ആത്മഹത്യ തടയാൻ കൂടെ നിൽക്കാം, പ്രതീക്ഷ നൽകാം....

കോവിഡ് കാലത്ത് വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമെല്ലാം ആത്മഹത്യാ വാർത്തകൾ വളരെ വർധിച്ചത് ദിനംപ്രതി കണ്ടുകൊണ്ടിരിക്കുകയാണ് നാം. കോവിഡിൽ പ്രതിസന്ധിമൂലം ആത്മഹത്യ നിരക്ക് വളരെയധികം കൂടി. തൊഴിലില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബപ്രശ്നങ്ങൾ എന്നിവയെല്ലാം കാരണങ്ങളായി കണക്കാക്കപ്പെടുന്നു. വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണത മുൻനിർത്തിയാണ് എല്ലാ വർഷവും സെപ്റ്റംബർ പത്താം തീയതി ലോകാരോഗ്യ സംഘടന ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുന്നത്. 'പ്രതീക്ഷ നൽകാം പ്രവർത്തനത്തിലൂടെ' എന്നതാണ് ഈ വർഷത്തെ ആശയം. പൊതുസമൂഹത്തിൽ ആത്മഹത്യ പ്രതിരോധിക്കുന്നതിനെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ദിനാചരണം. ആത്മഹത്യാ പ്രവണതയ്ക്കുള്ള കാരണങ്ങളും ലക്ഷണങ്ങളും മനസ്സിലാക്കാനും, ചികിത്സ എടുക്കാനുള്ള വിമുഖത ഒഴിവാക്കാനും അതിനോടൊപ്പം ആത്മഹത്യയെപ്പറ്റിയുള്ള പല മിഥ്യാധാരണകളും മാറ്റാൻ കൂടിയാണിത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വർഷത്തിൽ ഏകദേശം ഏഴ് ലക്ഷത്തിലധികം ജനങ്ങൾ ലോകമെമ്പാടും സ്വയം ജീവനൊടുക്കുന്നുണ്ട്. അതായത് ഓരോ 40 സെക്കൻഡിലും ഒരാൾ വീതം....! ചെറുപ്പക്കാരിൽ പ്രത്യേകിച്ച് 16 മുതൽ 29 വയസ്സ് വരെയുള്ളവരിൽ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് ആത്മഹത്യക്കുള്ളത്. അതിൽ ചെറിയ ശതമാനം മാത്രമാണ് ചികിത്സ തേടുന്നതും ആത്മഹത്യാ പ്രവണതയിൽ നിന്ന് മുക്തി നേടുന്നതും. അതിനാൽ ഈ കണക്കുകൾ വളരെ ഗൗരവമായി കാണേണ്ടതുണ്ട്.

മാനസിക പ്രശ്നങ്ങൾ

ആത്മഹത്യക്ക് ശ്രമിക്കുന്നവർ അഥവാ ആത്മഹത്യ ചെയ്യുന്നവരിൽ, 27% - 90% വരെ ആളുകളിലും മാനസിക രോഗം ഉള്ളതായി കരുതപ്പെടുന്നു. നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചവരിൽ വീണ്ടും അത് ചെയ്യുവാനുള്ള പ്രേരണ വർധിക്കുന്നു. മാനസിക രോഗങ്ങളിൽ പ്രധാനമായും വിഷാദരോഗം, ബൈപോളാർ ഡിസോഡർ, ലഹരി മരുന്നുകളുടെ ഉപയോഗം, ബോർഡർലൈൻ പേഴ്സണാലിറ്റി പോലുള്ള വ്യക്തി വൈകല്യങ്ങൾ എന്നിവയെല്ലാം ആത്മഹത്യയ്ക്ക് കാരണമാകാറുണ്ട്. കൂടാതെ, ജനിതക കാരണങ്ങൾ, ദീർഘകാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ, ഉറ്റവരുടെ വിയോഗം, പ്രണയ നൈരാശ്യം എന്നിവയും ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.

യുവതലമുറയെ വളരെയധികം സ്വാധീനിക്കുന്ന ഘടകമാണ് ഇൻറർനെറ്റ് / മൊബൈൽ ഫോൺ ഉപയോഗം. നല്ല വശം എന്നപോലെ ചില ദൂഷ്യവശങ്ങളും ഇതിനുണ്ട്. അമിതമായ ഉപയോഗം മൂലം ഓൺലൈൻ അഡിക്ഷൻ എന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നു. ഇത് മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം പോലെ തന്നെ ക്രമേണ നമ്മെ അടിമപ്പെടുത്തുകയും മാനസികസമ്മർദ്ദം ഉണ്ടാക്കുകയും തുടർന്ന് ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു.

സ്വയം ജീവനൊടുക്കുന്നതിന് മുമ്പുള്ള സൂചനകൾ

ആത്മഹത്യാ പ്രവണത ഒരു രോഗാവസ്ഥയാണ് എന്നും മറ്റു അസുഖങ്ങളെ പോലെ തന്നെ ചികിത്സ അനിവാര്യമാണെന്നുമുള്ള തിരിച്ചറിവ് നമുക്ക് വേണം. ഒരാൾ സ്വയം ജീവനൊടുക്കുന്നതിന് മുൻപ് പല സൂചനകൾ തരാറുണ്ട്. ഉദാഹരണമായി പെരുമാറ്റത്തിൽ പെട്ടെന്ന് മാറ്റമുണ്ടാവുക, മറ്റുള്ളവരുമായി സമ്പർക്കം കുറയുക, ഉൾവലിഞ്ഞ ജീവിതരീതി അവലംബിക്കുക, കൂടാതെ ആത്മഹത്യ ചെയ്യുമെന്ന് സംസാരത്തിലൂടെയും പ്രവൃത്തിയിലൂടെയും പ്രകടമാക്കുക, ആത്മഹത്യയെപ്പറ്റി വിശദമായി പഠിച്ച് തയാറെടുപ്പ് നടത്തുക, അമിത കോപം പ്രകടമാക്കുക, കൂടുതലായ ലഹരി ഉപയോഗം തുടങ്ങിയ പല ലക്ഷണങ്ങളും ആത്മഹത്യയ്ക്ക് മുന്നോടിയായി പ്രകടമാക്കാം. ഇത് നേരത്തെ മനസ്സിലാക്കുകയും ശരിയായ ദിശയിൽ ചികിത്സ നേടുകയും ചെയ്യ്താൽ ഒരു പക്ഷേ ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും.

കൈത്താങ്ങാവുക...

ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവർക്ക് എല്ലാവിധത്തിലുമുള്ള മാനസിക പിന്തുണ നൽകുക എന്നതാണ്. യാതൊരു മുൻവിധിയും ഇല്ലാതെ അവരുടെ വിഷമങ്ങളും പ്രയാസങ്ങളും വളരെ ക്ഷമയോടെ മനസ്സിലാക്കിയാൽ ഒരു പരിധിവരെ അവരുടെ മാനസിക സംഘർഷം ഒഴിവാക്കാൻ നമുക്ക് സാധിക്കും. കൂടാതെ, എപ്പോഴും പ്രൊഫഷണൽ സഹായം (സൈക്യാട്രിസ്റ്റ് / സൈക്കോളജിസ്റ്റ്) തേടേണ്ടത് അത്യാവശ്യമാണ്. അടിയന്തര ഘട്ടങ്ങളിൽ ആത്മഹത്യ പ്രതിരോധ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ ആശുപത്രിയിൽ നിന്ന് ചികിത്സാ സഹായം തേടാവുന്നതോ ആണ്. ഓരോ ജീവനും വിലപ്പെട്ടതാണ്. അതുകൊണ്ട് ജീവൻ നിലനിർത്തേണ്ടതും, അതിന് ആവുംവിധം സഹായം ചെയ്യുവാനും നാം ബാധ്യസ്ഥരാണ്.

ലേഖകൻ: ഡോ. സജാദ് എം. (സൈക്യാട്രിസ്റ്റ്, അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നെമ്മാറ)
Tags:    
News Summary - World Suicide Prevention Day 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.