വേഗത്തിൽ ഭക്ഷണം കഴിച്ചാൽ ദഹനം പതുക്കെയാവും!

മിക്കവരും ഒരുസമയത്തല്ലെങ്കിൽ മറ്റൊരു സമയത്ത് ധൃതിയിൽ ഭക്ഷണം കഴിച്ചിട്ടുള്ളവരായിരിക്കും. ജോലിക്ക് പോകുന്നതിന് മുമ്പുള്ള തിരക്കുള്ള പ്രഭാതഭക്ഷണം, ഡെസ്കിലിരുന്ന് കഴിക്കുന്ന ഉച്ചഭക്ഷണം, അല്ലെങ്കിൽ മറ്റ് ജോലികൾക്കിടയിൽ വേഗം കഴിക്കുന്ന അത്താഴം. ആ നിമിഷം ഇത് ദോഷകരമല്ലാത്ത ഒരു കാര്യമായി തോന്നാമെങ്കിലും നിങ്ങളുടെ വയർ അനുഭവിക്കുന്നത് നിങ്ങൾ തിരിച്ചറിയുന്നതിനേക്കാൾ വലിയ സമ്മർദ്ദമാണ്. അമിത വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ ദഹനവ്യവസ്ഥക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ ഭാരം നൽകുന്നു.

ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ സാവധാനം ഭക്ഷണം കഴിക്കുന്നത്, അതേ ഭക്ഷണം വേഗത്തിൽ കഴിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ വയറ് നിറഞ്ഞതായി വ്യത്യാസം അനുഭവപ്പെടുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. തലച്ചോറിന് സന്ദേശം നൽകാൻ സഹായിക്കുന്ന ഹോർമോണുകളാണ് പെപ്റ്റൈഡ് Y, ഗ്ലൂക്കഗോൺ-ലൈക്ക് പെപ്റ്റൈഡ്-1. ഈ രണ്ട് കുടൽ ഹോർമോണുകളുടെ അളവ് ഭക്ഷണശേഷം ഗണ്യമായി വർധിക്കുന്നതായി കണ്ടെത്തി.

അമിത വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ വയറിന് ക്രമേണ വികസിക്കാൻ സമയം ലഭിക്കുന്നതിന് മുമ്പേ വലിയ അളവിലുള്ള ഭക്ഷണം ഉള്ളിലേക്ക് എത്തുന്നു. ഈ അളവ് ഉൾക്കൊള്ളാൻ വയറിന് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയില്ല. ഇത് അസ്വസ്ഥതക്കും വയറ്റിൽ ഭാരം തോന്നുന്നതിനും കാരണമാകും. വേണ്ടത്ര ചവയ്ക്കാത്ത വലിയ കഷണങ്ങൾ വിഴുങ്ങുന്നത് വയറിനെ കൂടുതൽ കഠിനമായി പ്രവർത്തിക്കാൻ നിർബന്ധിതമാക്കുന്നു. ഈ പെട്ടെന്നുള്ള ഭാരം മൊത്തത്തിലുള്ള ദഹനത്തെ മന്ദഗതിയിലാക്കുകയും ഭക്ഷണം കഴിച്ച ഉടൻ തന്നെ കനം തോന്നുന്നതിനോ വയറുവീർക്കുന്നതിനോ കാരണമാകുകയും ചെയ്യുന്നു.

ഇതുകൂടാതെ, വയറു നിറഞ്ഞുവെന്നുള്ള സിഗ്നലുകൾ തലച്ചോറിലേക്ക് എത്താൻ വൈകുന്നു. അതുകൊണ്ടാണ് വയറ് നിറഞ്ഞതിന് ശേഷവും നിങ്ങൾ ഭക്ഷണം കഴിക്കുന്നത്. ഇത് അമിതമായി ഭക്ഷണം കഴിക്കാനും ദഹനക്കേടിനും കാരണമാകുന്നു. ഭക്ഷണം വയറ്റിൽ എത്തുന്നതിന് മുമ്പേ ദഹനപ്രക്രിയ ആരംഭിക്കുന്നുണ്ട്. ചവക്കുന്നതിലൂടെ ഭക്ഷണം വിഘടിക്കുകയും, കാർബോഹൈഡ്രേറ്റിന്റെ ദഹനം ആരംഭിക്കുന്ന എൻസൈമുകളുമായി കലരുകയും ചെയ്യുന്നു. വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ഈ ഘട്ടമാണ് ഒഴിവാകുന്നത്.

ഇങ്ങനെ വരുമ്പോൾ, വലുതും സാന്ദ്രതയേറിയതുമായ ഭക്ഷണ കഷണങ്ങളാണ് വയറ്റിലേക്ക് എത്തുന്നത്. ഇവ വിഘടിപ്പിക്കാൻ കൂടുതൽ ആസിഡുകളും, എൻസൈമുകളും, സമയവും വയറിന് ആവശ്യമായി വരുന്നു. ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഭക്ഷണം വയറ്റിൽ ആവശ്യത്തിലധികം സമയം തങ്ങുന്നതിനാൽ ഗ്യാസ്, ദഹനക്കേട് എന്നിവ അനുഭവപ്പെട്ടേക്കാം. കാലക്രമേണ, ഈ ശീലം ദീർഘകാലത്തേക്ക് നിലനിൽക്കുന്ന ദഹന സംബന്ധമായ അസ്വസ്ഥതകൾക്കും കാരണമാകും.

Tags:    
News Summary - What your stomach experiences when you eat too quickly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.