കുട്ടികളിലെ പൊണ്ണത്തടി രാജ്യത്തെ വർധിച്ചു വരുന്ന ആശങ്കകളിലൊന്നാണ്. അസന്തുലിതമായ ഭക്ഷണം, വ്യായാമക്കുറവ് എന്നിങ്ങനെ പല കാരണങ്ങളാണ് ഇതിന് പിന്നിൽ. കുട്ടികളിലെ പൊണ്ണത്തടിക്ക് അവർ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട്. മിക്ക കുട്ടികളും അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. ഇവയിൽ ഉയർന്ന അളവിൽ ഫ്രക്ടോസ് കോൺ സിറപ്പ്, ഹൈഡ്രജനേറ്റഡ് ഓയിലുകൾ, പ്രിസർവേറ്റീവുകൾ, കൃത്രിമ ഫ്ലേവറുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. അമിതമായി രുചികരമായ ഇത്തരം ഭക്ഷണങ്ങൾ ചെറുപ്രായത്തിലേ പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവക്ക് കാരണമാകും. ദി ലാൻസെറ്റ് അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഈ വസ്തുത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 43 ആഗോള വിദഗ്ധർ രചിച്ച റിപ്പോർട്ട് അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടുന്നു.
ലാൻസെറ്റ് പരമ്പര മുന്നറിയിപ്പ് നൽകുന്ന അൾട്രാ പ്രോസസ് ഭക്ഷണങ്ങളുടെ വർധനവിന് ഇന്ത്യയും സാക്ഷ്യം വഹിക്കുകയാണ്. പഠനത്തിന്റെ സഹ-രചയിതാവും ന്യൂട്രീഷൻ അഡ്വക്കസി ഫോർ പബ്ലിക് ഇന്ററസ്റ്റ് കൺവീനറും പ്രധാനമന്ത്രിയുടെ കൗൺസിൽ ഓൺ ഇന്ത്യാസ് ന്യൂട്രീഷൻ ചലഞ്ചസിന്റെ മുൻ അംഗവുമായ ഡോ. അരുൺ ഗുപ്ത പറയുന്നത് ഇങ്ങനെ; 'വലിയ മാർക്കറ്റിങ്, പരസ്യ കാമ്പെയ്‌നുകൾ എന്നിവയിൽ ആകൃഷ്ടരായി ആളുകൾ പരമ്പരാഗത ഭക്ഷണങ്ങൾക്കു പകരം അൾട്രാ-പ്രോസസ്ഡ് ഭക്ഷ്യ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് വർധിച്ചുവരുന്നു. എന്നാൽ, അൾട്രാ-പ്രോസസ്ഡ് ഭക്ഷണ ഉപഭോഗത്തെക്കുറിച്ച് ഇന്ത്യയുടെ പക്കൽ കൃത്യമായ ഡാറ്റയില്ല. മാർക്കറ്റിങ് നിയന്ത്രിക്കുന്നതിന് നമ്മുടെ നിയന്ത്രണങ്ങൾ ഫലപ്രദവുമല്ല. വരും വർഷങ്ങളിൽ പൊണ്ണത്തടിയും പ്രമേഹവും തടയാൻ നടപടിയെടുക്കാനും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം കുറക്കാനും ഇന്ത്യ ഉടനടി നടപടിയെടുക്കണം. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾക്ക് ഇന്ത്യ ശക്തമായ മാനദണ്ഡങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്'.
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നത് ഒന്നിലധികം വ്യാവസായിക പ്രക്രിയകളിലൂടെ കടന്നുപോകുന്നവയാണ്. ഇതിൽ സ്വാഭാവിക ഘടകങ്ങൾ വളരെ കുറവായിരിക്കും. പകരം ആഡിറ്റീവുകൾ, പ്രീസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, കൃത്രിമ സുഗന്ധങ്ങൾ, എമൾസിഫയർസ് തുടങ്ങിയവ കൂടുതലായിരിക്കും. ഇത്തരം ഭക്ഷണത്തിൽ ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കും. കൂടാതെ ദീർഘനേരം സൂക്ഷിക്കാൻ സൗകര്യപ്രദമായ രീതിയിലായിരിക്കും ഇവ രൂപകൽപന ചെയ്‌തിരിക്കുന്നത്. ശീതളപാനീയങ്ങൾ, ചിപ്‌സ്, ചോക്ലേറ്റ്, മിഠായി, ഐസ്‌ക്രീം, മധുരമുള്ള പ്രഭാതഭക്ഷണ ധാന്യങ്ങൾ, പായ്ക്ക് ചെയ്ത സൂപ്പുകൾ, ചിക്കൻ നഗ്ഗറ്റുകൾ, ഹോട്ട്‌ഡോഗുകൾ, ഫ്രൈകൾ, റെഡി-ടു-ഹീറ്റ് ഭക്ഷണങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
ഇന്ത്യയിലെ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ചില്ലറ വിൽപന 2006ൽ 0.9 ബില്യൺ ഡോളർ ആയിരുന്നത് 2019ൽ ഏകദേശം 38 ബില്യൺ ഡോളറായി ഉയർന്നു. 40 മടങ്ങ് വർധനയാണ് ഉണ്ടായത്. ഇതേ കാലയളവിൽ ഇന്ത്യയിൽ പൊണ്ണത്തടി ഇരട്ടിയായി എന്നാണ് റിപ്പോർട്ട്. 2023ലെ ഐ.സി.എം.ആർ-ഇൻഡിയബ് ഡാറ്റ പ്രകാരം, ഇന്ത്യയിൽ നാലിൽ ഒരാൾക്ക് (28.6 ശതമാനം) പൊണ്ണത്തടിയും പത്തിൽ ഒരാൾക്ക് (11.4 ശതമാനം) പ്രമേഹവും ഏഴിൽ ഒരാൾക്ക് (15.3 ശതമാനം) പ്രീ ഡയബറ്റിസും ഉണ്ടെന്നാണ് കണക്ക്. നാഷനൽ ഫാമിലി ഹെൽത്ത് സർവേ (എൻ.എഫ്.എച്ച്.എസ്) ഡാറ്റ പ്രകാരം, 2016 നും 2019-21 നും ഇടയിൽ കുട്ടികളിലെ പൊണ്ണത്തടി ഭയാനകമായ നിരക്കിൽ (2.1 മുതൽ 3.4 ശതമാനം വരെ) വർധിച്ചുകൊണ്ടിരിക്കുകയാണ്.
അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദം, വിഷാദം, ഹൃദയം, വൃക്ക, ദഹനനാള രോഗങ്ങൾ, അകാല മരണം എന്നിവയുൾപ്പെടെ 12 ആരോഗ്യ അവസ്ഥകൾക്കുള്ള സാധ്യത അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ വർധിപ്പിക്കുന്നുണ്ട്. ഇത്തരം ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് വിസറൽ ഒബിസിറ്റിക്ക് എങ്ങനെ കാരണമാകുമെന്ന് മുംബൈ ആസ്ഥാനമായുള്ള ബാരിയാട്രിക്, ലാപ്രോസ്കോപ്പിക് സർജനായ ഡോ. അപർണ ഗോവിൽ ഭാസ്‌കർ പറയുന്നു. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രതിദിനം കുറഞ്ഞത് 500 കലോറി കൂടുതലായി ലഭിക്കും. ഇവ വയറിനു ചുറ്റുമുള്ള കൊഴുപ്പായി മാറുന്നു. നിർഭാഗ്യവശാൽ ഇത് വിസറൽ ഒബിസിറ്റിക്ക് കാരണമാകും. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇത്തരം ജനപ്രിയ ഭക്ഷണങ്ങൾ എങ്ങനെ ദോഷകരമാകുമെന്നതിനെക്കുറിച്ചുള്ള അവബോധത്തിന്റെ അഭാവമുണ്ടെന്ന് അവർ പറയുന്നു.
'രാജ്യത്തെ ആധുനിക ഭക്ഷ്യ സമ്പ്രദായം അനാരോഗ്യകരമായ ഭക്ഷണക്രമം രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വലിയ തോതിലുള്ള മാർക്കറ്റിങ്, സെലിബ്രിറ്റി അംഗീകാരങ്ങൾ, പ്രൊമോഷനൽ തന്ത്രങ്ങൾ എന്നിവയിലൂടെ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ വ്യാപകമായ ഉപഭോഗത്തെ അത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. റീട്ടെയിൽ ഷോപ്പ് ഷെൽഫുകളിൽ ഇപ്പോൾ മുൻകൂട്ടി പാക്കേജുചെയ്ത ഭക്ഷണപാനീയ ഉൽപന്നങ്ങളായ നംകീൻസ്, നൂഡിൽസ്, ബിസ്കറ്റ്, പഞ്ചസാര ചേർത്ത പാനീയങ്ങൾ, ചിപ്സ്, പ്രഭാതഭക്ഷണ ധാന്യങ്ങൾ, എന്നിവ ആധിപത്യം പുലർത്തുന്നു' -ഡോക്ടർ അരുൺ ഗുപ്ത കൂട്ടിച്ചേർക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങളും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് പ്രചാരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എല്ലാ സംസ്കരണവും മോശമല്ലെന്നും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കൃത്രിമമായി നിർമിക്കപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വ്യത്യാസം എല്ലാവരിലും എത്തിച്ചേരണമെന്ന് ഗുപ്ത പറയുന്നു.
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ പൊണ്ണത്തടിയെ വർധിപ്പിക്കുന്നുവെന്ന് പി.എച്ച്.എഫ്.ഐ പബ്ലിക് ഹെൽത്ത് സയൻസസ് സർവകലാശാലയുടെ ചാൻസലർ പ്രൊഫ. കെ. ശ്രീനാഥ് റെഡ്ഡി പറയുന്നു. നാരുകൾ ഭക്ഷിക്കുന്ന കുടൽ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയെ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ ഇല്ലാതാക്കുന്നു. ഇതിൽ ചെറുകുടലിൽ നിന്ന് പുറത്തുവരുന്ന, സ്വാഭാവികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ജിഎൽപി-1 ഹോർമോണിന്റെ ഉത്പാദനം കുറക്കുകയും പാൻക്രിയാസിനെ ഇൻസുലിൻ പുറത്തുവിടാൻ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറയുന്നു. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾക്ക് ഇന്ത്യ ശക്തമായ നിയന്ത്രണ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് പ്രൊഫസർ റെഡ്ഡി ഊന്നിപ്പറഞ്ഞു. പാക്കറ്റിലെ ലേബലുകളുടെ മുൻവശത്ത് തന്നെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിനെക്കുറിച്ച് ഉപഭോക്താക്കളെ വ്യക്തമായി അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
പായ്ക്ക് ചെയ്ത ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, ഉപ്പ്, പഞ്ചസാര, മറ്റ് പോഷകങ്ങൾ എന്നിവയുടെ അളവ് ലേബലിൽ കാണിക്കുക മാത്രമല്ല, അത് എത്രത്തോളം ആരോഗ്യകരമാണെന്ന് അടിസ്ഥാനമാക്കി ചുവപ്പ്, ഓറഞ്ച് അല്ലെങ്കിൽ പച്ച നിറങ്ങളിൽ നിറം നൽകുകയും ചെയ്യുന്ന ലേബലിങ് വേണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഉൽപ്പന്നം എത്രത്തോളം ആരോഗ്യകരമാണെന്ന് അടിസ്ഥാനമാക്കി സ്റ്റാർ റേറ്റിങ്ങും അവർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.