വിവിധ സാംക്രമിക രോഗങ്ങൾ, ലക്ഷണം, ചികിത്സ, പ്രതിരോധം

1. കുരങ്ങുപനി (കെ.എഫ്.ഡി)

കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി, വട്ടന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്‍റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരുന്നു.

പ്രധാന ലക്ഷണങ്ങള്‍:

ശക്തമായ പനി അല്ലെങ്കില്‍ വിറയലോടുകൂടിയ പനി, ശരീരവേദന അല്ലെങ്കില്‍ പേശിവേദന, തലവേദന, ഛര്‍ദ്ദി, കടുത്ത ക്ഷീണം, രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം, അപസ്മാരത്തോടുകൂടിയോ അല്ലാതെയോ ഉള്ള തലകറക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും വേണം.

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ കഴിവതും പോകാതിരിക്കുക.
  • വനത്തില്‍ പോകേണ്ടിവരുന്നവര്‍ ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള നീണ്ട വസ്ത്രങ്ങള്‍ ധരിക്കുക. വസ്ത്രത്തിന് പുറമെയുള്ള ശരീരഭാഗങ്ങളില്‍ ചെള്ളിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക.
  • വനത്തില്‍ നിന്ന് തിരിച്ചുവരുന്നവര്‍ ശരീരത്തില്‍ ചെള്ള് കടിച്ചിരിക്കുന്നില്ലെന്നു വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തണം.
  • ഹൈറിസ്‌ക് ഏരിയകളില്‍ രോഗപ്രതിരോധ കുത്തിവെപ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.
  • വനത്തില്‍ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളില്‍ ലഭ്യമാണ്. അവ വാങ്ങി കന്നുകാലികളുടെ ശരീരത്തില്‍ പുരട്ടുക.
  • കുരങ്ങുകള്‍ ചത്തുകിടക്കുന്നതായി കണ്ടാല്‍ വനംവകുപ്പ് അധികൃതരെയോ ആരോഗ്യപ്രവര്‍ത്തകരെയോ ഉടന്‍ വിവരം അറിയിക്കുക.
  • കടുത്ത തലവേദന, ക്ഷീണം എന്നിവയോടുകൂടിയ പനിയുള്ളവര്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടുക. വനത്തില്‍ പോയവര്‍ അക്കാര്യം ഡോക്ടറോട് പറയാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

2. സ്‌ക്രബ് ടൈഫസ്

ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് സ്‌ക്രബ് ടൈഫസ്. ഭഓറിയെന്റാ സുട്സുഗാമുഷി' എന്നാന്ന് ഈ ബാക്ടീരിയയുടെ പേര്. ചെള്ള് കടിക്കുന്നതിലൂടെയാണ് രോഗമുണ്ടാകുന്നത്. മനുഷ്യരുടെയും മറ്റു ജീവികളുടെയും രക്തം കുടിച്ചാണ് ഈ ചെള്ളുകള്‍ ജീവിക്കുന്നത്. രക്തപാനത്തിനായി ചെള്ളുകള്‍ മനുഷ്യരെ കടിക്കുമ്പോള്‍ ചെള്ളുകളുടെ ശരീരത്തില്‍ നിന്ന് മനുഷ്യരിലേക്ക് ബാക്റ്റീരിയ പ്രവേശിക്കുന്നു. പ്രധാനമായും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഗ്രാമപ്രദേശങ്ങളിലാണ് സ്‌ക്രബ് ടൈഫസ് കൂടുതല്‍ കാണുന്നത്. ഇന്തോനേഷ്യ, ചൈന, കൊറിയ, ജപ്പാന്‍, തൈവാന്‍, ഇന്ത്യ, പാക്കിസ്ഥാന്‍, തായ്ലണ്ട് എന്നീ രാജ്യങ്ങളാണ് ലോകത്തെ പ്രധാന സ്‌ക്രബ് ടൈഫസ് ബാധിത പ്രദേശങ്ങള്‍. വളരെ സങ്കീര്‍ണമാകാവുന്ന ഈ രോഗം രോഗിയുടെ മരണത്തിനു വരെ കാരണമായേക്കും. അതിനാല്‍ ലക്ഷണങ്ങളെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചും അറിയേണ്ടത് ആവശ്യമാണ്.

ലക്ഷണങ്ങള്‍

വിറയലോടുകൂടിയ പനി, ശരീരവേദന, തൊണ്ടവേദന, ചുമ, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ശരീരത്തിലെ ലസികാ ഗ്രന്ഥികളുടെ വീക്കം, ചര്‍മ്മത്തില്‍ ചുവന്ന തിണര്‍പ്പുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.


ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന പനിയാണ് സ്‌ക്രബ് ടൈഫസിന്‍റെ പ്രത്യേകത. ചികിത്സിക്കാതിരുന്നാല്‍ 2 മുതല്‍ 3 ആഴ്ച വരെ അത് നീണ്ടുനില്‍ക്കാം. രോഗം ഗുരുതരമായാല്‍ ശരീരത്തിലെ വിവിധ അവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകും. ശ്വാസകോശങ്ങളില്‍ ന്യുമോണിയ, ഹൃദയത്തിന്‍റെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ട് നീരുകെട്ടല്‍, ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ ശേഷി നഷ്ടപ്പെടല്‍, രക്തചംക്രമണം നിശ്ചലമാകല്‍, നാഡീവ്യവസ്ഥയുടെ തകര്‍ച്ച എന്നിങ്ങനെ അതീവ ഗുരുതരമായ അവസ്ഥകള്‍ സംജാതമാകുന്നു. മൂന്നാമത്തെ ആഴ്ച്ചയോടു കൂടി ഇവയെല്ലാം രോഗിയുടെ മരണത്തില്‍ കലാശിക്കുകയും ചെയ്യും.

ശരിയായ സമയത്ത് വൈദ്യസഹായം തേടാത്തവരിലും സ്വയംചികിത്സയുമായി കഴിയുന്നവരിലുമാണ് ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നത്. ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന രോഗമാണെങ്കിലും രോഗസാധ്യത തുടക്കത്തില്‍ തന്നെ സംശയിക്കാന്‍ കഴിഞ്ഞാല്‍ വളരെ വേഗം ഫലപ്രദമായി ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയുന്ന രോഗമാണ് സ്‌ക്രബ് ടൈഫസ് എന്ന് എല്ലാവരും തിരിച്ചറിയണം.

ചികിത്സ

ഡോക്സിസൈക്ലിന്‍ എന്ന ആന്‍റിബയോട്ടിക്കാണ് സ്‌ക്രബ് ടൈഫസിന്‍റെ ചികിത്സക്കായി ഉപയോഗിക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഈ മരുന്ന് നല്‍കാവുന്നതാണ്. കുട്ടികള്‍ക്ക് ഈ ഔഷധം ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ ആശങ്ക ആവശ്യമില്ല. ഈ ഔഷധം നല്‍കുമ്പോള്‍ ഭൂരിപക്ഷം രോഗികളിലും 48 മണിക്കൂറിനുള്ളില്‍ തന്നെ രോഗം കുറഞ്ഞു തുടങ്ങതായി കാണാന്‍ കഴിയും. അസിട്രോമൈസിന്‍ പോലെയുള്ള ആന്‍റിബയോട്ടിക്കുകയും ഫലപ്രദമാണ്.

രോഗപ്രതിരോധം

ഈ രോഗത്തിനെതിരെ വാക്സിന്‍ ലഭ്യമല്ല. ചെള്ളുകളുടെ കടി ഏല്‍ക്കാതിരിക്കാന്‍ പാകത്തില്‍ ചെള്ളുകളെ തുരത്താന്‍ സഹായിക്കുന്ന പേപനങ്ങള്‍ പുരട്ടുക, കൈകാലുകള്‍ മറയുന്ന വിധം വസ്ത്രം ധരിക്കുക എന്നിവയാണ് ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍. പനി സ്വയം ചികിത്സിക്കാതെ തുടക്കത്തില്‍ തന്നെ വൈദ്യ ഉപദേശം തേടുക എന്നതാണ് പ്രധാനം.

3. ഡെങ്കിപ്പനി

ഈഡിസ് കൊതുക് മൂലം പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പകല്‍സമയങ്ങളിലാണ് ഇത്തരം കൊതുകുകള്‍ കടിക്കുന്നത്. വൈറല്‍ പനി പോലെ വന്നുപോകാവുന്ന രോഗമാണെങ്കിലും സങ്കീര്‍ണമായാല്‍ രക്തസ്രാവം ഉണ്ടാവുകയും മരണകാരണമാവുകയും ചെയ്യുന്ന രോഗമാണ് ഡെങ്കിപ്പനി. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ ഡെങ്കിപ്പനി ബാധിക്കുന്നതു തടയാം.

രോഗലക്ഷണങ്ങള്‍

കടുത്ത പനി, വിറയല്‍, ശരീരത്തില്‍ ചുവന്ന പാടുകള്‍, പ്ലേറ്റ്ലെറ്റ് കുറയുന്ന അവസ്ഥ, ശരീരത്തില്‍ നിന്നുള്ള രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങൾ.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

  • കൊതുക് കടിയേല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക, കൊതുക് വല ഉപയോഗിക്കുക.
  • വീടുകളും ഓഫിസുകളും കൊതുക് കടക്കാത്ത വിധം അടച്ചിടുക. ജനലുകളില്‍ നെറ്റ് സ്ഥാപിക്കുക.
  • കൂത്താടികള്‍ പെറ്റുപെരുകാതിരിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ കെട്ടിക്കിടക്കുന്ന വെള്ളം ചോര്‍ത്തിക്കളയണം. ഡ്രൈഡേ ആചരിക്കുക. ഓടകള്‍ വൃത്തിയാക്കുക.
  • നന്നായി വേവിച്ചതും ചൂടുള്ളതുമായ സമീകൃതാഹാരം കഴിക്കുക. പഴങ്ങളും ഇലക്കറികളും ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക.

4. നിപ

വൈറസ് മൂലം പകരുന്ന പ്രത്യേകയിനം പനിയാണ് നിപ വൈറസ് പനി. ഇത് പൊതുവെ വവ്വാലിന്‍റെ മലമൂത്ര വിസര്‍ജ്യങ്ങളിലും സ്രവങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലും കൂടിയാണ് പകരുന്നത്.


സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

  • കടിയേറ്റതോ, പൊട്ടലോ, പോറലോ ഉള്ളതായ പഴങ്ങള്‍ ഒഴിവാക്കുക.
  • തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കരുത്.
  • പനി ലക്ഷണമുള്ളവര്‍ കുടുംബാംഗങ്ങളുമായോ, പൊതുജനങ്ങളുമായോ ഉള്ള സമ്പര്‍ക്കം ഒഴിവാക്കുക.
  • പനി മാറുന്നതു വരെ പൂര്‍ണ വിശ്രമം എടുക്കുക.
  • രോഗപ്രതിരോധ ശക്തി വീണ്ടെടുക്കുന്നതിന് ധാരാളം പോഷകാഹാരങ്ങളും വൈറ്റമിന്‍ സി അടങ്ങിയ പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
  • രോഗിയെ പരിചരിക്കുന്നവര്‍ നിരന്തരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിക്കുക.
  • രോഗി ഉപയോഗിച്ച സാധനസാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക.
  • വസ്ത്രങ്ങള്‍ പ്രത്യേകം വൃത്തിയായി കഴുകിയെടുത്ത് വെയിലത്ത് ഉണക്കി ഉപയോഗിക്കണം.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും അടച്ചുപിടിക്കണം.

5. എലിപ്പനി

എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളിലൂടെയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.

രോഗ ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം.

പ്രതിരോധം പ്രധാനം

  • മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ കൈയുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
  • വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.
  • കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല
  • എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്‍റെ രണ്ട് ഗുളിക) കഴിച്ചിരിക്കേണ്ടതാണ്.
  • എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം.
  • യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

6. കോളറ

വിബ്രിയോ കോളറ എന്ന് നാമകരണം ചെയ്ത, മനുഷ്യമലത്തിലും വെള്ളത്തിലും ജീവിക്കുന്ന ബാക്ടീരിയ ആണ് രോഗഹേതു. സാധാരണ അന്തരീക്ഷത്തില്‍ സൂര്യപ്രകാശം ഏറ്റാല്‍ തന്നെ മണിക്കൂറുകള്‍ക്കകം കോളറ അണുക്കള്‍ നശിക്കും. ബ്ലീച്ചിങ് പൗഡര്‍, കോള്‍ടാര്‍ സംയുക്തങ്ങള്‍, ഫിനോള്‍ എന്നിവയൊക്കെ കോളറ അണുക്കളെ നശിപ്പിക്കും. സാധാരണ മനുഷ്യശരീരത്തിന് പുറത്ത് ഒരു ആഴ്ചയില്‍ താഴെ മാത്രം ആയസ്സുള്ള കോളറ അണുക്കള്‍ ക്ഷാരഗുണമുള്ള പരിസ്ഥിതിയിലും (മണ്ണ്, വെള്ളം), ഉപ്പുകലര്‍ന്ന വെള്ളത്തിലും (കടല്‍ജലം), താപനില ഉയര്‍ന്ന വെള്ളത്തിലും കൂടുതല്‍ നാള്‍ ജീവിക്കും.


രോഗപ്പകര്‍ച്ച

രോഗിയുടെ മലത്തിലൂടെ വിസര്‍ജിക്കപ്പെടുന്ന അണുക്കള്‍ വെള്ളം, ഭക്ഷണം വഴിയോ നേരിട്ടോ മറ്റൊരാളിന്‍റെ വയറ്റില്‍ എത്തുമ്പോഴാണ് രോഗം പകരുന്നത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും പിടിപെടുന്ന കോളറ 90 ശതമാനം പേരിലും സാധാരണ വയറിളക്ക രോഗലക്ഷണങ്ങള്‍ കാണിക്കുകയും 10 ശതമാനം പേരില്‍ രോഗം തീവ്രമാവുകയും ചെയ്യാം. ശക്തിയായ വയറിളക്കവും തുടര്‍ന്ന് ഛര്‍ദ്ദിയുമുണ്ടാകാം. ജലാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുന്ന രോഗിക്ക് നിര്‍ജ്ജലീകരണം കാരണം കണ്ണുകള്‍ കുഴിയിലായി, കവിളൊട്ടി, തൊലി ചുളിയുകയും ചെയ്യും. തുടര്‍ന്ന് ശരീര താപനില താഴുകയും നാഡീമിടിപ്പിന് വേഗത കൂടുകയും രക്തസമ്മര്‍ദ്ദം കുറയുകയും മൂത്രമില്ലാതാവുകയും രോഗി അബോധാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു. ചികിത്സ ലഭിച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ രോഗി മരിക്കാനും സാധ്യതയുണ്ട്.

ചികിത്സ

വയറിളക്കം രോഗലക്ഷണമായതിനാല്‍ പ്രധാന ചികിത്സ ശരീരത്തിലെ ലവണ-ജലാംശങ്ങള്‍ വീണ്ടെടുക്കുകയാണ്. ഒ.ആര്‍.എസ് ലായനി, വീട്ടില്‍ തയ്യാറാക്കാവുന്ന പഞ്ചസാര-ഉപ്പുലായനി, കഞ്ഞിവെള്ളം ഇവ നല്‍കാം. രോഗം തീവ്രമായവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി ഞരമ്പുകളിലൂടെ ലായനി കൊടുക്കണം. കോളറ രോഗികള്‍ക്കായി പ്രത്യേക വാര്‍ഡുകളും കക്കൂസുകളും ആവശ്യത്തിന് ശുചിത്വജല വിതരണ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.

പ്രതിരോധിക്കാം

ശുദ്ധജലം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ക്ലോറിനേഷന്‍ ചെയ്ത കുടിവെള്ളം എത്തിക്കാന്‍ സംവിധാനം വേണം. ബക്കറ്റില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിക്കാന്‍ ക്ലോറിന്‍ ഗുളികകള്‍ ഉപയോഗിക്കുക (20 ലിറ്ററിന് ഒരു ഗുളിക വീതം). കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.

പുഴകളുടെയോ തോടുകളുടെയോ കരകളിലോ വെളിമ്പ്രദേശങ്ങളിലോ പോകാതെ കക്കൂസുകളില്‍ മാത്രം മലവിസര്‍ജനം നടത്തുക. കക്കൂസുകള്‍ ശുദ്ധജല സ്രോതസ്സുകളില്‍ നിന്ന് നിശ്ചിത അകലത്തിലായിരിക്കണം. ശൗചത്തിന് ശേഷം കൈകള്‍ സോപ്പിട്ട് കഴുകണം.

തുറന്നിട്ടതും പഴകിയതുമായ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്ന, വില്‍ക്കുന്ന, പാചകം ചെയ്യുന്ന സ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുകള്‍ ഉപയോഗിക്കുന്നതിനു മുമ്പ് ശരിയായി കഴുകുക.

Tags:    
News Summary - Various infectious diseases, symptoms, treatment and prevention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.