ആഫ്രിക്കയിൽ നിലവിൽ ഹന്താവൈറസ് ഭീഷണിയില്ല; ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

അഡിസ് അബാബ: ആഫ്രിക്കൻ രാജ്യങ്ങളിൽ നിലവിൽ ഹന്താവൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, വരാനിരിക്കുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ആഫ്രിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോളും അറിയിച്ചു. അർജന്റീനയിൽ നിന്നും സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് 147 യാത്രക്കാരുമായി പോയ 'എംവി ഹോണ്ടിയസ്' എന്ന വിനോദസഞ്ചാര കപ്പലിൽ ഹന്റാവൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ മുൻകരുതൽ നടപടി.

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പൊതുജനാരോഗ്യത്തിന് നിലവിൽ വലിയ ഭീഷണിയൊന്നുമില്ലെങ്കിലും നിരീക്ഷണം ശക്തമാക്കണമെന്ന് ആഫ്രിക്ക സി.ഡി.സി എമർജൻസി വിഭാഗം തലവൻ യാപ് ബൗം II പറഞ്ഞു. രോഗം നേരത്തെ തിരിച്ചറിയുന്നതും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതും വളരെ നിർണ്ണായകമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നിലവിൽ ആഗോളതലത്തിൽ രോഗവ്യാപന സാധ്യത കുറവാണെങ്കിലും, ഒരു രാജ്യവും ഈ ഭീഷണിക്ക് മുന്നിൽ തയാറെടുപ്പുകളില്ലാതെ നിൽക്കാൻ പാടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ റീജിയണൽ ഓഫീസ് എമർജൻസി ഡയറക്ടർ മേരി റോസ്‌ലിൻ ബെലിസയർ പറഞ്ഞു.

‘മുൻകരുതലുകൾ എടുക്കുക എന്നതിനർത്ഥം പരിഭ്രാന്തരാകുക എന്നല്ല. പകരം, നമ്മുടെ നിരീക്ഷണ സംവിധാനങ്ങളും പ്രതിരോധ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ സാങ്കേതിക വിഭാഗം സജ്ജമായിരിക്കണം. രോഗബാധയുണ്ടായാൽ കൃത്യസമയത്തും ആനുപാതികമായും പ്രതികരിക്കാൻ നമുക്ക് സാധിക്കണം’ ബെലിസയർ വ്യക്തമാക്കി.

എങ്ങനെയാണ് പകരുന്നത്?

എലികളിലും മറ്റ് കരണ്ടുതീനി വർഗ്ഗത്തിൽപ്പെട്ട ജീവികളിലുമാണ് ഹന്താവൈറസ് പ്രധാനമായും കാണപ്പെടുന്നത്. മനുഷ്യരിൽ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഈ വൈറസ് കാരണമാകും. രോഗബാധയുള്ള എലികളുമായോ അവയുടെ മൂത്രം, വിസർജ്യം, ഉമിനീർ എന്നിവയുമായോ നേരിട്ട് സമ്പർക്കമുണ്ടാകുന്നത് വഴി രോഗം പകരാം.

എലികളുടെ വിസർജ്യങ്ങൾ ഉണങ്ങിപ്പൊടിഞ്ഞ് വായുവിൽ കലരുകയും, അത് ശ്വസിക്കുകയും ചെയ്യുന്നത് വഴിയും വൈറസ് ശരീരത്തിലെത്താൻ സാധ്യതയുണ്ട്. രോഗം പടരാതിരിക്കാൻ എലികളെ നിയന്ത്രിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് ആരോഗ്യ വിദഗ്ധർ ഓർമിപ്പിച്ചു.

Tags:    
News Summary - Hantavirus Risk Low In Africa, But Preparedness Urged By WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.