നിര തെറ്റിയതോ പൊങ്ങിയതോ ആയ പല്ലുകൾ ഉണ്ടെങ്കിൽ ആദ്യം നമ്മുടെ മനസ്സിൽ വരുന്നത് പല്ലിൽ കമ്പി ഇടുന്ന ചികിത്സയെകുറിച്ചായിരിക്കും. തീർച്ചയായും ഓർത്തോഡോൻഡിക് ബ്രൈസസ് നമുക്ക് മികച്ച പുഞ്ചിരി സമ്മാനിക്കുന്നു എന്നുതന്നെയാണ്. പക്ഷേ, എന്തുകൊണ്ടാണ് ചില ആളുകൾക്കു ഓർത്തോഡോൻഡിക് ചികിത്സക്കു ശേഷവും സംപൃതരാകാത്തത്? അവരുടെ പല്ലുകൾ പരിപൂർണമായും ഒരേ നിരയിലായിട്ടുപോലും അവരുടെ മുഖം എന്തുകൊണ്ട് ഉദ്ദേശിച്ചത്ര സൗന്ദര്യം കിട്ടുന്നില്ല?
അതിന് ഒരു കാരണം പല്ലിന്റെ പ്രശ്നത്തിന് ഉപരിമോണ അല്ലെങ്കിൽ താടിഎല്ലുകൾ മുമ്പോട്ടു തള്ളിയിട്ടുണ്ടാകാം. ഇതു പോലുള്ളവർക്ക് മികച്ച ഫലം ലഭിക്കണമെങ്കിൽ മിനി ഇംപ്ലാൻറ് അസിസ്റ്റഡ് ഓർത്തോഡോൻഡിക്സിന്റെ (mini implant assisted orthodontic braces) സഹായത്തോടെ പല്ലുകളും അതുപോലെ മോണയുടെയും താടിയെല്ലുകളുടെയും പ്രശ്നങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കി മുഖസൗന്ദര്യം കൂടുതൽ ഭംഗിയാക്കാൻ സഹായിക്കുന്നു. മുമ്പൊക്കെ സർജറി വേണ്ടിവന്നിരുന്ന പലപ്രശ്നങ്ങളും ഇപ്പോൾ മിനി ഇംപ്ലാന്റിന്റെ സഹായത്തോടെ ഓർത്തോഡോൻഡിക് ബ്രൈസസ് കൊണ്ട്ു മാത്രം ശരിയാക്കാൻ സാധിക്കുന്നു.
സാധാരണ ഓർത്തോഡോൻഡിക് ബ്രൈസസിന്റെ കൂടെ ടൈറ്റാനിയം അല്ലെങ്കിൽ സ്റ്റൈൻലെസ് സ്റ്റീൽ കൊണ്ട് നിർമിച്ച തികച്ചും ബയോകോംപാക്റ്റബിൾ ആയ ചെറിയ മിനി സ്ക്രൂ മോണയിൽ പിടിപ്പിക്കുന്നു. ഇതിന്റെ സഹായത്തോടെ പല്ലുകളെ ഏത് ദിശയിലും എത്ര ദൂരം വരെയും അനായാസം ചലിപ്പിക്കാൻ സഹായിക്കുന്നു. എത്ര ബുദ്ധിമുട്ടുള്ള ചലനങ്ങളും, അതുപോലെ മോണയുടെയും താടിയെല്ലുകളുടെയും വളർച്ച വ്യതിയാനങ്ങളെ സ്വാധീനം ചെലുത്തി മൊത്തത്തിൽ മുഖസൗന്ദര്യത്തെ കൂടി മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.
വളരെ ചെറിയ ശതമാനം ആളുകൾക്കു മാത്രമേ ആവശ്യകതയുള്ളൂ. ഒരു ഓർത്തോഡോൻഡിക്സ്റ്റ് കൃത്യമായി വിശകലനം ചെയ്തതിനുശേഷമാണ് ഇക്കാര്യം തീരുമാനിക്കുന്നത്. എങ്കിലും കൂടുതൽ ഉപയോഗം വരുന്നത് ആർക്കൊക്കെ എന്ന് വിശദീകരിക്കാം. മുതിർന്നവരുടെ മോണയുടെയും, മേൽ/കീഴ്താടിയെല്ലുകളുടെയും വളർച്ച വ്യതിയാനം കാരണം പല്ലുകളും ചുണ്ടുകളും പൊങ്ങിയിരിക്കുന്ന പ്രശ്നങ്ങൾ ഉള്ളവർക്ക്. (കുട്ടികൾക്ക് ഓർത്തോപീഡിക് ചികിത്സ കൊണ്ടു തന്നെ മികച്ച ഫലം ലഭിക്കാറുണ്ട്), മുമ്പ് ഒരു പ്രാവശ്യം ഓർത്തോഡോൻഡിക് ബ്രൈസസ് (പല്ലുകൾ എടുത്തോ അല്ലാതെയോ) ചെയ്തിട്ടും ഫലം കിട്ടാത്ത കേസുകളിൽ, കൂടുതൽ പല്ലുകൾ മിസിങ് ഉള്ള ആളുകൾക്കു ബ്രൈസസ് കൊണ്ട് മാത്രം പല്ലുകൾ അതിന്റെ യഥാർഥ സ്ഥാനത്തേക്കു നീക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, അതുപോലെ തന്നെ പല്ലുകളുടെ ഏത്ര ക്ലേശകരമായ സ്ഥാനമാറ്റവും അനായാസമാക്കുന്നു.
മിനിറ്റുകൾ മാത്രം ആവശ്യമുള്ള ഈ ചെറിയ നടപടിക്രമം ലോക്കൽ അനസ്തേഷ്യ കൊടുത്തു മോണയുടെ ആ ഒരു ഭാഗം തരിപ്പിക്കുന്നു. ഇൻസേർട്ട് ചെയ്യുമ്പോൾ വേദന അനുഭവപ്പെടുകയില്ല. വളരെ ചെറിയ ശതമാനം ആളുകൾക്ക് നേരിയ വേദന ആദ്യ ദിവസം ഉണ്ടാകുമെങ്കിലും ഒന്ന് രണ്ടു ദിവസത്തിനകം പൂർവസ്ഥിതിയിലേക്കാവുന്നതാണ്.
യഥാർഥ സ്ഥാനത്തേക്ക് പല്ലുകൾ നീങ്ങിയാൽ ഇവ എടുത്തുമാറ്റാറുണ്ട്. ചിലപ്പോൾ ബ്രൈസസ് ചികിത്സ കഴിയുന്നതോടുകൂടി ആകാം അല്ലെങ്കിൽ അതിനുമുമ്പും ചെയ്യാറുണ്ട്. മിനി ഇംപ്ലാൻറ് മോണയിൽ പിടിപ്പിച്ചാൽ പിന്നെ അത് അവിടെ ഉള്ളതുപോലും നമ്മുടെ ശ്രദ്ധയിൽ വരാറില്ല എന്നതാണ് സത്യം.
ഇവയൊരിക്കലും പല്ലുകൾക്കോ മോണകൾക്കോ കേടുപാടുകൾ വരുത്തുകയില്ല. എല്ലാ പഠനങ്ങളും റിപ്പോർട്ട് ചെയ്യുന്ന പോലെ നേരിയ വീക്കം മിനി ഇംപ്ലാൻറ് ലൂസ് ആകുന്ന പോലത്തെ പാർശ്വഫലം നിസ്സാരമായതും റിവേഴ്സിബലും ആകുന്നു. 10 മുതൽ 15 ശതമാനം വരുന്ന കേസുകളിൽ മിനി ഇംപ്ലാൻറ് ഇളകാൻ സാധ്യതാ ഉള്ളതിനാൽ ചിലപ്പോൾ അവ സ്ഥാനമാറ്റം ചെയ്യേണ്ടതായി വരാറുണ്ട്.
പല കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം. അതിൽ ഒന്ന് ആങ്കറേജ് ലോസ് കൊണ്ടാകാം. അതായത് മുന്നിലെ പല്ലുകൾ പിറകിലോട്ട് നീങ്ങേണ്ടതിനുപകരം പിറകിലെ പല്ലുകൾ മുന്നിലേക്കു വന്ന് പല്ല് എടുത്ത സ്ഥലം അടഞ്ഞിട്ടുണ്ടാകാം. അല്ലെങ്കിൽ മോണയുടെയോ താടിയെല്ലുകളുടെയോ പ്രശ്നങ്ങൾ ബ്രൈസസ് കൊണ്ടുമാത്രം ചികിത്സിച്ചിട്ടുണ്ടാകാം.
ഒരു ഓർത്തോഡെന്റിസ്റ്റ് പല്ലുകൾ, മോണ, താടിയെല്ലുകൾ, മുഖം ഇവാ എല്ലാം പരിശോധിച്ചതിനുശേഷം യഥാർഥ പ്രശ്നം കണ്ടെത്തി ശരിയായ ചികിത്സ നിർദേശിക്കും. തീർച്ചയായും പരാജയപ്പെട്ട ചികിത്സ വീണ്ടും വിജയകരമാക്കാൻ സാധിക്കും. പല്ലുകൾ വീണ്ടും എടുക്കാതെ തന്നെ മിനി ഇംപ്ലാൻറ് ഉപയോഗിച്ച് എല്ലാ പല്ലുകളെയും പിറകിലോട്ട് നീക്കംചെയ്യാനും അതു വഴി നല്ല ഫലം ലഭിക്കാനും സാധിക്കും.
ഒരു നല്ല ശതമാനം വരുന്ന ആളുകൾക്കു സെല്ഫ്ലിഗേഷൻ പോലുള്ള ബ്രൈസസ് കൊണ്ടുതന്നെ പല്ലുകൾ എടുക്കാതെ ചികിത്സ സാധ്യമാണ്. എങ്കിലും മിനി ഇംപ്ലാൻറ് ചികിത്സ പല്ലുകൾ എടുക്കാനുള്ള സാധ്യത വീണ്ടും കുറക്കുന്നു. പക്ഷേ, വളരെ കുറച്ചു കേസുകളിൽ മാത്രം പല്ലുകൾ എടുക്കൽ അനിവാര്യമാണ്.
മോണയുടെയും താടിയെല്ലുകളുടെയും വൈരുധ്യങ്ങൾക്ക് ഓർത്തോഗ്നത്തിക് സർജറിയാണ് ചികിത്സ രീതി. എങ്കിലും കൂടുതൽ ആളുകളും ഇതിൽ താല്പര്യം പ്രകടിപ്പിക്കാറില്ല.
അതിനു കാരണം സർജറിയുടെ സങ്കീർണതകളും ഭയവും ആണ്. സർജറി കൊണ്ട് ചികിത്സിച്ചിരുന്ന പല പ്രശ്നങ്ങളും ഇപ്പോൾ മിനി ഇംപ്ലാന്റ് ചികിത്സകൊണ്ടുതന്നെ മികച്ച ഫലം നൽകുന്നുണ്ട്. എങ്കിലും തീവ്രമായ വളരെ ചുരുക്കം കേസുകൾക്ക് സർജറി തന്നെയാണ് ആദ്യത്തെ മുൻഗണന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.