വൃക്ക രോഗം ആരംഭത്തിൽ തന്നെ തിരിച്ചറിയാം, ഈ 7 ലക്ഷണങ്ങളിലൂടെ

രക്തം ശുദ്ധീകരിച്ചും ഫ്ലൂയിഡുകൾ സന്തുലനം ചെയ്തും ശരീരത്തിലെത്തുന്ന മാലിന്യം യഥാസമയം പുറന്തള്ളിയും നിശബ്ദമായി വിശ്രമമില്ലാതെ പണിയെടുക്കുന്ന പോരാളികളാണ് വൃക്കകൾ. മറ്റ് അവയവങ്ങളിൽ നിന്ന് വ്യത്യസ്തമായി വൃക്കകളുടെ തകരാറുകൾ പെട്ടെന്ന് ലക്ഷണങ്ങൾ പുറത്തു കാണിക്കില്ല.ആഗോള ജനതയുടെ 10 ശതമാനത്തിന് വൃക്കരോഗങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പ്രോട്ടീൻ ചോർച്ചയും വീക്കവും കൊണ്ടുണ്ടാകുന്ന വൃക്ക രോഗമാണ് നെഫ്രോസിസ്. രോഗ ലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് മികച്ച ചികിത്സ ലഭ്യമാക്കി ജീവൻ അപകടത്തിലാകാതെ നോക്കാൻ സഹായിക്കും.

അകാരണമായ നീര്

ശരീര ഭാഗങ്ങളിൽ പ്രത്യേകിച്ച് കാൽപ്പാദം, കണങ്കാൽ, മുഖം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന നീര് നെഫ്രോസിസിന്‍റെ പ്രാരംഭ ലക്ഷണമാണ്. പ്രോട്ടീൻ രക്തത്തിൽ നിലനിർത്താതെ മൂത്രത്തിലൂടെ ചോർന്നു പോകുന്നതാണ് ഇതിനു കാരണം. കോശങ്ങളിൽ പ്രോട്ടീൻ അടിഞ്ഞു കൂടുന്നത് തടയുന്ന ഘടകങ്ങളാണ് ആൽബുമീൻ പോലുള്ള പ്രോട്ടീനുകൾ. ഇത് തടസ്സപ്പെടുമ്പോൾ പരിക്കൊന്നും സംഭവിക്കാതെ തന്നെ ശരീരത്തിൽ നീര് പ്രത്യക്ഷപ്പെടാൻ തുടങ്ങും.

നുരയും കുമിളയും നിറഞ്ഞ മൂത്രം

നിർജലീകരണം മാത്രമല്ല നെഫ്രോസിസ് ബാധിക്കുന്നവരിലും മൂത്രത്തിൽ നുരയും പതയും പ്രത്യക്ഷപ്പെടും. ശരീരത്തിൽ അധികം വരുന്ന പ്രോട്ടീൻ പുറത്തേക്ക് പോകുന്നതാണ് ഇതിന് കാരണം. പ്രോട്ടീനൂറിയ എന്നാണ് ഡോക്ടർമാർ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. തുടക്കത്തിൽ ഇതൊരു പ്രശ്നമായി തോന്നില്ലെങ്കിലും വൃക്കകളുടെ പ്രവർത്തനങ്ങൾ നിശബ്ദമായി തകരാറിലാകുന്നതിന്‍റെ ലക്ഷണമാകാം ഇത്.

പെട്ടെന്ന് ഭാരം വർധിക്കുന്നത്

എപ്പോ‍ഴും ശരീരം വണ്ണം വെക്കുന്നത് ഭക്ഷണം കഴിക്കുന്നത് കൊണ്ടോ ജീവിത ശൈലി കൊണ്ടോ ആവണമെന്നില്ല. വൃക്കകൾ തകരാറിലാകുമ്പോൾ ശരീരത്തിൽ ഫ്ലൂയിഡുകൾ കെട്ടിക്കിടക്കുകയും ശരീരഭാരം വർധിക്കുകയും ചെയ്യും. സാധാരണ ഗതിയിലുള്ള വണ്ണത്തിൽ നിന്ന് വ്യത്യസ്തമായി മന്ദതയും നീരുമായാണ് ഇത് ശരീരത്തിൽ പ്രത്യക്ഷപ്പെടുക.

നിരന്തരമായ ക്ഷീണവും ബലമില്ലായ്മയും

തകരാറിലായ വൃക്കകൾ വഴി പ്രോട്ടീൻ ചോർന്നു പോകുമ്പോൾ ശരീരത്തിന് ഊർജം നൽകുന്നതിന് കുറച്ച് രക്തത്തിൽ തന്നെ അവശേഷിക്കും. ക്രമേണ ഈ പ്രോട്ടീൻ നഷ്ടുപ്പെടുകയും രക്തത്തിൽ മാലിന്യം അടിഞ്ഞുകൂടുന്നത് കടുത്ത ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. ഇത് വിശ്രമിച്ചതുകൊണ്ട് പരിഹരിക്കാനാകുന്ന ഒന്നല്ല.

വിശപ്പില്ലായ്മ, ഓക്കാനം

വൃക്കകൾക്ക് ഫിൽട്ടർ ചെയ്യാനുള്ള ശേഷി നഷ്ടപ്പെടുമ്പോൾ രക്തത്തിൽ ടോക്സിനുകൾ അടിയാൻ തുടങ്ങും. ചിലരിൽ ഇത് ഓക്കാനം, ശർദ്ദി തുടങ്ങിയ ലക്ഷണങ്ങളായി പ്രാരംഭഘട്ടത്തിൽ അനുഭവപ്പെടും.

രാത്രി സമയങ്ങളിൽ അമിത മൂത്രശങ്ക

തകരാറിലായ വൃക്കകൾക്ക് ഫ്ലൂയിഡുകൾ സന്തുലിതമാക്കി നിർത്താനും ശരീരത്തിലെ മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യാനുമുള്ള ശേഷി നഷ്ടപ്പെടും. ഇത് രാത്രി സമയങ്ങളിൽ ഏപ്പോഴും മൂത്രമൊ‍ഴിക്കണമെന്ന തോന്നലുണ്ടാക്കും. നൊക്ടൂറിയ എന്നാണ് ഇതറിയപ്പെടുന്നത്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

അണുബാധക്കുള്ള സാധ്യത

രോഗപ്രതിരോധത്തിൽ വൃക്കകൾ വലിയ പങ്കു വഹിക്കുന്നു. നെഫ്രോസിസ് ഉള്ളവരിൽ പ്രോട്ടീനുകൾ നഷ്ടപ്പെടുന്നത് പ്രതിരോധ സംവിധാനത്തെ തകരാറിലാക്കും. ഇത് ശരീരത്തിൽ വേഗം അണുബാധ ഉണ്ടാകുന്നതിന് കാരണമാകും.

Tags:    
News Summary - 7 early symptoms of kidney diseases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.