രാത്രി വൈകി തല കുളിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും!

രാത്രി വൈകിയുള്ള കുളിയെക്കുറിച്ച് പലരിലും പല അഭിപ്രായങ്ങളുണ്ട്. ആരോഗ്യപരമായി നോക്കിയാൽ, ഇത് എല്ലാവർക്കും ദോഷകരമാണെന്ന് പറയാനാകില്ല. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. ആരോഗ്യവാനായ ഒരാൾക്ക് രാത്രിയിലെ കുളി ദോഷകരമല്ല. എന്നാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ വിട്ടുമാറാത്ത ജലദോഷമോ ഉള്ളവർ രാത്രിയിൽ തല നനച്ച് കുളിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്നത് ദഹനപ്രക്രിയയെ പതുക്കെയാക്കാൻ സാധ്യതയുണ്ട്. അതിനാൽ അത്താഴത്തിന് മുമ്പോ അല്ലെങ്കിൽ ആഹാരം കഴിഞ്ഞ് കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷമോ കുളിക്കുന്നതാണ് ഉചിതം. രാത്രിയിലെ കുളി പലർക്കും ഒരു ഉന്മേഷമാണെങ്കിലും അശ്രദ്ധമായി ചെയ്താൽ അത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഗുണങ്ങൾ

നല്ല ഉറക്കം ലഭിക്കുന്നു: ഇളം ചൂടുവെള്ളത്തിലുള്ള കുളി ശരീരത്തെ റിലാക്സ് ചെയ്യിക്കാനും പേശികളിലെ സമ്മർദം കുറക്കാനും സഹായിക്കും. ഇത് ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിൻ ഹോർമോണിന്റെ ഉത്പാദനം കൂട്ടി ആഴത്തിലുള്ള ഉറക്കം പ്രധാനം ചെയ്യുന്നു.

ശരീരശുദ്ധി: പകൽ മുഴുവൻ പുറത്തുനിന്ന് വായുവിൽ കലർന്ന അഴുക്കും ബാക്ടീരിയകളും ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ രാത്രിയിലെ കുളി സഹായിക്കുന്നു. ഇത് മുഖക്കുരുവും ചർമരോഗങ്ങളും തടയുന്നു.

മാനസിക സമ്മർദം കുറയുന്നു: ജോലിയും തിരക്കും കഴിഞ്ഞു വരുന്ന ഒരാൾക്ക് രാത്രിയിലെ കുളി നല്ലൊരു 'സ്ട്രെസ് ബസ്റ്റർ' ആണ്. ഇത് മനസ്സിന് ഉന്മേഷവും ശാന്തതയും നൽകുന്നു.

രക്തയോട്ടം വർധിപ്പിക്കുന്നു: ചൂടുവെള്ളത്തിലെ കുളി പേശികളിലെ വലിമുറുക്കം കുറക്കുകയും ശരീരത്തിലെ രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു.

അലർജിയിൽ നിന്ന് മുക്തി: പുറത്തുപോകുമ്പോൾ വസ്ത്രത്തിലും മുടിയിലും പറ്റുന്ന പൂമ്പൊടി, പൊടിപടലങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിലൂടെ രാത്രിയിലുണ്ടാകുന്ന തുമ്മലും അലർജിയും കുറക്കാം.

ശ്രദ്ധിക്കേണ്ടവ

നീർക്കെട്ടും കഫക്കെട്ടും: സൈനസ് പ്രശ്നമുള്ളവർക്കോ പനി, ജലദോഷം എന്നിവക്ക് സാധ്യതയുള്ളവർക്കോ രാത്രി വൈകിയുള്ള കുളി ദോഷകരമാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് തല നനച്ച് കുളിക്കുമ്പോൾ

മുടി ഉണങ്ങാത്തത്: രാത്രി തല കുളിച്ചാൽ മുടി പെട്ടെന്ന് ഉണങ്ങില്ല. നനഞ്ഞ മുടിയുമായി ഉറങ്ങുന്നത് തലയോട്ടിയിൽ ഫംഗസ് ബാധ ഉണ്ടാകാനും മുടി കൊഴിച്ചിലിനും കാരണമാകും

സന്ധിവേദന: വാതം പോലെയുള്ള അസുഖങ്ങളുള്ളവർക്ക് തണുത്ത വെള്ളത്തിലുള്ള രാത്രി കുളി സന്ധിവേദന വർധിപ്പിച്ചേക്കാം

ഇളം ചൂടുവെള്ളം ഉപയോഗിക്കുക: ശരീരോഷ്മാവിനോട് ചേന്നുനിൽക്കുന്ന വെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം

തല നന്നായി ഉണക്കുക: രാത്രി കുളിക്കുകയാണെങ്കിൽ തലമുടി നന്നായി ഉണക്കിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കിടക്കുക

സമയം: ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കുളിക്കുന്നതിനേക്കാൾ 1-2 മണിക്കൂർ മുമ്പ് കുളിക്കുന്നതാണ് നല്ലത്

Tags:    
News Summary - Do you take a shower late at night?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.