവിലൂടെ രോഗം പകരുന്നു.

കൃത്യമായ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ രോഗം തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്നേയഗ്രന്ഥി, പ്രോസ്റ്റേറ്റ് എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ട്.

പ്രതിരോധം

ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ രക്ഷിതാക്കളെയും ആരോഗ്യപ്രവർത്തകരെയും ഉടൻ വിവരമറിയിക്കണം. രോഗബാധിതരായ കുട്ടികളെ സ്കൂളിൽ അയക്കരുത്. രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സോപ്പുപയോഗിച്ച് കൈകൾ കഴുകുക എന്നിവ രോഗപ്പകർച്ച തടയാൻ അത്യാവശ്യമാണ്.

Tags:    
News Summary - Stay Safe From Mumps Virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.